| Monday, 21st September 2020, 3:44 pm

'കാര്‍ഷിക രംഗത്ത് ചരിത്രപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ചിലര്‍ക്ക് നിലതെറ്റിയെന്ന് തോന്നുകയാണ്'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ കര്‍ഷക ബില്ല് ചരിത്രപരവും അനിവാര്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഈ നിയമം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. വിവാദങ്ങളുടെ സൃഷ്ടാക്കളാണ് പ്രതിപക്ഷമെന്നും കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ നുണകള്‍ കൊണ്ട് കര്‍ഷകരെ വഞ്ചിക്കുകയാണവരെന്നും മോദി കൂട്ടിച്ചേര്‍ത്തു. താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നത് വര്‍ഷങ്ങളോളം വൈകിപ്പിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഒമ്പത് ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ബീഹാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ കാര്‍ഷിക നയത്തിന്റെ ഗുണഭോക്താക്കള്‍ കര്‍ഷകരായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

” കാര്‍ഷിക രംഗത്ത് ചരിത്രപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ചില ആളുകള്‍ക്ക് നില തെറ്റിയെന്ന് തോന്നുകയാണ്.അതുകൊണ്ട് ഈ ആളുകള്‍ കര്‍ഷകരെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്”, എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ ബില്ലുകള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നം എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ പ്രാപ്തരാകും. ഇതൊരിക്കലും കര്‍ഷക താത്പര്യത്തിന് എതിരല്ല, മോദി പറഞ്ഞു.

ഞായറാഴ്ച അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ ശബ്ദവോട്ടെടുപ്പോടെ സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇന്നലെ തന്നെ യോഗം ചേര്‍ന്നിരുന്നു. ഈ സമ്മേളനകാലയളവ് കഴിയുന്നത് വരെയാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Some Fear Control Slipping Away”: PM Modi’s Dig At Opposition On Farm Bills

We use cookies to give you the best possible experience. Learn more