ചില രാജ്യങ്ങള്‍ അവരുടെ വിദേശ നയത്തിന്റെ ഭാഗമായി തീവ്രവാദികളെ പിന്തുണക്കുന്നു, ഇന്ത്യ ഒരു രൂപ പോലും അതിനായി ചെലവഴിക്കില്ലെന്ന് ഉറപ്പുവരുത്തും: പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഭീകരാക്രമണം സ്വാതന്ത്ര്യത്തിനും മനുഷ്യത്വത്തിനുമെതിരാണെന്നും, അവയോടുള്ള സമീപനം അത് എവിടെയാണ് നടക്കുന്നത് എന്നത് നോക്കി വ്യത്യാസപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ആക്രമണങ്ങളും ഒരേ രോഷം അര്‍ഹിക്കുന്നു, തീവ്രവാദത്തിന് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ട്. ആ നിലപാട് അങ്ങനെ തന്നെ തുടരും. തീവ്രവാദത്തിന്റെ വേര് ഇന്ത്യ അറക്കുക തന്നെ ചെയ്യുമെന്നും മോദി അഭിപ്രായപ്പെട്ടു. തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടന്ന ‘നോ മണി ഫോര്‍ ടെറര്‍’ അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഇത് ഗൗരവമായി നോക്കിക്കാണുന്നതിന് മുമ്പ് ഇന്ത്യ തീവ്രവാദ ഫണ്ടിങ്ങിനെ ശക്തമായി ചെറുത്തതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു രൂപ പോലും തീവ്രവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ആസൂത്രിത ശക്തികളാണ് തീവ്രവാദ ഫണ്ടിങ്ങിന് പിന്നിലുള്ളത്. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂതന സാങ്കേതിക വിദ്യകള്‍ പോലും തീവ്രവാദ ഫണ്ടിങ്ങിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും, ആ സാഹചര്യത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും തീവ്രവാദത്തെ ചെറുക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘പതിറ്റാണ്ടുകളായി ഭീകരവാദം വ്യത്യസ്ത പേരുകളിലും രൂപങ്ങളിലുമായി ഇന്ത്യയെ വേദനിപ്പിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി, പക്ഷേ തീവ്രവാദത്തിനെതിരെ ഇന്ത്യ ധീരമായി പോരാടി,
ചെറിയ ഒരു ആക്രമണം പോലും ഇന്ത്യ ഗൗരവമായി കണക്കാക്കുന്നു, എല്ലാ ജീവനുകളും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. ഇക്കാരണങ്ങളാല്‍ തീവ്രവാദത്തെ പിഴുതെറിയുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല,’ നരേന്ദ്ര മോദി പറഞ്ഞു.
അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാത്ത പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചില രാജ്യങ്ങള്‍ അവരുടെ വിദേശ നയത്തിന്റെ ഭാഗമായി തീവ്രവാദികളെ പിന്തുണക്കുന്നുവെന്നും മോദി പറഞ്ഞു.
‘അവര്‍ തീവ്രവാദികള്‍ക്ക് രാഷ്ട്രീയപരമായും നയപരമായും സാമ്പത്തികമായും പിന്തുണ നല്‍കുന്നു, അത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ചെലവ് ആ രാജ്യങ്ങളുടെ മേല്‍ ചുമത്തണം,’ മോദി കൂട്ടിച്ചേര്‍ത്തു.