ന്യൂ ഇയര്‍ ഡേയിലെ മിന്നും പ്രകടനം; 2023ല്‍ ഹാലണ്ടിന് പിന്നില്‍ ഇവന്‍ മാത്രം
Football
ന്യൂ ഇയര്‍ ഡേയിലെ മിന്നും പ്രകടനം; 2023ല്‍ ഹാലണ്ടിന് പിന്നില്‍ ഇവന്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st January 2024, 9:22 am

2023ലെ അവസാന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വിജയം. ബേണ്‍മൗത്തിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്പര്‍സ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോട്ടന്‍ഹാം താരം സണ്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു.

ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരം എന്ന നേട്ടമാണ് സണ്‍ സ്വന്തം പേരില്‍ ആക്കി മാറ്റിയത്. 20 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും അഞ്ചു അസിസ്റ്റുകളും ആണ് സണ്‍ നേടിയത്. സണ്ണിന്റെ മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ട് മാത്രമാണുള്ളത്. 14 ഗോളുകളാണ് നോര്‍വീജിയന്‍ താരം നേടിയിട്ടുള്ളത്.

മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ പാപ്പേ മത്താര്‍ സാറിലൂടെയാണ് ടോട്ടന്‍ഹാം ഗോളടിമേളക്ക് തുടക്കം കുറിച്ചത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്പര്‍സ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 71ാം മിനിട്ടില്‍ ആയിരുന്നു സണ്ണിന്റെ ഗോള്‍ പിറന്നത്. 80ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം റീചാര്‍ലിസണും ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ടോട്ടന്‍ഹാം സ്വന്തമാക്കുകയായിരുന്നു. അലക്‌സ് സ്‌കോട്ടിയുടെ വകയായിരുന്നു ബേണ്‍ മൗത്തിന്റെ ആശ്വാസഗോള്‍.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 12 വിജയവും മൂന്ന് സമനിലയും അഞ്ചു തോല്‍വിയും അടക്കം 39 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടല്‍ ഹാം.

എഫ്.എ കപ്പിൽ ജനുവരി ആറിന് ബേണ്‍ലിയുമായാണ് സ്പര്‍സിന്റെ അടുത്ത മത്സരം.

Content Highlight: Son heung min continues his best performance in English Premiere League.