| Friday, 19th July 2019, 11:05 am

''ചിലര്‍ക്ക് പ്രമേഹമുണ്ട്, ചിലര്‍ക്ക് ബി.പിയും; സമയത്തിന് ഭക്ഷണം കഴിക്കണം''; വിധാന്‍ സൗധയില്‍ ധര്‍ണ നടത്തുന്ന ബി.ജെ.പിക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് ഉപമുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ രാത്രി വൈകിയും ധര്‍ണയിരിക്കുന്ന ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ധര്‍ണയിരിക്കുന്ന ബി.ജെ.പിക്കാര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത്. അവര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നായിരുന്നു ജി. പരമേശ്വര പ്രതികരിച്ചത്.

” ധര്‍ണ നടത്തുന്ന ബി.ജെ.പി നേതാക്കളില്‍ പലര്‍ക്കും രക്തസമ്മര്‍ദ്ദവും ഷുഗറും മറ്റ് അസുഖങ്ങളും ഉണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ അവര്‍ മണിക്കൂറുകളോളം ഇരിക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ചെയ്തത്. രാഷ്ട്രീയത്തിന് അപ്പുറത്ത് അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് ഇതുംകൂടിയാണ്”- ജി. പരമേശ്വര പറഞ്ഞു.

ധര്‍ണയിരിക്കുന്ന എം.എല്‍.എമാരുടെയടുത്ത് അതിരാവിലെ എത്തിയ പരമേശ്വര അവര്‍ക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിച്ചതും. മുതിര്‍ന്ന നേതാവ് ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രാത്രി വിധാന്‍ സൗധയുടെ നടുത്തളത്തിലാണ് കിടന്നുറങ്ങിയത്.

രാത്രി വിധാന്‍ സൗധയില്‍ തങ്ങിയ എം.എല്‍.എമാരില്‍ പലരും രാവിലെ തന്നെ പ്രഭാത സവാരിക്കും യോഗയ്ക്കും മറ്റുമായി സമയം ചിലവിട്ടിരുന്നു. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി ധര്‍ണ നടത്തുന്നത്.

We use cookies to give you the best possible experience. Learn more