എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് മഹാവീര്യര്‍. നാട്ടിന്‍പുറത്ത് ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലൊരുങ്ങിയ 1983, പൊലീസുകാരുടെ കഥ പറഞ്ഞ ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം.
മുന്‍കൂട്ടുകെട്ടുകളുടെ വന്‍വിജയം മൂന്നാമത്തെ ചിത്രത്തിനായുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമുളള നിവിന്‍ പോളിയുടെ തിരിച്ചുവരവെന്ന നിലയിലും ടൈം ട്രാവല്‍ ഫാന്റസി ജോണറിലൊരുങ്ങുന്ന ചിത്രം എന്ന നിലയിലും മഹാവീര്യര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മികച്ച ഒരു പരീക്ഷണചിത്രം തന്നെയാണ് മഹാവീര്യര്‍. രണ്ട് കാലഘട്ടങ്ങളെ ഒരു കോടതി മുറിയിലേക്ക് സമന്വയിപ്പിക്കുകയായിരുന്നു ചിത്രം. കഥാപാത്രങ്ങളുടെ പ്രകടനവും കഥപറച്ചിലും പ്രേക്ഷകരെ രസിപ്പിച്ചപ്പോള്‍ ചില ഘടകങ്ങള്‍ അലോസരപ്പെടുത്തുന്നതാക്കി. അത് സിനിമ സൗന്ദര്യത്തെ നിര്‍വചിക്കുന്ന രീതിയാണ്.
നേരത്തെ ആക്ഷന്‍ ഹീറോ ബിജുവില്‍ ‘ഈ സാധനത്തെ നീ പ്രേമിച്ചു,’ എന്ന നായകന്റെ ഡയലോഗിനെതിരെ വന്‍വിമര്‍ശനമുയര്‍ന്നതാണ്. കറുത്തതും തടിച്ചതുമായ രൂപപ്രകൃതമുള്ള മനുഷ്യര്‍ നായകന് വെറും ‘സാധനം’ ആണ്.
മനുഷ്യരുടെ രൂപത്തെയും നിറത്തേയും ആക്ഷേപിച്ചുണ്ടാക്കിയ തമാശകളെ മാറുന്ന കാലത്തിനനുസരിച്ച് മലയാള സിനിമ തള്ളുന്ന സമയത്താണ് ബിജു ബോഡി ഷേമിങ് കോമഡിയുമായി വീണ്ടും വന്നത്. എന്നാല്‍ അന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളൊന്നും എബ്രിഡ് ഷൈന്റെ ചിന്തയില്‍ ഇന്നും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍.
മഹാവീര്യറിലെത്തുമ്പോഴും വെളുത്ത് മെലിഞ്ഞിരിക്കുന്നവരാണ് സുന്ദരികളായ സ്ത്രീകള്‍. ചിത്രത്തില്‍ രാജാവ് മന്ത്രിയോട് ഭാര്യയെ രാജസന്നിധിയിലേക്ക് കൊണ്ടുവരണമെന്ന് കല്‍പ്പിക്കുന്നുണ്ട്. മെലിഞ്ഞ ഇരുനിറത്തിലുള്ള സ്ത്രീയെയാണ് മന്ത്രിയുടെ ഭാര്യയായി കാണിക്കുന്നത്. ഇവരെ കാണുമ്പോള്‍ രാജാവ് വലിയ താല്‍പര്യം കാണിക്കുന്നില്ല.
രാജാവിന്റെ ‘തനിനിറം’ നന്നായി അറിയാവുന്ന മന്ത്രി യഥാര്‍ത്ഥ ഭാര്യയെ അല്ല കൊണ്ടുവന്നത്. യഥാര്‍ത്ഥ ഭാര്യയെ നിലവറയില്‍ ഒളിപ്പിച്ചിരിക്കുകായിരുന്നു. മന്ത്രിയുടെ ഭാര്യയായി കാണിക്കുന്ന സ്ത്രീ നന്നായി വെളുത്തതും സോ കോള്‍ഡ് സൗന്ദ്യര്യത്തിന്റെ അളവില്‍ മെലിഞ്ഞതുമാണ്. എന്നിട്ട് മന്ത്രി പറയുന്നത് ‘രാജ്യത്തെ ഏറ്റവും സുന്ദരി’ എന്റെ ഭാര്യയാണെന്ന് രാജാവിനോട് ഞാന്‍ എങ്ങനെ പറയുമെന്നാണ്.
ആദ്യം കാണിച്ച ഇരുനിറത്തിലുള്ള സ്ത്രീക്ക് അപ്പോള്‍ സൗന്ദര്യമില്ലായിരുന്നോ. ഇത് ഗ്ലോറിഫൈ ചെയ്യുകയോ ആക്ഷന്‍ ഹീറോ ബിജുവിലേത് പോലെ കോമഡിയാക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ വെളുത്ത് മെലിഞ്ഞ സൗന്ദര്യ സങ്കല്‍പങ്ങളെ തന്നെ സംവിധായകന്‍ വീണ്ടും കൊണ്ടുവരുന്നതെന്തിനാണെന്ന തോന്നലാണ് ഈ രംഗം കണ്ടപ്പോള്‍ തോന്നിയത്.
Content Highlight: Some annoying elements in mahaveeryar is the way cinema defines beauty