പ്രളയത്തില്‍ കാണിച്ച ഒരുമ തകര്‍ക്കാന്‍ ബോധപൂര്‍വ്വശ്രമം; നവോത്ഥാന പാരമ്പര്യം മുറുകെപ്പിടിച്ച് കേരളം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി
Kerala News
പ്രളയത്തില്‍ കാണിച്ച ഒരുമ തകര്‍ക്കാന്‍ ബോധപൂര്‍വ്വശ്രമം; നവോത്ഥാന പാരമ്പര്യം മുറുകെപ്പിടിച്ച് കേരളം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th January 2019, 5:19 pm

കോഴിക്കോട്: പ്രളയദുരന്തം നേരിട്ട സമയത്ത് കേരളം കാണിച്ച ഒരുമ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രളയത്തില്‍ കാണിച്ച കേരളത്തിന്റെ ഒരുമ ലോകശ്രദ്ധയാകര്‍ഷിച്ചു. ജാതിമതലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നു. നമ്മുടെ നാടിന്റെ മതനിരപേക്ഷതയാണ് ഇതിന് കാരണം. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തണം എന്നാഗ്രഹിക്കുന്ന ഒരു ചെറുവിഭാഗം നമ്മുടെ നാട്ടിലുമുണ്ട്.”

പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ വിദേശരാജ്യങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. സഹായിക്കാന്‍ കഴിയുന്ന സഹായം കേന്ദ്രം നല്‍കിയതുമില്ല.

ALSO READ: അടിപിടിയല്ല, നെഞ്ചുവേദന മാത്രം; കര്‍ണാടകയിലെ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദന കാരണമെന്ന് കോണ്‍ഗ്രസ്

“യു.എ.ഇ ഭരണാധികാരി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിളിച്ച് 700 കോടി രൂപ കേരളത്തെ സഹായിക്കാനായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പിറ്റേന്ന് കാലത്ത് യു.എ.ഇ ഭരണാധികാരിയുടെ നല്ല മനസിന് കൃതജ്ഞത പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് എല്ലാം അട്ടിമറിച്ചു.”

ആ പണം സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. അത് സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളും നമ്മളെ സഹായിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അര്‍ഹമായ വിദേശസഹായമാണ് കേന്ദ്രം തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന പാരമ്പര്യം മുറുകെപ്പിടിച്ച് കേരളം മുന്നോട്ടുപോകുമെന്നും ഇനിയൊരു ദുരന്തത്തിന് തകര്‍ക്കാനാവാത്ത കേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

WATCH THIS VIDEO: