| Tuesday, 28th February 2023, 5:30 pm

നെയ്മർക്ക് ആളുകൾ എന്ത് പറയുമെന്നതിനെക്കുറിച്ച് ഒരു ചിന്തയുമില്ല; വിമർശനവുമായി മുൻ പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണിൽ വീണ്ടും മികവോടെ തിരിച്ചുവന്നിരിക്കുകയാണ് പി.എസ്.ജി. തിങ്കളാഴ്ച നടന്ന ഡെർബി മത്സരത്തിൽ ചിര വൈരികളായ മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർക്കാൻ പി.എസ്.ജിക്കായി.

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ രണ്ടും മെസി ഒന്നും ഗോൾ നേടി മിന്നും പ്രകടനം പുറത്തെടുത്ത മത്സരത്തിലാണ് പാരിസ് ക്ലബ്ബിന് മുന്നിൽ മാഴ്സെ തകർന്നടിഞ്ഞത്.

മത്സരത്തിൽ എംബാപ്പെ നേടിയ രണ്ട് ഗോളിനും മെസി നേടിയ ഒരു ഗോളിന് എംബാപ്പെയുമാണ് അസിസ്റ്റ് നൽകിയത്.
എന്നാൽ മത്സരത്തിൽ പരിക്ക് മൂലം നെയ്മർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല.

എന്നാലിപ്പോൾ നെയ്മർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പി. എസ്.ജി മുന്നേറ്റ നിര താരമായ ജെറോം റോത്തൻ.
നെയ്മർ ക്ലബ്ബിനായി നന്നായി കളിക്കുന്നുണ്ടെന്നും എന്നാൽ താരത്തിന് അച്ചടക്കമില്ലെന്നുമാണ് റോത്തന്റെ വിമർശനം.


കൂടാതെ നെയ്മർ പി.എസ്.ജി സ്‌ക്വാഡിന്റെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നെയ്മറെക്കുറിച്ചുള്ള റോത്തന്റെ പ്രതികരണം.
“നെയ്മർ പി.എസ്.ജി സ്‌ക്വാഡിന്റെ അഭിവാജ്യ ഘടകമാണ്. മാത്രമല്ല ക്ലബ്ബിന്റെ പ്രധാന താരങ്ങളിലൊരാൾ കൂടിയാണ് അദ്ദേഹം.

അദ്ദേഹം ശാരീരികമായും മാനസികമായും നന്നായിരിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ട കാര്യം നമുക്കുണ്ട്. കാരണം പൂർണമായും അദ്ദേഹം ഓക്കെയായിരുന്നാലേ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച വെക്കാൻ നെയ്മർക്ക് സാധിക്കൂ,’ റോത്തൻ പറഞ്ഞു.

“ചിലപ്പോൾ അദ്ദേഹം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാറില്ല.പക്ഷെ പി.എസ്.ജിയിൽ തുടരുന്നിടത്തോളം ആളുകൾ പറയുന്നത് ശ്രദ്ധിക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ബാഴ്സയിലുള്ളപ്പോൾ അദ്ദേഹം ചെയ്യാതിരുന്ന കാര്യങ്ങൾ പി.എസ്.ജിയിലും നെയ്മർ ചെയ്യാൻ പാടില്ല,’ റോത്തൻ കൂട്ടിച്ചേർത്തു.

അതേസമയം ലീഗ് വണ്ണിൽ 25 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളോടെ 60 പോയിന്റുകളുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

മാർച്ച് അഞ്ചിന് നാന്റെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Sometimes nymar doesn’t care about the world said Jerome Rothen

Latest Stories

We use cookies to give you the best possible experience. Learn more