ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ ഇത്തവണയും യു.പിയില്‍ മത്സരിക്കും, റോബര്‍ട്ട് വാദ്രയായിരിക്കില്ല; എ.കെ. ആന്റണിയുടെ ഉറപ്പ്
2024 Lok Sabha Election
ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ ഇത്തവണയും യു.പിയില്‍ മത്സരിക്കും, റോബര്‍ട്ട് വാദ്രയായിരിക്കില്ല; എ.കെ. ആന്റണിയുടെ ഉറപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 9:06 pm

തിരുവനന്തപുരം: ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ ഇത്തവണയും യു.പിയിലെ റായ്ബറേലിയിലോ, അമേഠിയിലോ മത്സരിക്കാനുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ ഉറപ്പ്. അത് റോബര്‍ട്ട് വാദ്രയായിരിക്കില്ലെന്നും ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന എ.കെ. ആന്റണി പറയുന്നു. രാഹുല്‍ ഗാന്ധിയോ, പ്രിയങ്കയോ ആയിരിക്കുമെന്ന സൂചനയും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എ.കെ. ആന്റണി പറഞ്ഞു. ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കുന്നത്.

റായ്ബറേലിയെലയും അമേഠിയിലേയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് തീരുമാനമായിട്ടുണ്ട് എന്ന സൂചനയാണ് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ ആന്റണിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയമായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇത്രയും ദിവസം പറഞ്ഞിരുന്നത്.

എന്നാല്‍ ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമായതിന്റെ സൂചനകള്‍ ലഭിക്കുന്നത്. ഗാന്ധികുടുംബമായും കോണ്‍ഗ്രസിന്റെ ഉന്ന നേതൃത്വവുമായും അടുത്ത ബന്ധമുള്ള ആന്റണിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശ്വാസത്തിലെടുക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഈ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വേണ്ടി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലങ്ങലാണ് അമേഠിയും റായ്ബറേലിയും. കഴിഞ്ഞ തവണ സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിച്ചിരുന്നു.

എന്നാല്‍ ഇത്തവണ സോണിയ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. പകരം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ അമേഠിയില്‍ സമൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ അദ്ദേഹം അവിടെ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞിട്ടുമില്ല. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഈ കുടുംബത്തില്‍ നിന്ന് പ്രിയങ്കയുടെ പങ്കാളി റോബര്‍ട്ട് വാദ്ര മാത്രമാണ് യു.പിയില്‍ മത്സരിക്കാന്‍ സന്നദ്ധനായി വന്നിട്ടുള്ളത്.

content highlights: Someone from the Gandhi family will contest in UP this time too, it won’t be Robert Vadra; A.K. Anthony’s assurance