മലയാളികൾ ഏവരും ആടുജീവിതത്തിനായി കാത്തിരിക്കുകയാണ്. ബെന്യാമിൻ മലയാളികൾക്ക് മുമ്പിൽ വരച്ചിട്ട ആടുജീവിതമെന്ന പുസ്തകത്തെ ബ്ലെസിയെ പോലൊരു സംവിധായകൻ ചലച്ചിത്രാവിഷ്ക്കാരമായി ഒരുക്കുമ്പോൾ പ്രേക്ഷകരുടെ വായനാനുഭവത്തിനപ്പുറം കാണാൻ കഴിയുമോയെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
നജീബായി മാറാൻ പൃഥ്വിരാജ് നടത്തിയ മേക്കോവർ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നോക്കികണ്ടത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസിനൊരുങ്ങുകയാണ്. എല്ലാ മലയാളികൾക്കും അറിയുന്ന വ്യക്തിയാണ് നജീബ്. നജീബിന്റെ ജീവിതാനുഭവമാണ് ആടുജീവിതം. ആദ്യമായിട്ടല്ല മലയാളത്തിൽ ഒരു ജീവചരിത്രം വരുന്നത്. അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ ഇറങ്ങിയ ചില സിനിമകൾ പരിശോധിക്കാം.
ക്യാപ്റ്റൻ
ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ സ്പോർട്സ് ഡ്രാമ ചിത്രമായിരുന്നു ക്യാപ്റ്റൻ. 2018ൽ ഇറങ്ങിയ ഈ ചിത്രം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനായ വി.പി സത്യന്റെ ജീവചരിത്രമായിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം ജയസൂര്യയുടെ മികച്ച പ്രകടനത്തിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു.
മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി കായിക രംഗത്തെ ഒരു വ്യക്തിയുടെ ജീവചരിത്രം പറഞ്ഞ ചിത്രമാണ് ക്യാപ്റ്റൻ. വി.പി സത്യൻ ഇന്ത്യൻ ഫുട്ബോളിന് ആരായിരുന്നു എന്ന് തുറന്ന് കാട്ടിയ സിനിമ വി. പി സത്യനെ കൂടുതൽ മലയാളികൾക്കിടയിലേക്ക് എത്തിക്കാനും കൂടെ സഹായിച്ചിട്ടുണ്ട്. 1991മുതൽ 1995 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
എന്ന് നിന്റെ മൊയ്തീൻ
മറ്റൊരു പൃഥ്വിരാജ് ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ പ്രണയ ചിത്രം കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ. ആർ.എസ്. വിമൽ സംവിധാനം ചെയ്ത ചിത്രം ബി.പി മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയകഥയാണ് പറഞ്ഞത്. 1960കളിൽ കോഴിക്കോട് മുക്കത്ത് ജീവിച്ചിരുന്ന മൊയ്തീനായി പൃഥ്വിരാജ് സ്‌ക്രീനിൽ എത്തിയപ്പോൾ കാഞ്ചനമാലയായി പാർവതി തിരുവോത്തും വേഷമിട്ടു.
22 വർഷത്തോള്ളം കടുത്ത നിയന്ത്രണത്തോടെ വീട്ടിൽ താമസിക്കേണ്ടി വരുന്ന കാഞ്ചനമാലയും മൊയ്‌തീനും ആശയവിനിമയത്തിനായി അവരുടെ രീതിയും കണ്ടെത്തിയിരുന്നു. ഹൃദയസ്പർശിയായ കഥയെ അതുപോലെ തന്നെ പകർത്തിയപ്പോൾ മലയാളത്തിന് ലഭിച്ചത് വേറിട്ട ഒരു ചലച്ചിത്രാവിഷ്ക്കാരമായിരുന്നു.
സെല്ലുലോയ്ഡ്
മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലായി പൃഥ്വിരാജ് പകർന്നാടിയ ചിത്രമാണ് സെല്ലുലോയ്ഡ്. കമൽ സംവിധാനം ചെയ്ത ചിത്രം വിഗതകുമാരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിന്റെ ഭാഗയമായി ജെ.സി. ഡാനിയൽ നേരിട്ട ബുദ്ധിമുട്ടുകളും അതുവഴി നടിയായ പി.കെ റോസിയുടെ ജീവിതവുമാണ് അവതരിപ്പിച്ചത്.
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ.സി ഡാനിയേലിന്റെ ജീവചരിത്രമായ ലൈഫ് ഓഫ് ജെ.സി. ഡാനിയേലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.
പഴശ്ശിരാജ
എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചരിത്ര സിനിമയാണ് കേരളവർമ്മ പഴശ്ശിരാജ. പഴശ്ശിരാജയായി മമ്മൂട്ടി വേഷമിട്ട ചിത്രം നിരവധി താരങ്ങളാലും സമ്പന്നമായിരുന്നു. ശരത് കുമാർ, കനിഹ, പത്മപ്രിയ, മനോജ് കെ. ജയൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിം, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയ നിരവധി ദേശീയ അവാർഡുകളും 8 സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ പഴശ്ശിരാജയായി മമ്മൂട്ടിയുടെ അത്യുഗ്രൻ പ്രകടനമായിരുന്നു മലയാളികൾ കണ്ടത്. പഴശ്ശിയുടെ ഗറില്ല പോരാട്ടവും ഒളിപ്പോരുമെല്ലാം മലയാളികൾക്ക് മുമ്പിൽ ഹരിഹരൻ ഗംഭീരമായി അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു.
യുഗപുരുഷൻ
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി അരുവിക്കര പ്രസ്ഥാനം, വൈക്കം സത്യാഗ്രഹം തുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ തുറന്നുകാട്ടിയ ചിത്രമായിരുന്നു യുഗപുരുഷൻ.
ആർ. സുകുമാരൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ തലൈവാസൽ വിജയ് ആയിരുന്നു ശ്രീനാരായണഗുരുവായി വേഷമിട്ടത്. മമ്മൂട്ടി, കലാഭവൻ മണി, നവ്യ നായർ, കല്പന തുടങ്ങിയവരും സിനിമയിൽ ചില കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2010ലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ആമി
കവിയും എഴുത്തുക്കാരിയുമായ മാധവികുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ആമി. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മാധവിക്കുട്ടിയുടെ ജീവിതം, ബാല്യം, കുടുംബജീവിതം ഇസ്ലാമിലേക്കുള്ള പരിവർത്തനം തുടങ്ങിയവയാണ് കാണിക്കുന്നത്.
മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നടി വിദ്യാബാലനെയായിരുന്നു ആദ്യമായി ചിത്രത്തിന് പരിഗണിച്ചത്. എന്നാൽ പിന്നീടത് മഞ്ജു വാര്യറിലേക്ക് എത്തുകയായിരുന്നു.
യാത്ര
വൈ. എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിച്ച ചിത്രമാണ് യാത്ര. മഹി. വി. രാഘവ് സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ യാത്ര മലയാളത്തിലും തമിഴിലും ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2004 മെയ് മുതൽ 2009 ജൂൺ വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈയിടെ തിയേറ്ററുകളിൽ എത്തിയിരുന്നു.
Content Highlight: Some movies in Malayalam based on a person’s life