| Monday, 24th December 2012, 8:44 am

ഗുജറാത്തിലെ പോഷകാഹാര പ്രതിസന്ധി സൊമാലിയയേക്കാളും രൂക്ഷം: മാര്‍കണ്ഡേയ കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തിലെ പോഷകാഹാര പ്രതിസന്ധി ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയെക്കാളും രൂക്ഷമാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു.

ഗുജറാത്തിലെ വികസനം വ്യാജമാണ്. ലഭ്യമായ കണക്കുവെച്ച് നരേന്ദ്ര മോഡിയുടെ കീഴില്‍ ഒരു വിഭാഗം മാത്രമാണ് വികസിക്കുന്നത്. ദാരിദ്രവും പോഷകാഹാരക്കുറവും ഇവിടെ രൂക്ഷമാണ്.[]

വകസനത്തിന്റെ കണക്കുകള്‍ മോഡി ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം അങ്ങേയറ്റം പരിതാപകരമാണ്. മൂന്നാം വട്ടവും മോഡി തിരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതമൊന്നുമില്ല.

എങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും പാര്‍ട്ടികള്‍ വിജയിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം. 2002 ലെ വംശഹത്യ മോഡിയുടെ മേല്‍ വീഴ്ത്തിയ ചോരക്കറ ഒരിക്കലും മായ്ക്കാന്‍ സാധിക്കില്ല.

മോഡി അഹങ്കാരം കൊള്ളുന്ന ഗുജറാത്തിലെ വികസനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ താമസിയാതെ ഗുജറാത്തിലെ ജനങ്ങള്‍ മനസ്സിലാക്കും. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സ്ഥിതി ഗുജറാത്തില്‍ നിന്നും വ്യത്യസ്തമാണെന്നും കഠ്ജു പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംശുദ്ധനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കറുത്ത പാടുകളില്ല. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more