ചില കാര്യങ്ങള്‍ എന്നെ ഇമോഷണലാക്കും; സിനിമയില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല: ദുല്‍ഖര്‍ സല്‍മാന്‍
Movie Day
ചില കാര്യങ്ങള്‍ എന്നെ ഇമോഷണലാക്കും; സിനിമയില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th August 2023, 11:14 am

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിങ് ഓഫ് കൊത്ത റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ഒരു ഫുള്‍ ഓണ്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കിങ് ഓഫ് കൊത്തയെ കുറിച്ചും സിനിമയെന്ന മാജിക്കല്‍ വേള്‍ഡിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദുല്‍ഖര്‍. സിനിമയെന്നത് മാജിക്കലായിട്ടുള്ള സംഗതിയാണെന്നും അവിടെ നമ്മുടെ കരിയര്‍ എങ്ങനെയായിരിക്കുമെന്നോ നമ്മുടെ യാത്ര എങ്ങനെയായിരിക്കുമെന്നോ ഉള്ള പ്രവചനം സാധ്യമല്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. കൊത്തയുടെ റിലീസിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നമ്മള്‍ പ്രതീക്ഷിക്കുന്നതിന്റെ മുകളില്‍ ഒരു സിനിമ എത്തുകയെന്നത് വലിയ കാര്യമാണെന്നും അതൊക്കെ തന്നെ ഇമോഷണലാക്കുമെന്നും താരം പറയുന്നു.

‘ഞാന്‍ ഒരിക്കലും ഒരു തെലുങ്കു സിനിമയിലോ ഹിന്ദിയിലോ അഭിനയിക്കുമെന്ന് കരുതിയ ആളല്ല. മാക്‌സിമം വന്നാല്‍ തമിഴ് സിനിമയൊക്കെ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയേ എനിക്കുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ മൂന്ന് നാല് കൊല്ലം കൊണ്ട് ഓരോ ഭാഷയിലും സിനിമകള്‍ വര്‍ക്കാവുന്ന കാര്യമൊന്നും നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ഓരോ സിനിമയേയും ആദ്യം മുതല്‍ തന്നെ ഒരേ പോലെയാണ് അപ്രോച്ച് ചെയ്യുന്നത്.

കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട് നല്ല സിനിമയായിരിക്കും എന്ന പ്രതീക്ഷയില്‍ നമ്മള്‍ എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. പക്ഷേ ചില സമയത്ത് നമ്മള്‍ വിചാരിക്കുന്നതിന്റെ മുകളിലോട്ട് ചില സിനിമകള്‍ പൂര്‍ത്തിയായി വരും. അല്ലെങ്കില്‍ റിലീസാവുമ്പോഴേക്കും നമ്മള്‍ ആഗ്രഹിച്ചതിന് മുകളില്‍ ആ സിനിമ നില്‍ക്കും. അതൊക്കെ എന്നെ ഇമോഷണലാക്കുന്ന കാര്യങ്ങളാണ്.

നമ്മുടെ എല്ലാവരുടേയും ആഗ്രഹം ഒന്നായിരിക്കും. ആര്‍ക്കും എന്തും ആഗ്രഹിക്കാം. പക്ഷേ എല്ലാം നടക്കണമെന്നില്ല. സിനിമയില്‍ നിന്ന് കുറേക്കാലം മാറിനില്‍ക്കേണ്ടി വന്നവരുണ്ട്. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം മറ്റൊരു പ്രായത്തില്‍ വേറെ ലുക്കില്‍ വലിയ തിരിച്ചുവരവ് നടത്തിയവരുണ്ട്.

എന്തും സംഭവിക്കാന്‍ പറ്റുന്ന മാജിക് വേള്‍ഡാണ് സിനിമ. പണ്ടും ആളുകള്‍ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത്രയും കാലം സിനിമയില്‍ നിന്നിട്ട് എനിക്ക് തോന്നിയത് അങ്ങനെയൊരു മാജിക്കല്‍ ലോകം തന്നെയാണ് സിനിമ എന്നതാണ്.

എന്തും സംഭവിക്കാം. നമ്മള്‍ ആഗ്രഹിക്കുന്നതും അതിന് മുകളിലും സംഭവിക്കാം. സിനിമയില്‍ പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ നല്ല കാര്യം ഇന്നല്ലെങ്കില്‍ നാളെ വരുമെന്നാണ് വിശ്വസിക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Some things make me emotional says Dulquer salmaan