ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദപരമായ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി മത്സരത്തിന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവ വികാസങ്ങളിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് കടന്ന് പോകുന്നത്.
ബ്ലാസ്റ്റേഴ്‌സിനെതിരെ മത്സരത്തിന്റെ അധിക സമയത്ത് കിട്ടിയ ഫ്രീ കിക്ക് ഛേത്രി ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുന്നതിന് മുമ്പ് ഗോളാക്കി മാറ്റിയതിനെതിരെയാണ് ആരാധകർ പ്രതിഷേധം കടുപ്പിക്കുന്നത്.
മത്സരത്തിൽ ബെംഗളൂരുവിന് അനാവശ്യമായി ഗോൾ അനുവദിച്ചു എന്നാരോപിച്ച് കോച്ച് ഇവാൻ ടീമിനെ മത്സര സമയം പൂർത്തിയാവുന്നതിന് മുമ്പ് മൈതാനത്ത് നിന്നും തിരിച്ചു വിളിച്ചിരുന്നു.
ഇതോടെ മത്സരം പൂർത്തിയായ ശേഷം ബെംഗളൂരു സെമി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
ഇതോടെ ഐ.എസ്.എല്ലിനും സുനിൽ ഛേത്രിക്കുമെതിരെ അൺ ഫോളോയിങ് ക്യാമ്പയ്ന് തുടക്കമിട്ട ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിൽ വിജയിക്കുകയും ചെയ്തിരുന്നു. ഐ.എസ്.എൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 1.6 മില്ല്യണിൽ നിന്നും 1.5 മില്ല്യണിലേക്ക് കുറക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി.
എന്നാലിപ്പോൾ മുംബൈ സിറ്റി എഫ്.സിക്കെതിരെയുള്ള ബെംഗളൂരുവിന്റെ മത്സരം ബോയ്കോട്ട് ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്സ് ആരാധകർ.
ടി.വിയിലും ഹോട്സ്റ്റാറിലും മത്സരം കാണരുതെന്നും അനൗദ്യോഗിക ലിങ്കുകൾ വഴി മാത്രം മത്സരം കാണണമെന്നുമാണ് ഒരു വിഭാഗം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇതിലൂടെ ഐ. എസ്.എൽ മത്സരങ്ങളുടെ ടി.ആർ.പി.യും വരുമാനവും കുറക്കാൻ സാധിക്കുമെന്നാണ് ആരാധകർ ഉന്നയിക്കുന്ന പ്രധാന വാദം.
എന്നാൽ ഈ ബഹിഷ്ക്കരണം ഐ.എസ്.എല്ലിൽ മാത്രമൊതുക്കരുതെന്നും ഏപ്രിലിൽ തുടങ്ങുന്ന സൂപ്പർ കപ്പിലും ഈ ബഹിഷ്കരണം വേണമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
അതേസമയം മാർച്ച് ഏഴിന് ഇന്ത്യൻ സമയം രാത്രി 7:30നാണ് മുംബൈയുമായുള്ള ബെംഗളൂരുവിന്റെ ആദ്യ പാദ സെമി മത്സരം.