ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍-മാഞ്ചസ്റ്റര്‍ സിറ്റി ആവേശകരമായ മത്സരം 3-3 എന്ന ത്രില്ലര്‍ സ്‌കോറില്‍ അവസാനിച്ചു. ആറ് ഗോള്‍ കണ്ട മത്സരത്തില്‍ സ്പര്‍സ് സൂപ്പര്‍ താരം സണ്‍ ഹ്യുങ് മിനിറ്റിനെ തേടി ഒരു റെക്കോഡ് നേട്ടം എത്തിയിരിക്കുകയാണ്.
മത്സരത്തില്‍ ടോട്ടന്‍ഹാമിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് സണ്‍ ആയിരുന്നു. മത്സരത്തിന്റെ ആറാം മിനിട്ടിലായിരുന്നു താരം ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ഒരു ഓണ്‍ ഗോളിലൂടെ സണ്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലീഡ് നേടികൊടുത്തു. മത്സരത്തില്‍ സ്വന്തം ടീമിന് വേണ്ടിയും എതിര്‍ ടീമിന് വേണ്ടിയും സ്‌കോര്‍ ചെയ്യാന്‍ സണ്ണിന് സാധിച്ചു.
ഇതിന് പിന്നാലെ ചരിത്രപരമായ ഒരു നേട്ടത്തിലെത്തിയിരിക്കുകയാണ് സണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ മത്സരം തുടങ്ങി ആദ്യ പത്ത് മിനിട്ടിനുള്ളില്‍ ഒരു ഗോളും ഒരു ഓണ്‍ ഗോളും സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമായി മാറാന്‍ സണ്ണിന് സാധിച്ചു. ആദ്യ ഗോള്‍ നേടിയതിനുശേഷം 137 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് സണ്‍ ഓണ്‍ ഗോള്‍ നേടിയത്. ഇതിന് മുമ്പ് ഈ നേട്ടത്തിയെത്തിയ ആദ്യ താരം ഇംഗ്ലണ്ട് മുന്‍ താരം ഗാരത് ബാരി ആയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ ആറാം മിനിട്ടിലും ഒമ്പതാം മിനിട്ടിലും സണ്‍ നേടിയ ഗോളുകളിലൂടെ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
എന്നാല്‍ 31ാം മിനിട്ടില്‍ ഇംഗ്ലണ്ട് യുവതാരം ഫില്‍ ഫോഡനിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സിറ്റി 2-1ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 69ാം മിനിട്ടില്‍ ജിയോവാനി ലോ സെല്‍സോയുടെ ഗോളിലൂടെ ടോട്ടന്‍ഹാമിനെ വീണ്ടും മത്സരത്തില്‍ ഒപ്പം എത്തിച്ചു.
81ാം മിനിട്ടില്‍ ജാക്ക് ഗ്രീലിഷിലൂടെ സിറ്റി മൂന്നാം ഗോള്‍ നേടി. എന്നാല്‍ മത്സരത്തിന്റെ 90 മിനിട്ടില്‍ ഡെജന്‍ കുലുസെവ്‌സ്‌കിയിലൂടെ സ്പര്‍സ് മറുപടി ഗോള്‍ നേടുകയായിരുന്നു.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-3 എന്ന നിലയില്‍ ഇരുടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.
സമനിലയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി 14 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം 14 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് സ്പര്‍സ്.
Content Highlight: Son heung min second player in Premier League history to score a goal and own goal in the opening 10 minutes of a game.