മൊഗദിഷു: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ പ്രധാനമന്ത്രിയെ പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെയാണ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലഹി മുഹമ്മദ് സസ്‌പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അഴിമതി ആരോപണം കാരണമാണ് സസ്‌പെന്‍ഷന്‍ എന്നാണ് പ്രസിഡന്റിന്റെ ഓഫീസ് പറയുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
”പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെ സസ്‌പെന്‍ഡ് ചെയ്യാനും അദ്ദേഹത്തിന്റെ അധികാരങ്ങള്‍ നിര്‍ത്തലാക്കാനും പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നു.
അഴിമതിയില്‍ പങ്കുണ്ടെന്നതിനാലാണ് ഈ തീരുമാനം,” പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഭൂമി തട്ടിയെടുക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ പ്രധാനമന്ത്രി അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് ആരോപിക്കുന്നു.
സൊമാലിയയില്‍ ഏറെക്കാലമായി പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനെ സംബന്ധിച്ചായിരുന്നു ഇത്.