| Monday, 30th January 2023, 5:04 pm

രവി തേജയെ 'ചിന്ന ഹീറോ'യെന്ന് വിളിച്ച് ചിരഞ്ജീവി; കട്ടകലിപ്പില്‍ ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യയുടെ ഗ്രാന്‍ഡ് സക്‌സസ് മീറ്റ് ഇന്നലെ രാത്രി വാറങ്കലില്‍വെച്ച് നടന്നു. ആചാര്യയുടെയും ഗോഡ്ഫാദറിന്റെയും പരാജയങ്ങള്‍ക്ക് ശേഷം ചിരഞ്ജീവിക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വലിയ ആശ്വാസമായിരുന്നു ഈ സിനിമയുടെ വിജയം.

സക്‌സസ് മീറ്റില്‍ ചിരഞ്ജീവി പറഞ്ഞ ചില വാക്കുകള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നടന്‍ രവി തേജയെ അദ്ദേഹം ചുംബിച്ചതിനെക്കുറിച്ച് സംവിധായകന്‍ ബോബി പറഞ്ഞ ഒരു കാര്യമാണ് എന്ന രീതിയില്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ വിമര്‍ശനാത്മകമായി ഏറ്റെടുത്തിരിക്കുന്നത്.

താന്‍ രവി തേജയെ ചുംബിച്ചത് കണ്ട് സംവിധായകന്‍ ബോബി അത്ഭുതപ്പെട്ടുവെന്നും ‘നിങ്ങള്‍ ചുംബിച്ചതിലൂടെ അദ്ദേഹം കൂടുതല്‍ ഉയര്‍ന്നു, വലിയ ഹീറോസ് ചെറിയ ഹീറോസിനെ ചുംബിക്കാറില്ലല്ലോ’യെന്ന് സംവിധായകന്‍ ബോബി തന്നോട് പറഞ്ഞുവെന്നുമാണ് ചിരഞ്ജീവി സക്‌സസ് മീറ്റില്‍ പറഞ്ഞത്.

ഇതാണ് രവി തേജ ആരാധകരെ ചൊടിപ്പിച്ചത്. ചെറിയ നായകന്‍ എന്ന് രവി തേജയെ വിശേഷിപ്പിച്ചതിനെതിരെയാണ് ആരാധകരുടെ വിമര്‍ശനം. പൊതു സമൂഹത്തില്‍ ചിരഞ്ജീവി കുറച്ചുകൂടെ ജാഗ്രത പുലര്‍ത്തണമെന്നും രവി തേജ ഇന്നൊരു സ്റ്റാര്‍ ഹീറോയാണെന്നും ഇവര്‍ പറഞ്ഞു.

ചിരഞ്ജീവിയെ ചുറ്റിപ്പറ്റിയുള്ളവരും ആരാധകരും സാവധാനം സിനിമയുടെ ക്രെഡിറ്റ് രവി തേജയില്‍ നിന്ന് അകറ്റാന്‍ തുടങ്ങി. രവി തേജയുടെ പേരില്‍ മാത്രം പരാമര്‍ശിച്ച് റിലീസ് ചെയ്ത ചിത്രം, പൂര്‍ണമായും എല്ലായിടത്തും ചിരഞ്ജീവിയുടേതായിരിക്കുകയാണെന്നും ആരാധകര്‍ക്ക് പരാതിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടിട്ടാവാം രവി തേജ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്.

വാള്‍ട്ടയര്‍ വീരയ്യയില്‍ രവി തേജയുടെ കഥാപാത്രം ഇല്ലായിരുന്നെങ്കില്‍ സിനിമ വെറും ക്രിഞ്ചായി മാറുമായിരുന്നുവെന്ന കാര്യം എല്ലാവരും വിസ്മരിച്ചുവെന്നും ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്നുവന്ന താരമാണ് രവി തേജയെന്നും ഇന്ന് അദ്ദേഹം നല്ലൊരു സ്റ്റാറാണെന്നും കമന്റുകള്‍ ഉണ്ട്.

ചിരഞ്ജീവിയോട് ചിലപ്പോള്‍ അദ്ദേഹത്തിന് പരാതി കാണില്ല, പക്ഷെ ചെറിയ നായകന്‍ എന്ന് വിളിച്ചത് തീര്‍ച്ചയായും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് ചില ചിരഞ്ജീവി ആരാധകരും അഭിപ്രായപ്പെട്ടു. ചിരഞ്ജീവിയുടെ മകന്‍ രാം ചരണും പൊതു വേദിയില്‍ രവി തേജയോട് റെസ്‌പെക്ട് ഇല്ലാതെയാണ് സംസാരിക്കാറുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ രവി തേജയെ ചെറിയ നടന്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സ്വന്തം ആരാധകരില്‍ നിന്ന് പോലും ചിരഞ്ജീവിക്ക് നേരെ ഉണ്ടാവുന്നത്.

അതേസമയം, വാല്‍ട്ടയര്‍ വീരയ്യ ജനുവരി 13 നാണ് തിയേറ്ററുകളില്‍ എത്തിയിരുന്നത്. ചിരഞ്ജീവിക്കും രവി തേജക്കും പുറമെ ശ്രുതി ഹാസന്‍, കാതറിന്‍ ട്രീസ, പ്രകാശ് രാജ്, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ബോബി കൊള്ളിയാണ് ചിത്രം സംവിധാനം ചെയ്തത്.

content highlight: Some of the words spoken by Chiranjeevi at the success meet are now controversial

We use cookies to give you the best possible experience. Learn more