ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങളുടെ വാര്‍ത്താ നിര്‍മ്മാണത്തിന്റെ ഒരു പാറ്റേണ്‍ ഇന്നലെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയില്‍ നിന്ന് വ്യക്തമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തിനും, തെറ്റായ മത ബോധനങ്ങള്‍ക്കും അനുസൃതമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മതത്തിലായാലും രാഷ്ട്രീയത്തിലായാലും നൈതികതയെ നേരത്തെ തന്നെ ഉപേക്ഷിക്കുകയും, ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇവരുടെ രീതിയാണ്. ഇന്നത്തെ സംഭവം ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.
ഉത്തരവാദിത്തപ്പെട്ടവരെന്നു പറയുന്നവരോട് വിളിച്ചാല്‍, ഒരു വിശദീകരണം പോലും തരാന്‍ ഇവര്‍ക്ക് കഴിയില്ല. വ്യാജ വാര്‍ത്ത അതേപടി നിലനിര്‍ത്തുകയും ചെയ്യും. ‘ഇസ്‌ലാമോ ഫോബിയ’ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് ഇവരുടെ താത്പര്യങ്ങളെ പൊതുവിടത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. മുസ്ലിങ്ങളെത്തന്നെ അന്യവത്കരിച്ചും അവര്‍ മൗദൂദിസത്തിന്റെ രാഷ്ട്രീയ സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കും.
പത്തുവര്‍ഷത്തോളമായി ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ ബോധ്യപ്പെട്ട കാര്യങ്ങളാണിവ.
ഒരുദാഹരണം പറയാം. 2013-ല്‍ കുതുബുദ്ധീന്‍ അന്‍സാരി കേരളത്തിലേക്ക് ആദ്യമായി എത്തിയ സന്ദര്‍ഭം. മുഖ്യധാരാ മാസികയുടെ പ്രകാശനം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തിയത്. അന്ന് മാധ്യമം പത്രത്തില്‍, അന്‍സാരിയുമായി നടത്തിയ സംഭാഷണത്തിന്റെ ഉല്‍പ്പന്നമെന്ന നിലയില്‍ ഒരു സ്റ്റോറി പ്രസിദ്ധീകരിച്ചരിച്ചിരുന്നു.
കുതുബുദ്ധീന്‍ അന്‍സാരി
ഗുജറാത്തിലെ മര്‍കസ് സ്‌കൂളുകളെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ അന്‍സാരി നടത്തുന്ന വിധത്തിലായിരുന്നു അതിലെ വരികള്‍. കോഴിക്കോട് അപ്പോള്‍ ഉണ്ടായിരുന്ന ഖുതുബുദ്ധീന്‍ അന്‍സാരിയെ ബന്ധപ്പെട്ടു. സംസാരിച്ചു. അപ്പോഴാണ് അറിയുന്നത്, ഗുജറാത്തിലെ ഒരു ഗെറ്റോയില്‍ സംസാരിക്കുന്ന ഖുതുബുദ്ധീന്‍ ആദ്യമായാണ് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ മര്‍കസ് സ്‌കൂളുകളെക്കുറിച്ച് കേള്‍ക്കുന്നത് എന്ന്.
അതായത്, മാധ്യമത്തില്‍ അദ്ദേഹത്തെ ഉദ്ധരിച്ചു നല്‍കിയ വാര്‍ത്ത വ്യാജമായിരുന്നു. നോക്കണം, അന്‍സാരിയെപ്പോലെ ഇന്ത്യയിലെ ഒരു സമൂഹത്തിന്റെ ദൈന്യതകള്‍ മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് അനുഭവിച്ച, പാവപ്പെട്ട മനുഷ്യനെ വെച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ചു ജമാഅത്തെ ഇസ്‌ലാമി അവരുടെ രാഷ്ട്രീയ താല്പര്യം നടപ്പിലാക്കാനുള്ള ശ്രമായിരുന്നു.
മുസ്ലിം കമ്യൂണിറ്റി ഇവിടെ വളര്‍ന്നത് സാംസ്‌കാരികമായ ഒരു പശ്ചാത്തിലാണ്. മതപരമായ അനുഷ്ടാനങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുമ്പോഴും, എല്ലാ മത വിഭാഗം മനുഷ്യരുമായും അഗാധമായ സൗഹൃദത്തിലൂടെയാണ് കേരളീയ ഇസ്‌ലാം അതിന്റെ തനിമ നിലനിര്‍ത്തിയത്. മുഹമ്മദ് നബി(സ്വ)യുടെ കാലം മുതലേ ഉള്ള സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുണ്ട് അതില്‍.
നേര്‍ച്ചകള്‍ പോലുള്ള അനുഷ്ടാനങ്ങള്‍ അത്തരം അടിത്തട്ടില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മുസ്ലിങ്ങളുടെ തനതായ, പരമ്പരാഗതമായ ജീവിത വ്യവസ്ഥയെ, സൂഫി ഭാവങ്ങളെ അട്ടിമറിക്കുന്ന വിധം കുടുസ്സായതും, ഇസ്‌ലാമിന്റെ മൗലികമായ ദൈവശാസ്ത്ര സമീപനങ്ങള്‍ക്ക് വിരുദ്ധവുമായ രാഷ്ട്രീയ ചിന്തകളുമായിട്ടാണ് ജമാഅത്തെ ഇസ്‌ലാമി വരുന്നത്.
നേര്‍ച്ചകള്‍ അടക്കമുള്ള അനുഷ്ടാനങ്ങള്‍ ഇവര്‍ക്ക് അവിശ്വാസമായിരുന്നു. അഥവാ, കേരളീയ സമൂഹത്തില്‍ നിലനിന്ന ഗാഡമായ സൗഹൃദങ്ങളെ ദുര്‍ബലമാക്കുകയും, അങ്ങനെ മറ്റുള്ളവരുടെ മനസ്സില്‍ ഇസ്‌ലാമോ ഫോബിയയുടെ അംശങ്ങള്‍ വിതറിയുമാണ് ജമാഅത്തെ ഇസ്‌ലാമി ഇവിടെ ഇടം പിടിക്കാന്‍ നോക്കിയത്.
എന്നാല്‍. പാരമ്പര്യ മുസ്ലിംകളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായതിനാല്‍ ചെറിയ ഒരു ശതമാനം ആളുകളെയെ അവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളു, അതിലേറിയ പങ്കും വരേണ്യ ഭാവവും സ്വഭാവവും ഉള്ള കുടുംബങ്ങളെയും ആയിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ നുണവാര്‍ത്താ നിര്‍മാണത്തിന്റെ അവസാനത്തെതായിരുന്നു ഒരു സോഴ്സും ഇല്ലാതെ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ വ്യാജമായി തയ്യാറാക്കി ഇന്നലെ പുറത്തുവിട്ടത്. അതിന് ക്രെഡിബിള്‍ ആയ ഒരു സോഴ്‌സ് നല്‍കാന്‍ സി. ദാവൂദിനോട് ആവശ്യപ്പെടുകയുണ്ടായി.
സി. ദാവൂദ്
ഉരുണ്ടു കളിക്കുകയല്ലാതെ കൃത്യമായ ഒരുത്തരം നല്കാനില്ല അയാള്‍ക്ക്. എങ്കില്‍ നിങ്ങള്‍ നിഷേധക്കുറിപ്പു തരൂ, ഞങ്ങള്‍ പ്രസിദ്ധീകരിക്കാം എന്നാണു ജമാഅത്തെ ഇസ്‌ലാമിയുടെ ഈ നേതാവിന്റെ മൊഴി. നിങ്ങളൊരു വ്യാജ വാര്‍ത്ത നിര്‍മിക്കുക- എന്നിട്ട് അത് പരത്തുക, അതിനു നിഷേധം വാങ്ങിച്ചു മറ്റൊരു വാര്‍ത്ത കൊടുക്കുക. അതൊക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മൗദൂദിയന്‍ സ്വര്‍ഗ്ഗരാജ്യത്തിലെ സുമ്മോഹന സ്വപനങ്ങള്‍.
ആ രാഷ്ട്രീയത്തെ സൂക്ഷ്മമായി മനസ്സിലാക്കിയവരാണ് സുന്നികള്‍. തിരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ ഇനിയുള്ള അഞ്ചു മാസം വ്യാജ വാര്‍ത്തകളുടെ പെയ്ത്താകും, മൗദൂദി മാധ്യമങ്ങളില്‍ നിന്ന്. ഓരോന്നിനെയും കൂടുതല്‍ കൂടുതല്‍ അവിശ്വസിക്കുക എന്നതാണ് പ്രഥമമായി നമുക്ക് ചെയ്യാനുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Some examples of fake news fabrication by Jamaat-e-Islami