ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ എ.ടി.പി വേള്‍ഡ് ടൂറിന്റെ രണ്ടാം റൗണ്ടിലേക്ക് ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ കടന്നു. റഷ്യയുടെ ഇഗോര്‍ കാന്റിസനെയാണ് സോംദേവ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്.[]
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സോംദേവിന്റെ വിജയം. 6-1, 6-4 എന്ന സ്‌കോറിന് അധികം വിയര്‍ക്കാതെ തന്നെ സോംദേവ് ഇഗോറിനെ മടക്കി അയച്ചു. പൂര്‍ണ ആധിപത്യത്തോടെയായിരുന്നു സോംദേവിന്റെ പ്രകടനം. മത്സരം തുടങ്ങിയതും അവസാനിച്ചതുമെല്ലാം വളരെ പെട്ടന്നായിരുന്നു.
പരിക്കുമൂലം മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന സോംദേവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. കഴിഞ്ഞ വര്‍ഷത്തെ ഭൂരിഭാഗം മത്സരങ്ങളും സോംദേവിന് പരിക്ക് മൂലം നഷ്ടമായിരുന്നു.
നിലവില്‍ 315 റാങ്കാണ് സോംദേവിനുള്ളത്. സോംദേവ് പരാജയപ്പെടുത്തിയ ഈഗോറാവട്ടെ 167 ാം റാങ്കുകാരനും. 2009 ലോക മുപ്പത്തിയഞ്ചാം റാങ്കുകകാരനായിരുന്നു സോംദേവ്.