|

ചിലത് വസ്തുതാ വിരുദ്ധം; കങ്കണയുടെ തലൈവിയിലെ രംഗങ്ങള്‍ മാറ്റണമെന്ന് അണ്ണാ ഡി.എം.കെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച തലൈവി സിനിമയിലെ ചില രംഗങ്ങള്‍ മാറ്റണമെന്ന് അണ്ണാ ഡി.എം.കെ. ചിത്രം മികച്ച രീതിയില്‍ വന്നെങ്കിലും ചില രംഗങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് അണ്ണാ ഡി.എം.കെ പറയുന്നത്.

മുതിര്‍ന്ന അണ്ണാ ഡി.എം.കെ നേതാവ് ഡി. ജയകുമാറാണ് ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയത്. ചിത്രത്തില്‍ എം.ജി.ആറിനെ കുറിച്ച് വരുന്ന പരാമര്‍ശങ്ങളില്‍ ചിലതിനെതിരെയാണ് ജയകുമാര്‍ രംഗത്ത് എത്തിയത്.

ആദ്യ ഡി.എം.കെ സര്‍ക്കാരില്‍ എം.ജി.ആര്‍ മന്ത്രിയാവണമെന്ന് പറഞ്ഞെങ്കിലും കരുണാനിധി ആവശ്യം തള്ളിയെന്നത് തെറ്റാണെന്നാണ് ജയകുമാര്‍ പറയുന്നത്. അണ്ണാദുരൈയുടെ മരണശേഷം രാമചന്ദ്രന്‍ മന്ത്രിസ്ഥാനം തേടിയതുപോലെയാണ് സിനിമ ചിത്രീകരിച്ചതെന്ന് ജയകുമാര്‍ പറഞ്ഞു.

സത്യത്തില്‍ അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എം.ജി.ആറാണെന്നും അദ്ദേഹം പറഞ്ഞു. ജയലളിത എം.ജി.ആറിന്റെ അനുമതിയില്ലാതെ. അന്തരിച്ച പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും ചര്‍ച്ച നടത്തിയെന്ന് സിനിമ പറയുന്നു. ഇത് എം.ജി.ആറിനെ ചെറുതാക്കി കാണിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിനിമയിലെ മറ്റുഭാഗങ്ങള്‍ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി, നാസര്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘തലൈവി’ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തത്.

ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം.

തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്.

Latest Stories