ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് സമാനതകളില്ലാത്ത കുതിപ്പാണ് നടത്തുന്നത്. അതിന് ചുക്കാന്‍ പിടിച്ച് അമരത്ത് നില്‍ക്കുന്നത് നായകന്‍ വിരാട് കോഹ്‌ലിയും. അതേസമയം, വിരാടിന് മുന്‍ നായകന്‍ എം.എസ് ധോണിയുടെ പിന്തുണയും പൊടിക്കൈകളും നല്‍കുന്ന സഹായങ്ങളും വളരെ വലുതാണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് വിരാട് പറയുന്നത്.
ധോണിയും താനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് വിരാട് പറയുന്നത്. പക്ഷെ ധോണിയുമായി താന്‍ കാത്ത് സൂക്ഷിക്കുന്ന സൗഹൃദബന്ധം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തതാണെന്നും താരം പറയുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു കോഹ്ലിയുടെ പ്രസ്താവന.
“നിരവധി പേര്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഥകള്‍ അടിച്ചിറക്കുന്നുണ്ട്. എന്നാല്‍ ഇതിലെ ഏറ്റവും രസകരമായ കാര്യം ഞങ്ങള്‍ ഇരുവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറേയില്ല. ഞങ്ങള്‍ക്കെതിരെ പറഞ്ഞവര്‍ പിന്നീട് ഞങ്ങള്‍ ഇരുവരെയും ഒരുമിച്ച് കാണുമ്പോള്‍ അത്ഭുതപ്പെടും. എന്തേ ഇവര്‍ തമ്മില്‍ അകല്‍ച്ച വരുന്നില്ല എന്ന്. ഇത് കാണുമ്പോള്‍ ഞങ്ങള്‍ സ്വയം ചിരിക്കാറേയുള്ളു.” കോഹ്ലി പറയുന്നു.
താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ താരം ധോണിയാണെന്നാണ് കോഹ്ലി പറയുന്നത്. ധോണിക്കൊപ്പം കളി ആരംഭിക്കാന്‍ കഴിഞ്ഞതും ഇപ്പോഴും ഒപ്പമുള്ളതും തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.
“ധോണിയില്‍ നിന്നും ഇപ്പോഴും ഒരുപാട് പഠിക്കാനുണ്ട്. തനിക്കൊപ്പം ധോണിയുള്ളതില്‍ അത്യധികം സന്തോഷിക്കുന്നു. അതൊരു ഭാഗ്യമായാണ് കരുതുന്നത്. മറ്റു കളിക്കാരുമായി സംവദിക്കുന്നതില്‍ ധോണി വലിയ മാതൃകയാണ്. എന്തും എളുപ്പം പഠിച്ചെടുക്കുന്നതില്‍ ധോണിയെപോലെ മറ്റൊരു കളിക്കാരനില്ല.
“പരസ്പര ധാരണയോടെയാണ് ധോണിക്കൊപ്പമുള്ള കളി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ഒരു റണ്‍സ് വേണോ രണ്ടെണ്ണം വേണോ എന്നത് ധോണിയുടെ കണ്ണുകള്‍ നോക്കിയാല്‍ അറിയാന്‍ കഴിയും. പന്ത് തിരിച്ചെത്തുന്ന സമയത്തെക്കുറിച്ച് ധോണിക്ക് വ്യക്തമായ ധാരണയുണ്ട്” കോഹ്ലി പറഞ്ഞു.
“ധോണിയെ പിന്തുടരാന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കളി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍കൂട്ടി കാണാന്‍ ധോണിക്ക് കഴിയുന്നു. അദേഹത്തോട് ചോദിച്ചെടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശരിയാകാറുണ്ട്” താരം പറയുന്നു.