| Monday, 13th August 2018, 11:23 pm

'പാര്‍ട്ടി പുറത്താക്കിയപ്പോള്‍ അച്ഛന്‍ കരഞ്ഞത് ഞങ്ങള്‍ക്ക് മറക്കാനാവില്ല'; സോമനാഥ് ചാറ്റര്‍ജിയുടെ ഭൗതികശരീരത്തില്‍ ചെങ്കൊടി പുതപ്പിക്കുന്നത് എതിര്‍ത്ത് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ഭൗതികശരീരത്തില്‍ ചെങ്കൊടി പുതപ്പിക്കുന്നതിനെ എതിര്‍ത്ത് കുടുംബം. മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളായ ബിമന്‍ ബസു, സി.പി.ഐ.എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, സുജന്‍ ചക്രവര്‍ത്തി എന്നിവര്‍ സോമനാഥ് ചാറ്റര്‍ജിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചതിനെതിരെ മകന്‍ പ്രതാപ് ചാറ്റര്‍ജി രംഗത്തെത്തി.

2008ല്‍ സി.പി.ഐ.എം അച്ഛനെ പുറത്താക്കുമ്പോള്‍ അദ്ദേഹം വളരെയധികം വേദനിച്ചിരുന്നുവെന്നും സി.പി.ഐ.എം നേതാക്കളുടെ സാമീപ്യം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും പ്രതാപ് പറഞ്ഞു.

ALSO READ: എന്‍.എന്‍.കൃഷ്ണദാസിന്റെ ഓര്‍മ്മകളില്‍ സോമനാഥ് ചാറ്റര്‍ജി

“എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവനായും പാര്‍ട്ടിയ്ക്ക് വേണ്ടി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വേദന മാത്രമെ അദ്ദേഹത്തിന് പാര്‍ട്ടി തിരിച്ച് നല്‍കിയുള്ളൂ. ബിമന്‍ബസു എത്രയോ തവണ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്. ദല്‍ഹിയിലുള്ളപ്പോള്‍ ബിമന്‍ബസും അച്ഛനോടൊപ്പം താമസിക്കാറുണ്ടായിരുന്നു. അവര്‍ അച്ഛനെ ഉപയോഗിച്ചു. എന്നാല്‍ ആദരവ് നല്‍കിയില്ല.”

സോമനാഥ് ചാറ്റര്‍ജിയുടെ മകളും സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ രംഗത്തെത്തി. സി.പി.ഐ.എമ്മിന്റെ കൊടി പുതപ്പിക്കാന്‍ നേതാക്കള്‍ തുനിഞ്ഞപ്പോള്‍ തങ്ങള്‍ തടയുകയായിരുന്നുവെന്നും അനുഷില പറഞ്ഞു.

” അവര്‍ അച്ഛന്റെ ഭൗതികശരീരത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ അത് തടഞ്ഞു. അവരെ സംബന്ധിച്ച് അവര്‍ക്കൊരു കടപ്പാടിന്റെ പേരിലുള്ള സന്ദര്‍ശനമായിരിക്കാം. എന്നാല്‍ ഇത്തരം പ്രകടനങ്ങള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അച്ഛനെ ഒരുപാട് വേദനിപ്പിച്ചു. പാര്‍ട്ടി പുറത്താക്കിയപ്പോള്‍ അച്ഛന്‍ കരഞ്ഞത് ഞങ്ങള്‍ക്ക് മറക്കാനാവില്ല. പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അത്.”

നേരത്തെ സോമനാഥ് ചാറ്റര്‍ജിയുടെ ഭാര്യ രേണു ചാറ്റര്‍ജിയും നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം നേതാക്കളെ ആശുപത്രിയിലേക്ക് കടത്തിവിടരുതെന്ന് രേണു അധികൃതരോട് പറഞ്ഞിരുന്നു.

ALSO READ: മറഞ്ഞ് പോയത് ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ തിളക്കമേറിയ ചുവന്ന താരകം

കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് അന്തിമോപചാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനെയും കുടുംബം എതിര്‍ത്തു.

ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ അന്ത്യം. കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ അവസാനവാരത്തില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം പിന്നീട് ഡയാലിസിസിന് വിധേയനായിരുന്നു.

ഇന്ത്യ-യു.എസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.പി.ഐ.എം അദ്ദേഹത്തെ പുറത്താക്കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more