നോയിഡ: 285 കോടി രൂപയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ മരണപ്പെട്ട അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി വരുത്തിത്തീർത്ത് മുംബൈക്കാരായ മകനും ഭാര്യയും. സുനിൽ ഗുപ്ത, ഭാര്യ രാധ,മകൻ അഭിഷേക് എന്നിവരടങ്ങിയ കുടുംബമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയതായി കാണിച്ച് ഇയാളുടെ സഹോദരൻ വിജയ് ഗുപ്തയാണ് നോയിഡ പോലീസിൽ പരാതി നൽകിയത്.
Also Read ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി
സുനിൽ ഗുപ്‌തയെയും ഭാര്യയെയും മകനെയും മുംബൈയിലെ പോവായിലെ ഹീരാനന്ദാനി ഗാർഡൻസിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കി. ജില്ലാ കോടതി നിർദ്ദേശിച്ചതനുസരിച്ച് ഇവർക്ക് നേരെ പോലീസ് എഫ്.ഐ.ആർ. റെജിസ്റ്റർ ചെയ്തു.
“അമ്മയുടെ മരണശേഷം, അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി കാണിച്ച് സുനിൽ ഗുപ്ത രേഖകൾ ചമയ്ക്കുകയും 285 കോടി രൂപയുടെ കുടുംബാവകാശത്തിലുള്ള കമ്പനി സ്വന്തമാക്കുകയും ചെയ്തു. ഇതുമൂലം കോടികളുടെ നഷ്ടമാണ് ഇയാളുടെ സഹോദരൻ വിജയ് ഗുപ്തക്ക് ഉണ്ടായത്.” സെക്ഷൻ 20 പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. മനോജ് കുമാർ പന്ഥ് പറഞ്ഞു.
ഈ സഹോദരരുടെ അമ്മയായ കമലേഷ് റാണി 2011 മാർച്ചിലാണ് മരിക്കുന്നത്. മരിക്കുന്ന സമയം 285 കോടിയുടെ സ്വത്തുക്കൾ ഇവരുടെ പേരിൽ നിലവിലുണ്ടായിരുന്നു. ഒരു മെഴുകുതിരി നിർമ്മാണ കമ്പനി ആയിരുന്നു ഇവരുടെ പേരിൽ ഉണ്ടായിരുന്നത്. ഈ കമ്പനിക്ക് നോയിഡയിലും ഓഫീസ് ഉണ്ട്. രണ്ട് സഹോദരർക്കും തുല്യമായാണ് തന്റെ വിൽപത്രത്തിൽ കമ്പനി വീതിച്ചു നൽകിയത്. എന്നാൽ സുനിൽ ഗുപ്തതന്റെ സഹോദരനെ തന്റെ പാർട്ട്ണർ മാത്രം ആക്കി ഭൂരിപക്ഷാവകാശങ്ങളും തട്ടി എടുക്കുക്കുകയായിരുന്നു.
തന്റെ അമ്മ കമ്പനി തനിക്ക് സമ്മാനമായി തന്നതായി കാണിച്ചാണ് സുനിൽ രേഖയുണ്ടാക്കിയത്.എന്നാൽ,നിയമപ്രകാരം മരണപ്പെട്ട ആൾക്കാരുടെ പേരിൽ സമ്മാനങ്ങൾ സ്വീകരിക്കാൻ വകുപ്പില്ല. ഈ കാരണം കൊണ്ടാണ് അമ്മ ജീവിച്ചിരിക്കുന്നതായി ഇയാൾ രേഖയുണ്ടാക്കിയത്.പൊലീസ് പറയുന്നു.
തന്റെ സമ്മതമില്ലാതെ 29 കോടിയുടെ ഇടപാടുകൾ സുനിലിന്റെ സുഹൃത്തിന്റെ കമ്പനിയുമായി നടത്തിയെന്നും വിജയ് ഗുപ്ത ആരോപിക്കുന്നു. മാത്രമല്ല സുനിലിന്റെ നടപടികളെ താൻ വിമർശിച്ചപ്പോൾ തനിക്ക് നേരെ തന്റെ സഹോദരൻ മൂന്നു ഗുണ്ടകളെ അയക്കുകയും ഇവർ തന്ന മർദിക്കുകയും ചെയ്തതായും വിജയ് പറയുന്നുണ്ട്.