സെലക്ടര്‍മാര്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു കഴിഞ്ഞ ദിവസത്തെ സഞ്ജുവിന്റെ പ്രകടനം. അക്ഷരാര്‍ത്ഥത്തില്‍ സഞ്ജു സാംസണ്‍ ഷോ എന്ന് വിളിക്കാന്‍ പോന്നതായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ്. സഞ്ജു മികച്ച പ്രകടനം നടത്തിയപ്പോഴും ഇന്ത്യയുടെ പരാജയം തടുക്കാന്‍ അത് പോരാതെ വരികയായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
മത്സരത്തിന്റെ അവസാന നിമിഷം വരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പൊരുതി നോക്കിയെങ്കിലും ജയിക്കാനായില്ല. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ ഉത്തരവാദിത്തമില്ലാത്ത കളി പുറത്തെടുത്തതിനാല്‍ ഇന്ത്യക്ക് നഷ്ടമായത് അര്‍ഹിച്ച വിജയമായിരുന്നു.
മുന്‍നിര ബാറ്റര്‍മാര്‍ കാരണമാണ് ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നതെന്ന് നിസ്സംശയം പറയാം. കാരണം ആറാം ഓവര്‍ എറിയുമ്പോള്‍ പോലും ഇന്ത്യന്‍ സ്‌കോര്‍ പത്ത് കടന്നിരുന്നില്ല എന്നത് ഇതിന്റെ തെളിവാണ്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കം മോശമാക്കിയതാണ് ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായത്. താരത്തിന്റെ മറ്റ് ഇന്നിങ്സുകളെന്ന പോലെ ഇന്ത്യന്‍ സ്‌കോറിങ്ങിന് പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചില്ല. താരത്തിന്റെ ഇന്നിങ്സ് ടീമിനെ നെഗറ്റീവായി ബാധിച്ചു എന്ന് പറഞ്ഞാലും തെറ്റാവില്ല.
16 പന്ത് നേരിട്ട് വെറും 25 സ്ട്രൈക്ക് റേറ്റില്‍ നാല് റണ്‍സ് മാത്രമാണ് താരം നേടിയത്. സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഏഴ് പന്തില്‍ നിന്ന് മൂന്നും ഋതുരാജ് ഗെയ്ക്വാദ് 42 പന്തില്‍ നിന്നും 19 റണ്‍സും നേടി പുറത്തായി.
2.4 ഓവറില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ട് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു. 5.1 ഓവറിലാണ് രണ്ടാം വിക്കറ്റായി ശിഖര്‍ ധവാന്‍ പുറത്താവുന്നത്. അപ്പോഴും ഇന്ത്യന്‍ സ്‌കോര്‍ എട്ടില്‍ തന്നെ ആയിരുന്നു. അതായത് അടുത്ത 15 പന്തില്‍ നിന്നും ഒറ്റ റണ്‍സ് പോലും നേടായിട്ടില്ല എന്ന് സാരം.
ഒരുപക്ഷേ ഇവരില്‍ ഒരാളെങ്കിലും അല്‍പം കൂടി ഉത്തരവാദിത്തത്തോടെ കളിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു.
ഒരുപക്ഷേ, ഇവര്‍ കുറച്ചുനേരത്തെ പുറത്താവുകയാണെങ്കിലും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു. മൂന്നോ നാലോ പന്ത് അധികം ലഭിച്ചിരുന്നുവെങ്കില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സഞ്ജു ഉറപ്പായും ഇന്ത്യയെ വിജയിപ്പിക്കുമായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ 63 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടിയാണ് സഞ്ജു ഇന്ത്യന്‍ ഇന്നിങ്സിന് നെടുംതൂണായത്. ഇതോടെ സ്വന്തം പോര്‍ട്ഫോളിയോയിലെ ഒരു റെക്കോഡ് മാറ്റിയെഴുതാനും സഞ്ജുവിനായി.
ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറാണ് സഞ്ജു കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കെതിരായ മത്സരത്തിന് മുമ്പ് 54 റണ്‍സായിരുന്നു ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
എന്നാല്‍ സഞ്ജുവാണ് ഇന്ത്യയെ തോല്‍പിച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവസാന ഓവറില്‍ ആവേശ് ഖാന് സ്‌ട്രൈക്ക് കൈമാറിയതുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ സഞ്ജുവിന് ക്രൂശിക്കുന്നത്.
സഞ്ജുവിന് ഒട്ടും ക്രിക്കറ്റ് അവേര്‍ണസോ ബോധമോ ഇല്ലെന്നും ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
സഞ്ജുവിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ ഒരു വാക്ക് കൊണ്ട് പോലും ടോപ് ഓര്‍ഡറിന്റെ മോശം പ്രകടനത്തെ വിമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ധവാന്റെയും ഗെയ്ക്വാദിന്റെയും മെല്ലെപ്പോക്കിനെ സൗകര്യപൂര്‍വം മറന്നാണ് ഇത്തരക്കാര്‍ തോല്‍വിയുടെ മുഴുവന്‍ ഭാരവും സഞ്ജുവിന് മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്.
നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പ്രോട്ടീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഇന്നിങ്സായിരുന്നു സൗത്ത് ആഫ്രിക്കയെ കൈപിടിച്ചു നടത്തിയത്. 54 പന്തില്‍ നിന്നും 48 റണ്‍സായിരുന്നു ഡി കോക്ക് നേടിയത്. ഹെന്റിച്ച് ക്ലാസന്റെ ക്ലാസും ഡേവിഡ് മില്ലറിന്റെ മാസും ചേര്‍ന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ ഉയര്‍ന്നു.
ക്ലാസന്‍ 65 പന്തില്‍ നിന്നും 74 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 63 പന്തില്‍ നിന്നും 75 റണ്‍സും നേടി. ഒടുവില്‍ 40 ഓവറില്‍ 249 റണ്‍സായിരുന്നു പ്രോട്ടീസ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഓപ്പണര്‍മാര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഗെയ്ക്വാദ് അതിലേറെ മോശമാക്കി.