കോഴിക്കോട്: സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് പിന്നാലെ ബി.ജെ.പിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. ബി.ജെ.പി. നേതാക്കളെ ഉദ്ധരിച്ച് മാതൃഭൂമി.കോമിനായി കെ.എ. ജോണിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാന ബി.ജെ.പിയില്‍ മുമ്പെങ്ങുമില്ലാത്ത പിന്തുണ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയെങ്കിലും നേട്ടമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ തോല്‍വിയില്‍ നിന്ന് സുരേന്ദ്രന് മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി. കേന്ദ്രനേതൃത്വം വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ട്.
‘സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന് കേന്ദ്രനേതൃത്വം തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാ തലങ്ങളിലും സ്വീകാര്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ ആ നിമിഷം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്,’ എന്നാണ് കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബി.ജെ.പി. നേതാവിനെ ഉദ്ധരിച്ച് കെ.എ. ജോണി മാതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യക്തിപ്രഭാവമുള്ള ഒരാളെയാണ് അഖിലേന്ത്യ നേതൃത്വം അന്വേഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെപ്പോലെയുള്ള ഒരാളാണ് കേരളത്തില്‍ ബി.ജെ.പിയെ നയിക്കേണ്ടതെന്നാണ് അഖിലേന്ത്യ നേതൃത്വം വിലയിരുത്തുന്നതെന്നും പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വിവിധ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരെയും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ആര്‍.എസ്.എസ്. മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്ന ആര്‍. ബാലശങ്കറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും ബി.ജെ.പിയിലെ ഇരുവിഭാഗങ്ങളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും സംഘടനാ പ്രശ്നങ്ങളുടേയും പശ്ചാത്തലത്തില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം അഴിച്ചുപണിയണമെന്ന് നേരത്തെ കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സി.വി. ആനന്ദബോസ്, ഇ. ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവര്‍ അംഗങ്ങളായി പാര്‍ട്ടി അനൗദ്യോഗികമായി നിയമിച്ച സമിതിയുടേതാണ് നിര്‍ദേശം. നേമം സീറ്റില്‍ തോല്‍ക്കുകയും തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം സമിതിയെ നിയോഗിച്ചത്.
അധ്യക്ഷനെ അടക്കം നേതൃത്വത്തിലുള്ളവരെ മാറ്റി പുതുനിരയെ കൊണ്ടുവരണമെന്നാണ് വിദഗ്ധസമിതിലെ ചില അംഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേതൃത്വത്തെ മൊത്തം മാറ്റാതെ പുനഃക്രമീകരണം വേണമെന്നാണ് നിര്‍ദേശം.
തെരഞ്ഞെടുപ്പ് തോല്‍വിക്കു കേന്ദ്രമന്ത്രി വി.മുരളീധരന്‍ അടക്കമുള്ളവര്‍ കാരണക്കാരാണ്. ഗ്രൂപ്പ് നേതാവായി വി.മുരളീധരന്‍ മാറിയെന്നും വിമര്‍ശനമുയര്‍ന്നു.
കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കി, സി.കെ. ജാനുവിന് പണം നല്‍കി തുടങ്ങി വിവിധ ആരോപണങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും കെ. സുരേന്ദ്രനുമെതിരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നേതൃമാറ്റം ചര്‍ച്ചയാകുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
‘Someone like Shashi Tharoor should lead the BJP in Kerala’; BJP search new state president in kerala