ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി ബിക്കിനി ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്.
ഇതിന് മുമ്പും ഇതുപോലെ പല ചിത്രങ്ങളും ബോയ്‌കോട്ട് ഭീഷണികള്‍ നേരിട്ടുണ്ട്, പ്രത്യേകിച്ചും ബോളിവുഡ് ചിത്രങ്ങള്‍. ബോയ്‌കോട്ട് മുറവിളികള്‍ക്കിടയിലും ഹിറ്റായ ചില ബോളിവുഡ് ചിത്രങ്ങള്‍ നോക്കാം.
സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന ബോളിവുഡ് താരങ്ങളില്‍ മുന്‍പന്തിയിലാണ് ആമീര്‍ ഖാന്‍. അദ്ദേഹത്തിന്റെ പി.കെ എന്ന ചിത്രത്തിനെതിരെ വലിയ ബോയ്‌കോട്ട് ആഹ്വാനങ്ങളാണ് റിലീസിന് മുന്നോടിയായി നടന്നത്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം 2014ലാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ പല രംഗങ്ങളും ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചത്. വാസ്തവത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളേയും തട്ടിപ്പുകളേയും പി.കെ തുറന്ന് കാട്ടിയിരുന്നു.
വലിയ വ്യക്തിത്വങ്ങള്‍ക്ക് ഹിന്ദു ദേവതകളെ അപമാനിക്കുന്നതില്‍ വലിയ താല്‍പര്യമുണ്ടെന്നാണ് യോഗ ഗുരു ബാബാ രാംദേവ് പറഞ്ഞത്. ചിത്രം റിലീസ് ദിനത്തില്‍ തന്നെ ബഹിഷ്‌കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പി.കെക്കെതിരെ നിരവധി എഫ്.ഐ.ആറാണ് രാജ്യമെമ്പാടും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍ മുതലായ സംഘടനകള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ചുകീറുകയും ചില തിയേറ്ററുകളിലെ പി.കെയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. എന്നാല്‍ ബോയ്‌കോട്ടുകളെയെല്ലാം കാറ്റില്‍ പറത്തിയ പി.കെ 700 കോടിയിലധികമാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 85 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നോര്‍ക്കണം.
2016ല്‍ പുറത്ത് വന്ന ആമീര്‍ ഖാന്റെ ദംഗലിനെതിരെയും ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മുമ്പ് 2015ല്‍ ഇന്ത്യാസ് ഗ്രോവിങ് ഇന്‍ടോളറന്‍സ് എന്ന പരിപാടിയില്‍ വെച്ച് ആമീര്‍ ഖാന്‍ പറഞ്ഞ ചില പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചു. രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളുള്‍പ്പെടെ പല സംഭവങ്ങളിലും താന്‍ ആശങ്കാകുലനാണെന്നും രാജ്യം വിടുന്നതിനെ പറ്റി പോലും തന്റെ ഭാര്യ സംസാരിച്ചു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
പരാമര്‍ശത്തിന് പിന്നാലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ആമീര്‍ഖാന്റെ കോലം കത്തിച്ചു. ദംഗലിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ ഹാഷ്ടാഗ് ബോയ്‌കോട്ട് ദംഗല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ റിലീസിന് പിന്നാലെ കഥ മാറി. 70 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 1968 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
2018ല്‍ പുറത്ത് വന്ന പത്മാവതായിരുന്നു സംഘപരിവാറിന്റെ അടുത്ത ഇര. സഞ്ജയ് ലീലാ ബന്‍സാലിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം മേവാറിലെ രജപുത്ര ഭരണാധികാരി മഹാരാവല്‍ രത്തന്‍ സിംഗും അലാവുദീന്‍ ഖില്‍ജിയും തമ്മിലുള്ള യുദ്ധമാണ് കാണിക്കുന്നത്. രത്തന്‍ സിങ്ങായി ഷാഹിദ് കപൂറും ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും എത്തിയപ്പോള്‍ പത്മാവതി രാജകുമാരിയെയാണ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് റിലീസിന് മുമ്പേ പ്രതിഷേധമുയര്‍ന്നത്. രജ്പുത് കര്‍ണി സേന ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സെറ്റിലേക്ക് ആക്രമണം പോലും നടത്തി. എന്നാല്‍ ആഗോള ബോക്‌സ് ഓഫീസില്‍ 571 കോടി നേടി പത്മാവത് വമ്പന്‍ ഹിറ്റായി. 215 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ തന്നെ ഗംഗുഭായ് കത്ത്യാവാഡിക്കെതിരെയും വലിയ ബോയ്‌കോട്ട് ആഹ്വാനങ്ങളുണ്ടായിരുന്നു. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ബുക്കിന്റെ മൂവി അഡാപ്‌റ്റേഷനായിരുന്നു ഗംഗുഭായി കത്ത്യാവാഡി. സുശാന്ത് സിങ് രജപുത്തിന്റെ മരണമുണ്ടാക്കിയ പ്രതിഷേധമാണ് ആലിയ ഭട്ട് ചിത്രത്തിനെതിരായ ബോയ്‌കോട്ടിലേക്ക് എത്തിയത്. എന്നാല്‍ കൊവിഡിന് ശേഷം ബോളിവുഡ് ചിത്രങ്ങള്‍ നിരത്തി പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഗംഗുഭായി ബോക്‌സ്ഓഫീസിലേക്ക് ആളെ എത്തിച്ചു. 100 കോടിയിലധികം മുതല്‍ മുടക്കിലെടുത്ത ചിത്രം 200 കോടിയാണ് നേടിയത്.
ബ്രഹ്‌മാസ്ത്രയാണ് ബോയ്‌കോട്ട് വാര്‍ത്തകളില്‍ അടുത്തിടെ ശ്രദ്ധ നേടിയ ചിത്രം. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചിത്രം റിലീസിനോടടുക്കുമ്പോഴാണ് ബോയ്‌കോട്ട് ആഹ്വാനം ഉയര്‍ന്നത്. പത്ത് വര്‍ഷം മുമ്പേ രണ്‍ബീര്‍ ബീഫ് തന്റെ ഇഷ്ട ഭക്ഷണമാണ് എന്ന് പറയുന്ന വീഡിയോ ആണ് സംഘപരിവാര്‍ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്. പ്രതിഷേധങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ രണ്‍വീറിനേയും ആലിയയേയും തടയുന്നതിലേക്ക് വരെയെത്തി. എന്നാല്‍ ബോയ്‌കോട്ടുകളെ കാറ്റില്‍ പറത്തി ബ്രഹ്‌മാസ്ത്ര 400 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
Content Highlight: Some Bollywood films that became hits despite boycott calls