മുബൈ: കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹ നിയമവും യു.എ.പി.എ വകുപ്പുകളും വിവേചനത്തിനായി ഉപയോഗിക്കുന്നുവെന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. കലാകാരന്മാര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് സംസാരിക്കുന്നതിനിടെയാണ് സ്വര ഭാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുബൈയിലെത്തിയ മമത ബാനര്‍ജി സിവില്‍ സൊസൈറ്റി അംഗങ്ങളുമായി സംസാരിച്ചിരുന്നു.
‘അമ്പലത്തില്‍ നിന്നുള്ള പ്രസാദം പോലെ രാജ്യദ്രോഹ കുറ്റങ്ങളും യു.എ.പി.എയും വിതരണം ചെയ്യുന്ന ഒരു സംസ്ഥാനമുണ്ട്, ഞങ്ങള്‍ക്ക് അവരെ ആരാധിക്കാന്‍ താല്‍പ്പര്യമില്ല,’ സ്വര ഭാസ്‌കര്‍ പറഞ്ഞു.
‘തന്റെ ജോലി ചെയ്യുന്നതില്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നു. കലയെ നഷ്ടപ്പെടാതിരിക്കാന്‍ തങ്ങളുടെ ജീവിതവും തൊഴിലും പണയപ്പെടുത്തിയവര്‍ നിരവധിയാണ്,’ സ്വര ഭാസ്‌കര്‍ പറഞ്ഞു.
സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരായ മുനാവര്‍ ഫാറൂഖി, അദിതി മിത്തല്‍, അഗ്രിമ ജോഷ്വ എന്നിവരെ ഭരണപക്ഷം ലക്ഷ്യമിടുന്നെന്നും മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഫാറൂഖി ഒരു മാസം ജയിലില്‍ കിടന്നുവെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.
ചില ഹാസ്യനടന്മാര്‍ക്ക് ആതിഥേയത്വം വഹിച്ചതിന് വേദികള്‍ പോലും നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
യു.എ.പി.എ ഗുരുതരമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി ആരോപിച്ചു. യു.എ.പി.എ സാധാരണ പൗരന്മാര്‍ക്കുള്ളതല്ല എന്നും മറിച്ച് ബാഹ്യശക്തികളില്‍ നിന്നുള്ള സംരക്ഷണത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടിയുള്ളതാണെന്നും മമത ബാനര്‍ജി പറഞ്ഞു.