ജനതാ കര്‍ഫ്യൂ കഴിയുന്നതോടെ കൊവിഡ് 19 ഇല്ലാതാകുമെന്ന് പ്രചരിപ്പിച്ച് ആളുകളെ പുറത്തിറക്കാന്‍ ശ്രമം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
COVID-19
ജനതാ കര്‍ഫ്യൂ കഴിയുന്നതോടെ കൊവിഡ് 19 ഇല്ലാതാകുമെന്ന് പ്രചരിപ്പിച്ച് ആളുകളെ പുറത്തിറക്കാന്‍ ശ്രമം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd March 2020, 4:38 pm

ന്യൂദല്‍ഹി: കൊവിഡ് 19 നോടൊപ്പം സമൂഹത്തില്‍ വ്യാജവാര്‍ത്തകളും പ്രചരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്നത്തെ ജനതാ കര്‍ഫ്യൂ അവസാനിച്ചുകഴിഞ്ഞാല്‍, മാരകമായ വൈറസ് ഇല്ലാതാകുമെന്ന തരത്തില്‍ ചില സാമൂഹ്യവിരുദ്ധര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. രാത്രി 9 മണിക്ക് ശേഷം പുറത്തേക്ക് വരാന്‍ അവര്‍ ആളുകളെ ഉദ്ബോധിപ്പിക്കുന്നു. ഇത് തെറ്റാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്’, മന്ത്രി പറഞ്ഞു.


സാമൂഹിക അകലം ഒരു ശീലമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ്-19 വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ രാവില്‍ ഏഴ് മണിമുതല്‍ അഞ്ച് മണി വരെയാണ്. അഞ്ച് മണിയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ നിരവധി വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു. നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവനയും ഇതിന് പിന്നാലെ വിവാദമായിരുന്നു.

ഈ ദിവസം കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികള്‍ ചത്തുപോവുമെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്.

‘ഇന്ന് വൈകീട്ടു 5 മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോവട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

WATCH THIS VIDEO: