ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാകില്ല; ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കാനില്ലെന്ന് ജോസ് കെ. മാണി
Kerala News
ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാകില്ല; ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കാനില്ലെന്ന് ജോസ് കെ. മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 12:17 pm

പാലാ: യു.ഡി.എഫില്‍ നിന്ന് ചില പ്രധാന നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. ഇതില്‍ ചിലരുമായി ചര്‍ച്ച നടത്തിയെന്നും തീരുമാനം ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ജനപിന്തുണയുള്ള ചില നേതാക്കള്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് വരും. അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ അതത് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ ജോസ് കെ.മാണി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പ്പര്യം കാണിച്ചെന്നും കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.

‘കൂടുതല്‍ നേതാക്കളെ കൊണ്ടുവരുന്നതിലല്ല. താഴേത്തട്ടില്‍ നിന്നുതന്നെ അണികളെ കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന നീക്കമാണ് കേരള കോണ്‍ഗ്രസ് എം നടത്തുന്നത്. സി.പി.ഐ.എമ്മും ഇതിനെയാണ് അനുകൂലിക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ വന്നു കഴിഞ്ഞാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത നേതാക്കളെ സ്വാഗതം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം,’ ജോസ് കെ. മാണി പറഞ്ഞു.

ജൂണ്‍ 14-ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അതിനു ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കാന്‍ ഇല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Some UDF Members Come To Kerala Congress M Says Jose k Mani