| Wednesday, 4th May 2022, 4:46 pm

മേക്കപ്പ് മുതല്‍ കഥാപാത്രങ്ങളുടെ ബാഹുല്യം വരെ; പ്രേക്ഷകരുയര്‍ത്തിയ ചില 'സി.ബി.ഐ' വിമര്‍ശനങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായ സിനിമയാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍. മമ്മൂട്ടി- കെ.മധു, എസ്.എന്‍ സ്വാമി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ വെച്ച് പുലര്‍ത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച നിലയിലേക്ക് ചിത്രം എത്തിയില്ല.

സമ്മിശ്രപ്രതികരണങ്ങളായിരുന്നു സി.ബി.ഐക്ക് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ത്രില്ലര്‍ എന്ന നിലയില്‍ ഒരു wow ഫാക്ടര്‍ നല്‍കാന്‍ ചിത്രത്തിനാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലും ടെക്‌നിക്കലി നിലവാരം പുലര്‍ത്തുന്ന ത്രില്ലര്‍ സിനിമകള്‍ക്കിടയില്‍ 10 വര്‍ഷം പുറകിലുള്ള സിനിമയുമായാണ് എസ്.എന്‍. സ്വാമിയും കെ. മധുവുമെത്തിയത്.

മുന്‍ സി.ബി.ഐ സീരിസുകളെ അപേക്ഷിച്ച് മോശം തിരക്കഥയും മേക്കിംഗുമാണ് സി.ബി.ഐ 5 ദി ബ്രെയ്‌നില്‍.

സി.ബി.ഐയില്‍ ഏറ്റവും അരോചകമായി പ്രേക്ഷകര്‍ പറയുന്നത് മേക്കപ്പ് ആയിരുന്നു. കേന്ദ്രകഥാപാത്രമായ മമ്മൂട്ടി മുതല്‍ എല്ലാവര്‍ക്കും എടുത്ത് കാണും വിധമുള്ള മേക്കപ്പായിരുന്നു നല്‍കിയിരുന്നത്. മാത്രമല്ല പല കഥാപാത്രങ്ങളുടെയും പെര്‍ഫോമന്‍സിലും ഡയലോഗിലും നാടകീയത നിറഞ്ഞു നിന്നിരുന്നു.

കഥാപാത്രങ്ങളുടെ ആധിക്യമാണ് വിമര്‍ശനമുയര്‍ത്തിയ മറ്റൊരു ഘടകം. കഥാപാത്രങ്ങളെ കുത്തിനിറച്ചായിരുന്നു സി.ബി.ഐ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിയത്. മാളവിക മേനോന്‍, അന്‍സിബ, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ഒരു പ്രാധാന്യവുമില്ലാതെ സിനിമയിലെത്തിയിരിക്കുന്നത്.

സിനിമയില്‍ വലിയ പ്രാധാന്യത്തോടെ പറഞ്ഞ ടേമാണ് ബാസ്‌കറ്റ് കില്ലിംഗ്. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ സംഭവിക്കുമ്പോള്‍ സേതുരാമയ്യര്‍ ഉള്‍പ്പെടെയുള്ള പല കഥാപാത്രങ്ങളും ബാസ്‌കറ്റ് കില്ലിംഗിനെ പറ്റി പറയുന്നുണ്ട്. എന്നാല്‍ ഇത് വിശദീകരിക്കാനോ പ്രേക്ഷകര്‍ക്ക് മനസിലാകും വിധം അവതരിപ്പിക്കാനോ സാധിച്ചില്ല.

മൊത്തത്തില്‍, വലിയ പുതുമയൊന്നും പ്രതീക്ഷിക്കാതെ എത്തിയവര്‍ക്ക് പോലും ഒരു ഡീസന്റ് ത്രില്ലര്‍ ഫീല്‍ തരാന്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന് കഴിയുന്നില്ല എന്ന വിമര്‍ശനമാണ് ഉയരുന്നത്.

Content Highlight: some audience criticism against cbi 5 the brain

We use cookies to give you the best possible experience. Learn more