മെട്രോക്ക് സ്ഥലം നല്‍കാത്ത വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബീന കണ്ണന്റെ അപ്പനുമമ്മയ്ക്കും വിളിക്കുകയും “ശീമാട്ടി തുലയട്ടെ !” എന്ന് ഹാഷ് ടാഗ് ഇട്ട് അര്‍മാദിക്കുകയും ചെയ്തതിന്റെ സാംഗത്യം വല്ലാതെ മനസിലായില്ല. സ്ഥലം ശീമാട്ടിയുടെ അഥവാ ബീനയുടെതാണ്. അത് വിട്ട് കൊടുക്കാതെ നോക്കിയത്/ തന്റെ വ്യവസ്ഥപ്പടി മാത്രം വിട്ട് കൊടുക്കാന്‍ ശ്രമിച്ചത് അവരുടെ സാമര്‍ത്ഥ്യം.
അമ്പതോ നൂറോ കോഴികളെ കടത്തി കോഴിക്കച്ചവടക്കാരന്‍ ടാക്‌സ് വെട്ടിക്കുന്ന വാര്‍ത്ത എക്‌സ്‌ക്ലൂസീവ് ആക്കി പ്രതിബദ്ധത വെളിപ്പെടുത്തുന്ന ചാനല്‍, അതും അഭിനവ “സ്വദേശാഭിമാനി”യും ആദര്‍ശ പ്രതിരൂപവും ഒക്കെയായി വാഴ്ത്തപ്പെട്ട നികേഷ് കുമാര്‍ വരെ സര്‍ക്കാറില്‍ അടക്കേണ്ട സര്‍വ്വീസ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുത്ത തുക കൊടുക്കാതിക്കാന്‍ നോക്കിയത് നാം കണ്ടതല്ലേ. (ആ അമുക്കല്‍ “മാധ്യമ സ്വാതന്ത്ര്യം” ആകുന്നതിന്റെ ഗുട്ടന്‍സ് മാത്രം ഇപ്പോഴും പിടി കിട്ടുന്നില്ല! എല്ലാ ചുക്കുകളും എല്ലാവര്‍ക്കും എല്ലായ്‌പോഴും പിടി കിട്ടില്ലെന്ന് സമാധാനിച്ചോളാം.)
ഭൂമി ഏറ്റെടുക്കേണ്ട ചുമതല ജില്ലാ ഭരണകൂടത്തിന്റെയാണ്. ഒന്നുകില്‍ ബീനക്ക് അനുവദിച്ച, സ്വന്തം ഇഷ്ടപ്പടി, വ്യവസ്ഥ വെച്ച്, സാവകാശം മാത്രം ഭൂമി വിട്ടുകൊടുത്താല്‍ മതിയെന്ന സ്വാതന്ത്ര്യം ഏതൊരു ഏറ്റെടുക്കല്‍ കേസിലും ഏത് അപ്പാവിക്കും മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണം.
അവരുടെ അനുമതി കൂടാതെ വീടുകള്‍ ഇടിച്ച് പൊളിച്ച് കളഞ്ഞ വിഷയത്തില്‍ ക്രിമിനല്‍ നടപടികള്‍ക്ക് ഉള്‍പ്പടെ അധികാരികള്‍ വിധേയമാകണം. അവരുടെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സത്വരപരിഹാരം കാണണം. അല്ലെങ്കില്‍ ഏത് കൊമ്പത്തെ കോര്‍പ്പറേറ്റില്‍ നിന്നായാലും യാതൊരു സാവകാശവും നെഗോസിയേഷനും ഇല്ലാതെ, സാധാരണക്കാര്‍ക്ക് ഇല്ലാത്ത സവിശേഷമായ ഒരു പ്രിവിലെജും അനുവദിക്കാതെ ഇത്തരം പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കേണം. അക്കാര്യത്തില്‍ അമാന്തം വരുത്തിയതിന് “ജില്ലാ അധികാരി”യെ ശിക്ഷിക്കണം.
ബീന കണ്ണന്‍
സങ്കടം പറയാന്‍ ചെന്ന 92കാരിയുള്‍പ്പെടെയുള്ളവരെ ജലപാനം നല്‍കാതെ 24 മണിക്കൂര്‍ തടങ്കലില്‍ വെച്ച്, സാധനസാമഗ്രികള്‍ എന്തിന് രേഖകള്‍ പോലും എടുത്ത് മാറ്റാന്‍ അനുവദിക്കാതെ അവരുടെ വീടുകള്‍ ഇടിച്ച് നിരത്തി ബലമായി സ്ഥലം ഏറ്റെടുത്ത ജില്ലാ കളക്ടറും മേയറും അതിന് കുടചൂടിയ മാഫിയാ പാരമ്പര്യമുള്ള എം.എല്‍.എയും തന്നെയാണ്, ശീമാട്ടി വിഷയത്തില്‍ ബീനയുടെ താളത്തിന് തുള്ളിയതും, ഒരു മാസത്തിലേറെ അവരുടെ ടേംസ് അനുസരിച്ചുള്ള അനുമതിയും യാചിച്ച് പിറകെ ചെന്നതും… അവര്‍ക്കെതിരെയായിരുന്നു സാമൂഹ്യ പ്രതിബദ്ധരേ, നിങ്ങളുടെ രോഷം വഴി തിരിച്ച് വിടേണ്ടിയിരുന്നത്. ശീമാട്ടിയുടെ പേ ലിസ്റ്റില്‍ കേറിപ്പറ്റിയത് കൊണ്ടോ ഭരണകൂട തിട്ടൂരം കേട്ടോ കലക്ടര്‍ മുട്ടില്‍ ഇഴഞ്ഞതിന് ബീനയെ ഭള്ള് പറഞ്ഞിട്ട് കാര്യമുണ്ടോ?
പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപ്പാക്കിയത്, 48 മണിക്കൂര്‍ നോട്ടീസ് നല്‍കി, 92 വയസ്സുള്ള കുഞ്ഞുകുഞ്ഞമ്മ എന്ന ആരോരുമില്ലാത്ത വൃദ്ധയുടെതുള്‍പ്പെടെയുള്ള വീടുകള്‍ ഇടിച്ച് നിരപ്പാക്കി അവരെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് കൊണ്ടായിരുന്നു. കൃത്യമായ പുനരധിവാസ പാക്കേജ് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ സമരത്തിലായിരുന്നു. അവര്‍ക്ക് യാതൊരു സാവകാശവും നല്‍കപ്പെട്ടില്ല.
മെട്രോക്ക് 16 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ ശീമാട്ടി ഗ്രൂപ്പ് ഒഴികെ ബാക്കിയെല്ലാവരും സമ്മതപത്രം ഒപ്പിട്ട് നല്‍കിയതിന്‍ പിന്നീടും നാല് മാസത്തിലേറെ സാവകാശം നല്‍കി, ഔദ്യോഗിക സംവിധാനങ്ങള്‍ ബീനയുടെ വീട്ട് പടിക്കലും ഓഫീസ് പടിക്കലുമായി മുഖം കാണിക്കാന്‍ കാത്തു കെട്ടി നിന്നു, ഏത് വ്യവസ്ഥയിലും അനുമതി പത്രം ഒപ്പിട്ട് കിട്ടിയാല്‍ മതി എന്ന് യാചിക്കാന്‍ എന്നോണം.
അന്നൊന്നും കനിയാതിരുന്ന അവര്‍ ഇപ്പോള്‍ ഭൂമി നല്‍കുന്നത് നിരുപാധികമാണോ അതല്ല ഹിഡന്‍ വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് കൊണ്ടാണോ എന്ന് ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഡാമേജ് ആ സ്ഥലം കയ്യൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തെക്കാള്‍ പതിന്മടങ്ങ് വലുതാകുമെന്ന് ബീനയിലെ ബിസിനസുകാരി തിരിച്ചറിഞ്ഞതുമാകാം.
എല്ലാവരും തുല്യരായ ജനാധിപത്യ സംവിധാനത്തിലാണ് നമ്മള്‍. ചിലര്‍ ചിലരെക്കാള്‍ “കൂടുതല്‍ തുല്യരാണ്” എന്ന് മാത്രം. ഒരു വശത്ത് സാധാരണക്കാരന്റെ വീടുകള്‍ വസ്തുവകകള്‍ക്കും സമ്പാദ്യങ്ങള്‍ക്കുമൊപ്പം, അവ മാറ്റാന്‍ മണിക്കൂറുകള്‍ പോലും അധിക സാവകാശം നല്‍കാതെ, ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്ത് സ്ഥലം ബലമായി പിടിച്ചെടുത്തു അവരെ നിരാലംബരായി തെരുവിലേക്ക് ഇറക്കി വിടുമ്പോള്‍ തന്നെയാണ്, മറുവശത്ത്, സ്ഥലം തന്നുകൂടെ എന്ന അപേക്ഷയുമായി ബഡാ വ്യാപാരിയുടെ അപ്പോയിന്‍മെന്റിന് അധികാരികള്‍ മാസങ്ങളോളം കാത്തുകെട്ടി നില്‍ക്കുന്നത്; ആ ഏറ്റെടുക്കല്‍ വൈകുന്നത് കൊണ്ട് ഖജനാവിന് ഉണ്ടായ നഷ്ടം വിഷയമല്ലാതെ പോകുന്നത്; തരില്ലെന്ന് അവര്‍ കട്ടായം പറഞ്ഞാല്‍ ചെലവഴിച്ച കോടികള്‍ വെള്ളത്തിലാക്കി ചിലപ്പോള്‍ പദ്ധതി തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ചേക്കാനും മടിക്കാത്തത്.
ഒരു നഗരത്തില്‍ ഒരേ സമയത്ത് സംഭവിക്കുന്ന ഈ രണ്ട് ഉദാഹരണങ്ങള്‍, നാം മനസിലാക്കുന്നപോലെ രണ്ട് തരം സമീപങ്ങള്‍ അല്ല; ഒരൊറ്റ നയത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. കൊട്ടിഘോഷിക്കുന്ന “വികസനം” ആരുടെ താല്‍പര്യത്തിന് അനുസൃതമായിരിക്കണം, ആരുടെ ചെലവില്‍ വേണം എന്നതിലുള്ള സുനിശ്ചിതമായ “നയരേഖ”യുടെ നിദര്‍ശനമാണവ.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി കുടിവെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ നാം പണ്ടുമുതലേ എണ്ണിപ്പോന്നു. ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനോ മെച്ചപ്പെടുത്തുന്നതിനോ ആയിരുന്നു പരിമിതമായ ആഗ്രഹങ്ങള്‍ മാത്രമുണ്ടായിരുന്ന പൂര്‍വ്വിക മനുഷ്യന്‍ ശ്രദ്ധയൂന്നിയിരുന്നത്. ഒരു ക്ഷേമരാഷ്ട്രത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഇവ പ്രദാനം ചെയ്യുക എന്നതായിരിക്കണം വികസനത്തിന്റെ പ്രഥമ മാനദണ്ഡം. വ്യവസായസംരംഭങ്ങളും, തൊഴിലിടങ്ങളും റോഡുകളും പാലങ്ങളുമൊക്കെ ഉയര്‍ന്നുവരുന്നത് മൊത്തം പൗരന്മാരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്ന് നാം കരുതി; അല്ലെങ്കില്‍ രാഷ്ട്രീയ മേലാളന്‍മാര്‍ അത്തരം വ്യാമോഹങ്ങള്‍ നമ്മില്‍ നട്ട് വളര്‍ത്തി. അങ്ങനെ നമ്മില്‍ സിംഹഭാഗവും വികസനത്തിന് വേണ്ടി നിലകൊണ്ടു. സിനിക്കല്‍ ആയി നിലകൊണ്ടവരെ, ചോദ്യങ്ങള്‍ ഉതിര്‍ത്തവരെയൊക്കെ “വികസനവിരുദ്ധര്‍” എന്ന് പുച്ഛിച്ചു; ശപിച്ചു.
എന്താണ് നമ്മുടെ അധികാരിവര്‍ഗ്ഗം മുന്നോട്ട് വയ്ക്കുന്ന “വികസന മാതൃകകള്‍”? അടിസ്ഥാനവര്‍ഗത്തിന്റെ ജലസ്രോതസ്സുകള്‍ വറ്റിച്ചും മലിനമാക്കിയും ഫാക്ടറികള്‍ ഉയര്‍ത്തുക, അവരുടെ പാര്‍പ്പിടങ്ങള്‍ ഇല്ലാതാക്കി തെരുവിലേക്ക് തള്ളിക്കൊണ്ട് റോഡുകളും പാലങ്ങളും പണിയുക, അവര്‍ക്ക് മെച്ചപ്പെട്ടതോ തത്തുല്യമോ ആയ പുനരധിവാസം ഉറപ്പ് വരുത്തുന്നില്ല. ഒരു സാവകാശവും നല്‍കുന്നില്ല; യാതൊരു ദാക്ഷിണ്യവും കാട്ടുന്നില്ല. എതിര്‍ത്താല്‍ വെടിയുണ്ടകള്‍ വരെ പ്രയോഗിക്കാന്‍ മടിക്കുകയുമില്ല. “ഞങ്ങള്‍ ഉന്നമിടുന്ന “വികസനം” നിങ്ങളുടെ ചെലവില്‍ വേണം; നിങ്ങള്‍ അതിനുവേണ്ടി ത്യാഗങ്ങള്‍ സഹിക്കണം. സഹിച്ചേ തീരൂ…”
മറുപുറം, ആരാണിതിന്റെ ഗുണഭോക്താക്കള്‍? ആരുടേതാണ് ആ വന്‍കിട ഫാക്ടറികള്‍? ആര്‍ക്കു പറന്നു നടക്കാനാണ് റോഡുകള്‍ വീതി കൂട്ടുന്നത്? ആര്‍ക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് ധൃതിപ്പെട്ട് പാലങ്ങള്‍ പണിയുന്നത്? തീര്‍ച്ചയായും ഇവിടത്തെ പാവപ്പെട്ടവന്റേതല്ല അവ. അവന്റെ കുഞ്ഞിന് അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിപ്പെടാന്‍ എന്ന കരുതലിലുമല്ല റോഡുകളും പാലങ്ങളും പണിയുന്നത്. അവ സമ്പന്ന വരേണ്യ വര്‍ഗത്തിന്റെ സൗകര്യത്തിനും കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കും അനുസൃതമായാണ്.
അപ്പോള്‍ ആ വരേണ്യവര്‍ഗ്ഗം ചെറിയ പിഴയെങ്കിലും ഒടുക്കണ്ടേ? “വേണ്ടതില്ല” എന്ന സന്ദേശമാണ്, അവരെ അതിന് നിര്‍ബന്ധിച്ചുകൂടാ എന്ന പാഠമാണ് ഭൂമി ഏറ്റെടുക്കല്‍ പോലെയുള്ള വിഷയം വരുമ്പോള്‍ കോര്‍പ്പറേറ്റുകളോട് പുലര്‍ത്തുന്ന മൃദുസമീപനത്തിലൂടെ ഭരണവര്‍ഗം നമ്മോട് പറഞ്ഞു തരുന്നത്. സ്വമേധയാ അവര്‍ തയ്യാറല്ലെങ്കില്‍ ദയാവായ്പ് തോന്നി മനസ്സ് മാറും വരെ കാത്ത് നില്‍ക്കാനും അവരുടെ ഔദാര്യത്തിന് പുറത്തെന്നോണം അവര്‍ പറയുന്നിടത്ത് ഒപ്പിടാനും, പിടിച്ച പിടിയില്‍ നില്‍ക്കുകയാണെങ്കില്‍ പദ്ധതി തന്നെ ഉപേക്ഷിക്കാനും അധികാരികള്‍ തയ്യാറാകും എന്നത് കട്ടായം.
ഇവിടത്തെ മണ്ണും വെള്ളവും വായുവും ആകാശവുമെല്ലാം ആത്യന്തികമായി കോര്‍പ്പറേറ്റുകള്‍ക്ക് അവകാശപ്പെട്ടതാണ്. അവര്‍ക്ക് വേണ്ടി ആരില്‍ നിന്നും പിടിച്ചെടുക്കാം; തട്ടിപ്പറിക്കാം. നിയമാനുസൃതമായോ അല്ലാതെയോ അവര്‍ അധീനപ്പെടുത്തിയ ഭൂമിയാകട്ടെ, എത്രമേല്‍ അടിസ്ഥാന ആവശ്യത്തിനായാലും വിട്ട് തരണമോ എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഇതാണ് പുതുപാഠം. ഈ നയസമീപനങ്ങളില്‍, കേന്ദ്രത്തിലാകട്ടെ കേരളത്തിലാകട്ടെ, ഊഴമിട്ട് ഭരിക്കുന്ന മുന്നണികള്‍ക്ക് അഭിപ്രായവ്യതിയാനമൊട്ടുമില്ല.
ഈ രാജ്യം നിനക്കൊന്നും സ്ത്രീധനമായി എഴുതിത്തന്നതല്ലല്ലോ എന്ന് ഈ “അധികാരി”കളോട് ഉറക്കെ പറയാന്‍ എന്നിട്ടും നമുക്ക് ആകുന്നില്ലല്ലോ!