ജയസൂര്യ, മഞ്ജു വാര്യര്‍, ശിവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ്സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോ പ്രേക്ഷക പ്രശംസകള്‍ നേടുകയാണ്.
അപ്രതീക്ഷിതമായി ചില ദുരന്തങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിനെ ധൈര്യപൂര്‍വം നേരിടാനുള്ള പ്രചോദനമാവുകയാണ് മേരി ആവാസ് സുനോ. ശങ്കര്‍-മെര്‍ലിന്‍ ദമ്പതികളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു ദുരന്തമുണ്ടാവുമ്പോള്‍ അവരെ സഹായിക്കാനായി ഡോ. രശ്മി എത്തുന്നു. തുടര്‍ന്ന് ശങ്കറിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ജയസൂര്യയുമായി മൂന്നാം തവണയും പ്രജേഷ്സെന്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇരുവരും നേരത്തെ ഒരുമിച്ചിരുന്നത്. ഇതോടെ പ്രജേഷ് സെന്‍ ചിത്രങ്ങളിലെ ആവര്‍ത്തിച്ചുവരുന്ന ചില എലമെന്റ്‌സ് വീണ്ടും ചര്‍ച്ചയാവുകയാണ്.
മദ്യപാനത്തിന് അടിമയായ മുരളി എന്ന യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാണ് വെള്ളത്തിന്റെ ഇതിവൃത്തം. കേരളത്തിന്റെ ഫുട്‌ബോള്‍ താരമായിരുന്ന സത്യന്റെ ജീവിതം ആവിഷ്‌കരിച്ച പ്രജേഷ് സെന്‍ ചിത്രമായിരുന്നു ക്യാപ്റ്റന്‍.
പ്രജേഷ്സെന്‍ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനം ഇന്‍സ്പിരേഷന്‍ തന്നെയാണ്. ദുരിതങ്ങളെ ധൈര്യത്തോടെ നേരിടുന്ന മനുഷ്യരുടെ ജീവിതപോരാട്ടങ്ങളാണ് പ്രജേഷ് സെന്‍ ചിത്രങ്ങളിലെ പ്രധാന ഹൈലൈറ്റ്. ക്യാപ്റ്റന്‍ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ചെയ്തതിനാല്‍ പ്രതിസന്ധിയെ നേരിട്ട് വിജയിച്ച നായകനെ കാണിക്കാനായില്ല.
പ്രജേഷ്സെന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും ജയസൂര്യ ആയിരുന്നു നായകന്‍. ദുരിതങ്ങളെ നേരിടുന്ന നായകന് ഒപ്പം കട്ടസപ്പോര്‍ട്ടുമായി നില്‍ക്കുന്ന സ്‌നേഹമതിയായ നായികയാണ് മറ്റൊരു ഘടകം. വെള്ളത്തിലെ സംയുക്തയുടെ കഥാപാത്രമാണ് ഇതിനൊരു അപവാദം. എങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ ഉപേക്ഷിച്ച് പോയ ഭാര്യ നായകന് താങ്ങായി എത്തുന്നുണ്ട്.
ക്യാപ്റ്റനിലെ നായികമാരായെത്തിയ അനു സിത്താരയും മേരി ആവാസ് സുനോയിലെ ശിവദയും ചിത്രത്തിന്റെ ആദ്യാവസാനം നായകനൊപ്പം തന്നെ നില്‍ക്കുന്നുണ്ട്.
ഇന്‍സ്പിരേഷന്‍ ഡയലോഗുകള്‍ പറയാനും പ്രജേഷ്സെന്‍ ചിത്രത്തില്‍ ഒരു കഥാപാത്രം കാണും. മേരി ആവാസ് സുനോയില്‍ ജയസൂര്യയും മഞ്ജു വാര്യറും വാക്കുകളിലൂടെ ഇന്‍സ്പിരേഷന്‍ നല്‍കുമ്പോള്‍ വെള്ളത്തില്‍ അത് സിദ്ധിഖാണ്. ഇന്‍സള്‍ട്ടാണ് ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍ എന്ന സിദ്ധിഖിന്റെ ഡയലോഗ് വൈറലായിരുന്നു.
ക്യാപ്റ്റനില്‍ ഇന്‍സ്പിരേഷന്‍ നല്‍കാന്‍ വരുന്നത് മമ്മൂട്ടിയാണ്. തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കുന്നത്. തോറ്റവന്റെ ചരിത്രമാണ് ജയിക്കാന്‍ വരുന്നവന് പ്രചോദനമെന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗ്.
Content Highlight: Some repetitions in Prajesh Sen movies which are Loving wife, inspiration and Jayasurya