കെയ്‌റോ: അമേരിക്കയില്‍ ദുരിതം വിതച്ച സാന്‍ഡി കൊടുങ്കാറ്റ് ദൈവ ശിക്ഷയാണെന്ന് ചില പുരോഹിതന്മാര്‍. ഇസ്‌ലാം മതത്തിനും പ്രവാചകനുമെതിരായി സിനിമയെടുത്തതിനുള്ള ശിക്ഷയാണത്രേ സാന്‍ഡി കൊടുങ്കാറ്റ്! ഈജിപ്തിലെ ചില മുസ്‌ലിം പുരോഹിതന്മാരാണ് സാന്‍ഡി കൊടുങ്കാറ്റ് ദൈവശിക്ഷയാണെന്ന വാദവുമായി എത്തിയിരിക്കുന്നത്.[]
എന്നാല്‍ പുരോഹിതന്മാരുടെ ഈ വാദത്തെ അമേരിക്കയിലെ മുസ്‌ലീംകള്‍ തന്നെ എതിര്‍ക്കുകയാണ്.
അതേസമയം, കൊടുങ്കാറ്റില്‍ ഇതുവരെ 164 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കാറ്റ് ശാന്തമായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രധാന അടിപ്പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം പുനരാരംഭിച്ചു. ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചും പ്രവര്‍ത്തനം തുടങ്ങി.
എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയിലെ അറുപത് ലക്ഷത്തോളം വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. മണ്ണൊലിപ്പു കാരണം ന്യൂജഴ്‌സിയില്‍ 20,000 പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
സാന്‍ഡി കൊടുങ്കാറ്റ് ശമിച്ചതോടെ അമേരിക്കയില്‍ നിര്‍ത്തിവെച്ച തിരഞ്ഞെടുപ്പ് പ്രചരണം ഇരു സ്ഥാനാര്‍ത്ഥികളും പുനരാരംഭിച്ചു. വടക്ക്കിഴക്കന്‍ ഭാഗങ്ങളില്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.