| Monday, 22nd July 2019, 9:00 pm

എന്‍.സി.പി നേതാക്കള്‍ ബി.ജെ.പിയെ സമീപിച്ചിട്ടില്ല; ബി.ജെ.പിയില്‍ അസംതൃപ്തരായ ചിലര്‍ ഞങ്ങളെ സമീപിച്ചെന്നും ജയന്ത് പാട്ടീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഒരു എന്‍.സി.പി എം.എല്‍.എ പോലും സംസ്ഥാന ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍. എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള നിരവധി നേതാക്കള്‍ ബി.ജെ.പി നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയെന്ന സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ദ് പാട്ടീലിന്റെ വാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജയന്ത് പാട്ടീല്‍.

‘ബി.ജെ.പി അധ്യക്ഷന്‍ പറയുന്നത് ചില എന്‍.സി.പി നേതാക്കള്‍ രഹസ്യമായി അവരുമായി കൂടികാഴ്ച്ച നടത്തിയെന്നാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ഒരാള്‍പോലും അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല.’ ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ പാര്‍ട്ടിയിലെ ചിലര്‍ ബി.ജെ.പി യെ സമീപിക്കുകയാണെങ്കില്‍ തന്നെ ബി.ജെ.പിയില്‍ നിന്ന് അസംതൃപ്തരായ ചില നേതാക്കള്‍ ഞങ്ങളെയും സമീപിക്കുന്നുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയെ കോണ്‍ഗ്രസ് മുക്തമാക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും റവന്യൂ മന്ത്രി കൂടിയായ ചന്ദ്രകാന്ദ് പാട്ടീല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുക്ത മഹാരാഷ്ട്ര നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും പാട്ടീല്‍ ചൂണ്ടികാട്ടി.

എന്നാല്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാനുള്ള കോണ്‍ഗ്രസ്- എന്‍.സി.പി തീരുമാനത്തില്‍ സീറ്റുകള്‍ പങ്കിടുന്നതിനെകുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

കോണ്‍ഗ്രസും എന്‍.സി.പിയും പ്രകാശ് അംബേദ്ക്കര്‍ക്ക് സഖ്യസാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനായി കത്ത് അയച്ചിരുന്നെന്നും അനുകൂല മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more