ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നായകന്‍ വിരാട് കോഹ് ലിയും സമാനതകളില്ലാത്ത കുതിപ്പാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഓരോ മ്ത്സരം കഴിയുന്തോറും വിരാട് ഇതിഹാസ പദവിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. സെഞ്ച്വറികളുടെ കാര്യത്തില്‍ ഏകദിനത്തില്‍ ഇനി വിരാടിന് മുന്നിലുള്ളത് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണുള്ളത്.
എന്നാല്‍ കളത്തിന് പുറത്ത് വിരാട് നടത്തുന്ന പ്രസ്താവനകള്‍ തനിക്ക് ഇഷ്ടമല്ലെന്നാണ് വന്‍ മതില്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്.
ഇന്ത്യന്‍ നായകന്റെ മത്സരത്തിന് മുന്നോടിയായുള്ള പല പ്രസ്താവനകളും അഗ്രസീവാണെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ അതിരു വിടുന്നുണ്ടെന്നും ഇതിഹാസ താരം പറയുന്നു. അതേസമയം, ഇന്ത്യന്‍ നായകനും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായുള്ള പ്രശ്‌നം കൈകാര്യം ചെയ്യുന്നത് കുറച്ചു കൂടി പക്വതയോടെ ആകാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“വിരാട് ചിലപ്പോള്‍ പരമ്പരകള്‍ക്ക് മുമ്പ് നടത്തുന്ന പ്രസ്താവനകള്‍ അതിരു കടക്കുന്നുണ്ട്. അത് വായിക്കുമ്പോള്‍ എനിക്ക് ഇഷ്ടപ്പെടാറില്ല.എന്നാല്‍ അതിലൂടെ എതിരാളികളെ തളര്‍ത്താനും തന്റെ ഏറ്റവും ബെസ്റ്റ് പുറത്തു കൊണ്ടുവരാനും അദ്ദേഹത്തിന് സാധിക്കുമെങ്കില്‍ തുടര്‍ന്നോട്ടെ.” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
ബംഗളൂരുവില്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. കുംബ്ലെയുടെ പുറത്താക്കല്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സത്യമെന്താണെന്ന് ഇന്നും അറിയില്ലെന്നും ദ്രാവിഡ് പറഞ്ഞു.
അതേസമയം, വിഷയം കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ഇന്ത്യയ്ക്ക് പകരം വെയ്ക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ താരമായിരുന്നു കുംബ്ലെയെന്നും രാഹുല്‍ പറഞ്ഞു.