അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് ടെലികോം എഞ്ചിനീയറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ സാം പിത്രോഡ.
‘ഒരു എഞ്ചിനിയര്‍ എന്ന നിലയില്‍, സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ ഇ.വി.എമ്മില്‍ ഞാന്‍ തൃപ്തനല്ല. പക്ഷേ അത് ചൂണ്ടിക്കാണിക്കാന്‍ എനിക്കു കഴിയില്ല. കാരണം ഞങ്ങളുടെ പക്കല്‍ ഇ.വി.എം ഇല്ല. പഠനം നടത്താന്‍ ഒരു വര്‍ഷത്തേക്ക് ഇ.വി.എം ആരെങ്കിലും നല്‍കുകയാണെങ്കില്‍ നിങ്ങളോട് ചിലത് പറയാന്‍ ഞങ്ങള്‍ക്കാവും.’ അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ നിങ്ങള്‍ ഡിസൈന്‍ മനസിലാക്കേണ്ടതുണ്ട്. സോഫ്റ്റുവെയര്‍ മനസിലാക്കേണ്ടതുണ്ട്. എല്ലാ ചെറു സിഗ്നലുകളും വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ. ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. എന്താണ് പ്രശ്‌നമെന്നത് നമുക്ക് അറിയില്ല.’ എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ട് ഘട്ട വോട്ടെടുപ്പിനിടെ ഇ.വി.എമ്മുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. ആന്ധ്രയില്‍ 30% ഇ.വി.എമ്മുകളും തകരാറിലായെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്.
കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം വോട്ടിങ് മെഷീനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ഇ.വി.എം തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് മണിക്കൂറുകളോളം നീളുകയും ചെയ്തിരുന്നു.