ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിക്കൊണ്ടാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍ തിളങ്ങിയത്. പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് അവര്‍ഡ് കൈപ്പിടിയിലൊതുക്കിയത്.
ഇത് പത്താം തവണയാണ് അശ്വിന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതോടെ ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും അശ്വിനായി. 14 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 11 തവണ ഈ റെക്കോഡ് സ്വന്തമാക്കിയ രാഹുല്‍ ദ്രാവിഡുമാണ് അശ്വിന് മുമ്പിലുള്ളത്. പത്ത് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ അശ്വിന്റെ പങ്കാളി രവീന്ദ്ര ജഡേജയും ഈ പട്ടികയില്‍ മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അശ്വിന്‍ നേടാനുള്ള സാധ്യതകളും വര്‍ധിക്കുന്നുണ്ട്. രണ്ടാം മത്സരത്തിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചാല്‍ അശ്വിനെ തേടി ഈ നേട്ടമെത്തും. ശുഭ്മന്‍ ഗില്ലും റിഷബ് പന്തുമാണ് നിലവില്‍ പ്ലെയര്‍ ഓഫ് ദി സീരീസിനുള്ള മത്സരത്തില്‍ അശ്വിനൊപ്പമോടുന്നത്. ജഡേജയുടെ സാധ്യതയും തള്ളിക്കളയാനാവില്ല.
ബംഗ്ലാദേശിനെതിരെ ഈ നേട്ടം സ്വന്തമാക്കിയാല്‍ അശ്വിനെ ഒരു തകര്‍പ്പന്‍ റെക്കോഡും തേടിയെത്തും. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാകാന്‍ അശ്വിന് സാധിക്കും. നിലവില്‍ പത്ത് തവണയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ നിലവില്‍ ഒന്നാമതുള്ളത്. 61 പരമ്പകളില്‍ നിന്നും 11 തവണ ഈ നേട്ടം സ്വന്തമാക്കിയാണ് മുരളി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലും തിളങ്ങിയാല്‍ അശ്വിന് മുരളീധരനൊപ്പമെത്താന്‍ സാധിക്കും.
ഒരുപക്ഷേ അശ്വിന് മുരളീധരനൊപ്പമെത്താന്‍ സാധിക്കുന്ന ഏക റെക്കോഡ് ലിസ്റ്റ് ഇത് മാത്രമായിരിക്കും. വിക്കറ്റുകളുടെ എണ്ണത്തിലും ഫോര്‍ഫര്‍, ഫൈഫര്‍, ടെന്‍ഫര്‍, എറിഞ്ഞ പന്തുകള്‍ തുടങ്ങി അശ്വിന് മുരളിയെ മറികടക്കാന്‍ സാധിക്കാത്ത നിരവധി നേട്ടങ്ങളുണ്ട്. ഈ നേട്ടങ്ങളിലെത്താന്‍ തന്റെ 13 വര്‍ഷത്തെ കരിയറില്‍ ചെയ്തതെന്തോ, അതത്രയും വിരമിക്കുന്നതിന് മുമ്പ് വീണ്ടും ആവര്‍ത്തിക്കേണ്ടി വന്നേക്കും.
ഉദാഹരണത്തിന് ഒരു ടെസ്റ്റിലെ പത്ത് വിക്കറ്റ് നേട്ടങ്ങളുടെ കണക്കെടുക്കാം. 2011 മുതല്‍ 2024 വരെ എട്ട് തവണയാണ് അശ്വിന്‍ ടെന്‍ഫര്‍ നേടിയത്. ഈ 13 വര്‍ഷത്തില്‍ നേടിയ ടെന്‍ഫറുകള്‍ ഒരിക്കല്‍ക്കൂടി ഇതുപോലെ ആവര്‍ത്തിച്ചാലും അശ്വിന് മുരളിക്കൊപ്പമെത്താന്‍ സാധിക്കില്ല. കരിയറില്‍ 22 ടെന്‍ഫറുകളാണ് മുരളീധരന്‍ സ്വന്തമാക്കിയത്.
ഫൈഫറുകളുടെ കാര്യത്തിലും അശ്വിന് മുരളിയെ തൊടാന്‍ സാധിക്കില്ല. കരിയറില്‍ ഇതുവരെ 37 തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം ഈ റെക്കോഡില്‍ താരം രണ്ടാം സ്ഥാനം പങ്കിടുകയാണ്. അതേസമയം, ഒന്നാമതുള്ള മുരളീധരനാകട്ടെ കരിയറില്‍ 67 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഫോര്‍ഫറുകളിലും അശ്വിനേക്കാള്‍ മുമ്പന്‍ മുരളീധരന്‍ തന്നെയാണ്. 133 മത്സരത്തില്‍ നിന്നും 45 തവണയാണ് മുരളീധരന്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 25 തവണയാണ് അശ്വിന്റെ പേരില്‍ ഈ റെക്കോഡ് നേട്ടം കുറിക്കപ്പെട്ടത്.
ടെസ്റ്റ് വിക്കറ്റുകളുടെ കാര്യമെടുത്താലും അശ്വിന്‍ മുരളിയേക്കാള്‍ കാതങ്ങള്‍ പിറകിലാണ്. നിലവില്‍ 522 വിക്കറ്റാണ് അശ്വിന്‍ നേടിയത്. എന്നാല്‍ ഒന്നാമതുള്ള മുത്തയ്യയാകട്ടെ അശ്വിനേക്കാള്‍ 278 വിക്കറ്റ് അധികം നേടി 800 വിക്കറ്റുകളുമായാണ് സമഗ്രാധിപത്യം തുടരുന്നത്.
ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര വിക്കറ്റുകളുടെ എണ്ണത്തിലും മുത്തയ്യയെ മറികടക്കാന്‍ അശ്വിന് സാധിക്കില്ല. നിലവില്‍ 750 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലുമായി അശ്വിന്‍ സ്വന്തമാക്കിയത്. എന്നാല്‍ 1347 വിക്കറ്റ് നേടിയാണ് മുരളീധരന്‍ ഒന്നാമത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ടെസ്റ്റില്‍ ആകെയെറിഞ്ഞ പന്തുകള്‍ കണക്കിലെടുത്താലും മുരളിയെ മറികടക്കാന്‍ അശ്വിന് സാധിക്കില്ല. കാരണം അശ്വിനേക്കാള്‍ 2,945ഓളം ഓവറുകള്‍ മുരളി അധികം എറിഞ്ഞിട്ടുണ്ട് എന്നതുതന്നെ കാരണം. കരിയറില്‍ ഇതുവരെ 26,370 പന്തുകളാണ് അശ്വിന്‍ എറിഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ 4395 ഓവറുകള്‍. എന്നാല്‍ ഒന്നാമതുള്ള മുത്തയ്യയാകട്ടെ 7339.5 ഓവറുകള്‍ അഥവാ 44,039 പന്തുകളാണ് തന്റെ കരിയറില്‍ എറിഞ്ഞുതീര്‍ത്തത്.
എന്നാല്‍ എല്ലാ റെക്കോഡുകളും മുത്തയ്യയുടെ പേരിലല്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ടെസ്റ്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് മുത്തയ്യ. 19 പുരസ്‌കാരങ്ങള്‍. പ്രോട്ടിയാസ് ലെജന്‍ഡ് ജാക് കാല്ലിസാണ് ഈ പട്ടികയിലെ ഒന്നാമന്‍. 23 തവണയാണ് കാല്ലിസ് ഈ റെക്കോഡിലെത്തിയത്.
ഫോര്‍ഫറുകളുടെ എണ്ണത്തില്‍ ഷെയ്ന്‍ വോണ്‍ ആണ് ഒന്നാമന്‍. മുരളിയെക്കാള്‍ മൂന്ന് ഫോര്‍ഫര്‍ നേടിയാണ് വോണ്‍ മുത്തയ്യയെ മറികടന്നത്. ഒരുപക്ഷേ മുത്തയ്യയെക്കാള്‍ വോണ്‍ മുന്നിട്ട് നില്‍ക്കുന്ന ഏക ലിസ്റ്റും ഇത് തന്നെയായിരിക്കും.
നിലവില്‍ പത്ത് പി.ഒ.ടി.എം സ്വന്തം പേരിലുള്ള അശ്വിന് ഒന്ന് ആഞ്ഞ് ശ്രമിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചേക്കും.
Content highlight: Some record achievements of Muttiah Muralidharan that no one can break