കില്ലര്‍ എന്തിനാണ് എപ്പോഴും ബൈബിളും പിടിച്ച് നടക്കുന്നത്, രാമായണമോ മഹാഭാരതമോ വായിക്കുന്ന കില്ലറായാലോ; സീരിയസ് മോഡിനെ ലൈറ്റാക്കി പാപ്പനിലെ വിജയ രാഘവന്‍
Film News
കില്ലര്‍ എന്തിനാണ് എപ്പോഴും ബൈബിളും പിടിച്ച് നടക്കുന്നത്, രാമായണമോ മഹാഭാരതമോ വായിക്കുന്ന കില്ലറായാലോ; സീരിയസ് മോഡിനെ ലൈറ്റാക്കി പാപ്പനിലെ വിജയ രാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th July 2022, 10:18 pm

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന്‍ ജൂലൈ 29ന് റിലീസ് ചെയ്തിരിക്കുകയാണ്. ക്രൈം ത്രില്ലറായെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യദിവസം മുതലേ പ്രേക്ഷകരുടെ അടുത്ത് നിന്നും ലഭിക്കുന്നത്.

പതിവ് ജോഷി ചിത്രങ്ങളില്‍ നിന്നും കളം മാറ്റിപിടിച്ച ചിത്രം പ്രേക്ഷകനെ എന്‍ഗേജ് ചെയ്താണ് കഥാഗതിയില്‍ മുന്നേറുന്നത്. സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നിത പിള്ള, നൈല ഉഷ, കനിഹ, ഗോകുല്‍ സുരേഷ്, വിജയ രാഘവന്‍, ഷമ്മി തിലകന്‍, സജിത മഠത്തില്‍ എന്നിങ്ങനെ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

***********************spoiler alert**************************

പാപ്പനില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് വിജയ രാഘവന്‍ അവതരിപ്പിച്ച എസ്.പി. ഭാസ്‌കര്‍ ഷെണോയ് ഐ.പി.എസ്. വളരെ സീരിയസ് ആയി പോകുന്ന ചിത്രത്തിന്റെ മൂഡിനെ ഇടയ്ക്ക് ലൈറ്റാക്കുന്നത് വിജയ രാഘവന്റെ ചില ഡയലോഗുകളാണ്.

സമീപകാലത്ത് പുറത്തിറങ്ങിയ സൈക്കോ കില്ലര്‍ സിനിമയിലെ ബൈബിള്‍ റിഫറന്‍സ് ഇടക്ക് പാപ്പനിലും വരുന്നുണ്ട്. കൊലപാതക സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ചില റാന്‍ഡം നമ്പറുകളെ പറ്റിയുള്ള അന്വേഷണത്തില്‍ ബൈബിളും കടന്നുവരുന്നു. കില്ലര്‍ ആരെന്നുള്ള ചര്‍ച്ചക്കിടയില്‍ ബൈബിളിലെ വാക്യം തിരയുന്ന എ.എസ്.ഐ രാഘവനോട് ‘കില്ലര്‍ എന്തിനാണ് ബൈബിളും പൊക്കി പിടിച്ചോണ്ട് നടക്കുന്നത്, വെല്ല രാമായണവോ മഹാഭാരതമോ വായിക്കുന്ന കില്ലറായാലോ’ എന്ന വിജയ രാഘവന്റെ ഡയലോഗ് ചിരിക്ക് വക നല്‍കുന്നതാണ്.

ജുവല്‍ മേരി അവതരിപ്പിക്കുന്ന നോവലിസ്റ്റ് കഥാപാത്രം കൊലപാതകികളുടെ മാനസികാവസ്ഥകളെ പറ്റി പ്രഭാഷണം നടത്തുമ്പോഴുമുള്ള വിജയ രാഘവന്റെ മാനറിസങ്ങളും ഡയലോഗുകളും രസകരമായിരുന്നു. പൊലീസിനെ കുഴച്ചു മറിച്ച ഒരു കൊലപാതകിയുടെ പിന്നാലെ ഓടുന്ന ഉദ്യോഗസ്ഥന്റെ ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

May be an image of 2 people and indoor

സലാം കശ്മീരിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവം തന്നെയാണ് നല്‍കുന്നത്. ആര്‍.ജെ. എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന പാപ്പനില്‍ മകന്‍ ഗോകുല്‍ സുരേഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍മീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

Content Highlight: Some of the dialogues of Vijaya Raghavan lighten the mood of the film paappan which is very serious