| Friday, 19th August 2022, 7:23 pm

'ഈ സമൂഹത്തിന് എന്തോ പ്രശ്‌നമുണ്ട്'; ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ പ്രതികരണവുമായി ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002ല്‍ നടന്ന ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ സമൂഹത്തില്‍ സ്വതന്ത്ര്യരായി നടക്കുന്നതിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓഗസ്റ്റ് 15നായിരുന്നു കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

‘5മാസം ഗര്‍ഭിണിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. എന്നിട്ട് അതേ കേസിലെ 11 പ്രതികള്‍ സമൂഹത്തില്‍ സ്വതന്ത്ര്യരായി നടക്കുന്നു. അവരെ പൂമാലയിട്ട് ആളുകള്‍ വരവേല്‍ക്കുന്നു. സത്യം ഒരിക്കലും മറച്ചുവെക്കരുത്. ആലോചിക്കൂ. ഈ സമൂഹത്തിന് ശരിക്കും എന്തോ പ്രശ്‌നമുണ്ട്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമാണ് പ്രതികളെ വിട്ടയക്കാന്‍ ഉത്തരവിട്ടതെന്നാണ് സര്‍ക്കാരിന്റെ വാദം. കുറ്റവാളികളെ വെറുതെ വിട്ട സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികളെ പൂമാലയണിയിച്ചായിരുന്നു വിശ്വഹിന്ദു പരിഷത്ത് വരവേറ്റത്. ഇതിനെതിരെയും വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതികളെ വെറുതിവിട്ട നടപടിക്കെതിരെ ആയിരങ്ങളാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സാധാരണ പൗരന്മാര്‍, താഴെത്തട്ടിലുള്ള തൊഴിലാളികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പ്രമുഖ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, പണ്ഡിതന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ആറായിരത്തോളം പേരാണ് ഒപ്പുവെച്ചിരിക്കുന്നത്.

സഹേലി വിമന്‍സ് റിസോഴ്സ് സെന്റര്‍, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ഗ്രൂപ്പുകളും സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജി യു.ഡി. സല്‍വി രംഗത്തെത്തിയിരുന്നു.

‘പ്രതികള്‍ക്ക് സ്വീകരണമൊരുക്കിയ നടപടി ശരിയല്ല. അവര്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. അതിനെ സുപ്രീം കോടതി പോലും ശരിവെച്ചതുമാണ്. അതിന്റെ അര്‍ത്ഥമെന്താണ്? അവര്‍ പ്രതികളാണെന്നാണ്.

എന്നിട്ട് കുറ്റവാളികളെ പൂമാലയണിയിച്ച് സ്വാഗതം ചെയ്യുക എന്നതൊക്കെ തെറ്റാണ്,’ ജഡ്ജി പറഞ്ഞു.

ബില്‍ക്കീസ് ബാനു കേസില്‍ യു.ഡി. സല്‍വിയായിരുന്നു ട്രയല്‍ കോടതി ജഡ്ജി. കേസില്‍ തെളിവുകളും മൊഴികളും സൂക്ഷ്മപരിശോധന നടത്തി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് സല്‍വിയായിരുന്നു. ഇവരുടെ വിധി പിന്നീട് ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വിധി ഇരു കോടതികളും ശരിവെക്കുകയും ചെയ്തിരുന്നു.

Content Highlight: something is wrong with this society says javed akhtar

We use cookies to give you the best possible experience. Learn more