| Sunday, 7th July 2024, 7:57 pm

ഹത്രാസ് ദുരന്തം ആസൂത്രിതം, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ വിഷം പ്രയോ​ഗിച്ചു: അവകാശവാദവുമായി ഭോലെ ബാബയുടെ അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ജൂലൈ രണ്ടിന് നടന്ന ഹത്രാസ് ദുരന്തത്തില്‍ ആസൂത്രണം നടന്നെന്നാരോപിച്ച് ഭോലെ ബാബയുടെ അഭിഭാഷകന്‍. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിലര്‍ വിഷം തളിച്ചതാണ് 121 പേരുടെ മരണത്തിന് ഇടയാക്കിയ തിക്കും തിരക്കും ഉണ്ടായതിന് കാരണമെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു.

ഭോലെ ബാബയുടെ അഭിഭാഷകന്‍ എ. പി. സിങ്ങാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. ഭോലെ ബാബയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി ഇല്ലാതാക്കാന്‍ മനപ്പൂര്‍വം ഉണ്ടാക്കിയ രുരന്തമാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ആള്‍ക്കൂട്ടത്തിനിടയില്‍ 16 പേര്‍ അടങ്ങുന്ന സംഘം വിഷക്കുപ്പിയുമായി നിൽക്കുന്നത് കണ്ടതിന് സാക്ഷികള്‍ ഉണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു. വിഷക്കുപ്പി തുറന്നതിന് പിന്നാലെ സ്ത്രീകള്‍ കുഴഞ്ഞ് വീണെന്നും അവര്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു രാഷ്ട്രീയ പാര്‍ട്ടി സഭയ്ക്ക് ധനസഹായം നല്‍കിയതായി സംശയിക്കുന്നതായും അതില്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്നും ശനിയാഴ്ച ഹത്രാസ് പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ, ഹത്രാസ് ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കത്തയച്ചത്.

‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം വളരെ കുറവാണ്. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും അത് എത്രയും വേഗം നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യു.പി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഹത്രാസില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഈ വിഷയവും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.

Content Highlight: “Some People Opened Cans Of Poisonous Substance”: Bhole Baba’s Lawyer

We use cookies to give you the best possible experience. Learn more