ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിഴക്കേ ഭാഗത്തുള്ള നാല് രാജ്യങ്ങളായ എത്യോപ്യ, എരിട്രിയ, സോമാലിയ, ജിബൂട്ടി എന്നിവ ഉള്‍പ്പെട്ട ഭൂമിശാസ്ത്രപരമായും തന്ത്രപ്രധാനമായും പ്രാധാന്യമുള്ള പ്രദേശമാണ് ‘ആഫ്രിക്കയുടെ കൊമ്പ് (Horn Of Africa)’ എന്നും ‘സോമാലിയന്‍ ഉപദ്വീപ് (Somali Peninsula)’ എന്നും അറിയപ്പെടുന്നത്.
ചരിത്രപരമായി കഥകള്‍ പറയാനുള്ള ഇവര്‍ക്ക് തന്ത്രപ്രധാനമായ പ്രാധാന്യത്തിനുള്ള കാരണം ഇവ നിലകൊള്ളുന്ന ഭൂമിശാസ്ത്രസ്ഥാനം തന്നെയാണ്. ഒരേ സമയം ചെങ്കടലുമായും (Red Sea) ഏദന്‍ ഉള്‍ക്കടലുമായും (Gulf Of Aden) അറബിക്കടലുമായും (Arabian sea) ഇന്ത്യന്‍ മഹാസമുദ്രവുമായും (Indian Ocean) എത്യോപ്യ ഒഴികെയുള്ള രാജ്യങ്ങള്‍ തീരം പങ്കിടുന്നു.
എത്യോപ്യ ഇവരില്‍ നിന്ന് ചില കാരണങ്ങളാല്‍ വിഭിന്നപെട്ടിരിക്കുന്നു. അതില്‍ ഒന്നാമത്തെ കാരണം, മറ്റ് മൂന്ന് രാജ്യങ്ങള്‍ക്കും സാമ്രാജ്യത്വത്തിനും കോളനിഭരണത്തിന്റെയും കഥകള്‍ പറയാനുള്ളപ്പോള്‍ മുസ്സോളിനിയുടെ ഇറ്റലി അഞ്ച് വര്‍ഷം ആക്രമിച്ച ചരിത്രം മാത്രമേ എത്യോപ്യക്കുള്ളു.
എരിട്രിയയില്‍ ഇറ്റലിയും സോമാലിയയില്‍ ബ്രിട്ടനും ജിബൂട്ടിയില്‍ ഫ്രാന്‍സുമായിരുന്നു കോളനിസ്ഥാപിച്ചിരുന്നത്.
രണ്ടാമതായി, എത്യോപ്യ ഒഴികെയുള്ള രാജ്യങ്ങള്‍ കരയുമായും തീരവുമായും അതിര്‍ത്തി പങ്കിടുമ്പോള്‍ എത്യോപ്യ തീരങ്ങളില്ലാതെ നാല് ഭാഗവും കരയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചുറ്റപ്പെട്ടത് അവരുടെ ദൗര്‍ബല്യത്തിനും ശക്തിക്ഷയത്തിനും കാരണമാകുന്നുണ്ട്. അതിനെ മറികടക്കാന്‍ സമീപകാലത്ത് എത്യോപ്യ ആസൂത്രണം ചെയ്ത് കൊണ്ടുവന്ന ഒരു പദ്ധതിയാണ് സോമാലിയയുമായി വേര്‍പിരിഞ്ഞുകിടക്കുന്ന പ്രദേശമായ സോമാലിലാന്‍ഡുമായുള്ള (Somaliland ) തുറമുഖ (Port Of Berbera) കരാര്‍.
സോമാലിലാന്‍ഡ് (Somaliland) സോമാലിയയുമായി വേര്‍പിരിഞ്ഞുകിടക്കുന്ന പ്രദേശമാണെങ്കിലും ഒരു സ്വതന്ത്ര രാജ്യമായി ഇതുവരെ ആരും അംഗീകരിച്ചിട്ടില്ല. അവരുമായി എത്യോപ്യ നടത്തിയ കരാറാണ് ഈ പ്രദേശത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാവുന്ന സാധ്യതകളിലേക്ക് നയിച്ചത്. ഇതിനെ മറികടക്കാന്‍ സോമാലിയയെ NATO അംഗമായ തുര്‍ക്കിയുമായി സൈനിക- വ്യാപാര കരാറിലേക്ക് എത്തിച്ചു.
ഈ പ്രദേശത്തെ നാല് രാജ്യങ്ങളില്‍ എത്യോപ്യക്ക് മാത്രമാണ് തീരാതിര്‍ത്തിയും തുറമുഖവും ഇല്ലാത്തത്. ജിബൂട്ടിയിലെ തുറമുഖം മാത്രം ആശ്രയമുള്ള, കരയാല്‍ ചുറ്റപ്പെട്ട എത്യോപ്യയുടെ വളര്‍ച്ചക്ക് ഒരു തുറമുഖം ആവശ്യമാണെന്ന് കരുതിമാത്രമല്ല പ്രധാനമന്ത്രി അബി അഹമ്മദ് (Abiy Ahmed )സോമാലിലാന്‍ഡുമായി കരാറൊപ്പിട്ടത്. മറിച്ച്, സോമാലിയയുമായി വേര്‍പിരിഞ്ഞുകിടക്കുന്ന പ്രദേശമായ സോമാലിലാന്‍ഡുമായി (Somaliland )ബന്ധം ഉറപ്പിക്കുന്നതുവഴി അരനൂറ്റാണ്ടിനുള്ളില്‍ പ്രദേശത്തെ പ്രബലശക്തിയാകാനും കഴിയുമെന്ന ബോധ്യവും കരാറിലേക്ക് നയിച്ചു.
എത്യോപ്യയുടെ ആശകള്‍ക്കപ്പുറം സ്വാതന്ത്ര്യമെന്ന സ്വപ്‌നവും സോമാലിലാന്‍ഡിനെ കരാറിന് പ്രേരിപ്പിച്ചു.
സോമാലിയയില്‍ നിന്ന് 1991 മുതല്‍ സ്വയം ഭരണാധികാരം ലഭിച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരു രാജ്യവും അംഗീകരിച്ചിരുന്നില്ല. ഈ മോഹത്തിന് പ്രതീക്ഷ നല്‍കി എത്യോപ്യ തങ്ങളെ ഔദ്യോഗികമായി സ്വതന്ത്രരാജ്യമായി അംഗീകരിക്കാമെന്ന വാഗ്ദാനം സോമാലിലാന്‍ഡിന് നിരസിക്കാന്‍ കഴിയാത്തതായിരുന്നു.
ഇത്പ്രകാരം പുതുവര്‍ഷ പുലരിയില്‍(1st January 2024) ഇരു രാജ്യങ്ങളും തമ്മില്‍ തുറമുഖകരാറില്‍ ഒപ്പുവെക്കുകയും എത്യോപ്യക്ക് തുറമുഖത്തിനും നാവികസേന വികസിപ്പിക്കാനുള്ള അധികാരവും സോമാലിലാന്‍ഡിന് സ്വതന്ത്രരാജ്യമെന്ന പദവിയും ലഭിക്കുന്നു.
എന്നാല്‍ സോമാലിലാന്‍ഡ് തങ്ങളുടെ ഭാഗമാണെന്നും 1991 മുതല്‍ സ്വയംഭരണാധികാരമുണ്ടെന്നും തങ്ങളുടെ പരമാധികാരവും ഐക്യവും നിയമവിരുദ്ധമായി തടഞ്ഞുകൊണ്ട് സ്വാതന്ത്ര്യം പ്രദാനം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും സോമാലിയ വാദിക്കുന്നു.
കഴിഞ്ഞ രണ്ട് ദശകങ്ങളായി സോമാലിയ നേരിടുന്ന ഭീകരവാദവും അതിനെ ഉന്മൂലനം ചെയ്യാനെന്ന പേരിലെത്തിയ അമേരിക്കയും തുടര്‍ന്ന് അമേരിക്ക വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന സൈനിക താവളങ്ങളും എത്യോപ്യയില്‍ ഭീതി ജനിപ്പിക്കുന്നുണ്ട്.
2006 മുതല്‍ സോമാലിയ Al-Shabaab എന്ന ഭീകരവാദ സംഘടനയുമായുള്ള പോരാട്ടത്തിലാണ്. 2011 മുതല്‍ അമേരിക്ക സോമാലിയയില്‍ സൈനികകേന്ദ്രങ്ങള്‍ തുടങ്ങുകയും ഇവര്‍ക്കെതിരെ പോരാടുകയും ചെയ്യുന്നതിന്റെ ഫലമായി Al-Shabaab ന്റെ സാന്നിദ്ധ്യം വിജയകരമായി തുടച്ചുമാറ്റികൊണ്ടിരിക്കുകയാണ്.
ഈ വിജയം സോമാലിയയിലെ അമേരിക്കയുടെ കീഴില്‍ പരിശീലിച്ച 2014 ല്‍ നിലവില്‍വന്ന ‘Danab Brigade (Lightning Brigade)’ എന്ന കമാന്‍ഡോ വിഭാഗത്തിന്റെ ദൗത്യംമൂലമാണ്. പുതുതായി സോമാലിയയിലെ അഞ്ച് തന്ത്രപ്രധാന സ്ഥലങ്ങളില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ കരാര്‍ ഒപ്പിട്ടതോടുകൂടെ അമേരിക്കയും Danab Brigade ഉം അയല്‍രാജ്യമായ തങ്ങള്‍ക്കെതിരെ തിരിയുമോയെന്നുള്ള പേടിയും എത്യോപ്യയിലും സോമാലിലാന്‍ഡിലും പ്രതിസന്ധിക്ക് വകവെക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇരുവരും തമ്മിലുള്ള തുറമുഖ കരാര്‍ (പോര്‍ട്ട് ഓഫ് ബെര്‍ബേര).
സോമാലിലാന്‍ഡുമായി എത്യോപ്യ നടത്തിയ കരാര്‍പ്രകാരം സോമാലിലാന്‍ഡിലെ തന്ത്രപ്രധാനമായ ചെങ്കടലുമായി തീരമുള്ള ബെര്‍ബേര തുറമുഖം (Port of Berbera) അമ്പത് വര്‍ഷം ഉപയോഗിക്കാനും അതുവഴി ഏദന്‍ ഉള്‍ക്കടലില്‍ സ്വാധീനം കൊണ്ടുവരാനും നാവികസൈന്യം വളര്‍ത്താനും അഭ്യസിപ്പിക്കാനും എത്യോപ്യക്ക് അനുമതി ലഭിച്ചു.
ഇരുപത് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഈ തീരമേഖല കണ്ണില്‍ കരടാവാതിരിക്കാന്‍ സോമാലിയന്‍ സര്‍ക്കാരും സോമാലിയന്‍ പ്രസിഡന്റ് ഹസ്സന്‍ ഷെയ്ഖ് മഹമൂദും തുര്‍ക്കിയുമായി പത്തുവര്‍ഷം നീളുന്ന സൈനിക-വ്യാപാര കരാറില്‍ ഒപ്പുവെച്ചു. അതുപ്രകാരം തുര്‍ക്കിക്ക് സോമാലിയന്‍ തീരമേഖലയില്‍ നാവികസേനയെ വളര്‍ത്താനും പരിശീലിപ്പിക്കാനുള്ള അനുമതി ലഭിക്കുകയും സോമാലിയയുടെ പ്രദേശങ്ങളും തീരങ്ങളും അതിര്‍ത്തികളും സംരക്ഷിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
തുര്‍ക്കി തങ്ങളുടെ നാവികസേനയെയും പടക്കപ്പലുകളെയും സോമാലിയന്‍ തീരത്ത് എത്തിക്കുകയും സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുകയും ചെയ്യും. ഇതിലൂടെ പ്രത്യക്ഷമായി സോമാലിയ തങ്ങളുടെ ഭാഗമാണെന്നും ഭാഗ്യമാണെന്നും അവകാശപ്പെടുന്ന സോമാലിലാന്‍ഡിലെ എത്യോപ്യയുടെ തുറമുഖ ആശകള്‍ക്ക് തിരിച്ചടി നല്‍കുന്നു.
ഇതുകൂടാതെ രണ്ട് ദശകങ്ങളായി സോമാലിയയില്‍ നിലനില്‍ക്കുന്ന ഭീകരവാദവും കലാപവും (Terror Insurgency), സോമാലിയന്‍ തീരങ്ങളില്‍ ഉണ്ടാകുന്ന നിരന്തര കടല്‍ക്കൊള്ളകളും അലങ്കോലമായ ചെങ്കടല്‍ വ്യാപാരവും തുടരേയുള്ള ഹൂതി(Houthi) അക്രമണങ്ങളും സോമാലിയയെ തുര്‍ക്കിയോടടുപ്പിച്ചു. എങ്കിലും, സോമാലിയയെ തുര്‍ക്കിയോട് അടുപ്പിച്ചത് എത്യോപ്യ ചാണക്യന്‍ പറഞ്ഞ മണ്ഡല സിദ്ധാന്തത്തിലെ അറി (Ari) (Every neighbouring state is an enemy) ആയത്‌കൊണ്ടാണ്.
നിലവില്‍ സോമാലിയ എത്യോപ്യയോട് കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട്‌കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ സോമാലിയ തുര്‍ക്കിയുമായി തീരമേഖലയില്‍ സൈനിക-വാണിജ്യകരാര്‍ കൊണ്ടുവന്നു. തുര്‍ക്കി ഒരു NATO (North Atlantic Treaty Organization )അംഗം ആയതും തുര്‍ക്കിക്ക് അതുകൊണ്ടുള്ള അനുകൂലതകളുമാണ് എത്യോപ്യക്ക് ഒരേ സമയം ഭയം ഉളവാക്കുന്നതും സോമാലിയക്ക് ആശ്വാസം നല്‍കുന്നതും.
കാരണം ഒരു NATO അംഗത്തിന് നേരെയുള്ള ആക്രമണം മുഴുവന്‍ അംഗങ്ങള്‍ക്കും നേരെയുള്ളതാണന്ന ഉള്‍ഭയം എത്യോപ്യക്കുണ്ട്. കൂടാതെ അറബ് ലീഗും, ഈജിപ്റ്റും, സൗദി അറേബ്യയും എത്യോപ്യയുടെ തുറമുഖകരാറിനെ എതിര്‍ത്തിട്ടുണ്ട്.
ഒരിക്കല്‍ അവസാനിച്ച വിദേശ കടന്നുകയറ്റത്തിന് ശേഷം മറ്റൊരു ഇടപെടലിന് വഴിയൊരുക്കുകയാണ് സോമാലിയയും എത്യോപ്യയും. എത്യോപ്യ തങ്ങളുടെ പ്രദേശം കയ്യേറ്റം ചെയ്യുകയാണെന്നും സോമാലിയ ഇതൊരു വാണിജ്യകരാര്‍ മാത്രമാണെന്നുമാണ് അവകാശപ്പെടുന്നത്. ജിബൂട്ടിയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ തുറമുഖമേഖലകള്‍ കൈവെള്ളകളില്‍ ഒതുക്കിയശേഷം അമേരിക്ക, ചൈന, തുര്‍ക്കി തുടങ്ങിയ വിദേശ ശക്തികള്‍ക്ക് മറ്റൊരു കളം ഒരുക്കികൊടുക്കുകയാണ് ഇരുവരും.
content highlights: Somalia-Turkey deal puts Ethiopian hopes in check