|

തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ പ്രകോപിതരായി; യു.എസ് സമ്മര്‍ദത്തില്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി സൊമാലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഗാദിഷു: യു.എസ് സൈന്യത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി അബുല്‍ദ്കാദിര്‍ മുഹമ്മദ് നൂറിനെ പുറത്താക്കി സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ്. തുര്‍ക്കിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചതോടെയാണ് നൂറിനെതിരെ സൊമാലിയന്‍ പ്രസിഡന്റ് നടപടിയെടുത്തത്.

അടുത്തിടെ സൈനിക, ഊര്‍ജ, ബഹിരാകാശ രംഗത്ത് തുര്‍ക്കിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നൂറിന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നൂറിന്റെ നീക്കങ്ങള്‍ യു.എസിനെ പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയുമായുള്ള യു.എസിന്റെ അടുത്ത ബന്ധമാണ് പ്രകോപനത്തിന്‍ കാരണമായ ഒരു ഘടകം.

2024 ഫെബ്രുവരിയില്‍ നൂറിന്റെ നേതൃത്വത്തില്‍ സൊമാലിയയും തുര്‍ക്കിയും തമ്മില്‍ ഒരു സമഗ്ര നാവിക-വ്യാപാര-പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ അനുസരിച്ച് സൊമാലിയയില്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങള്‍ നടത്താനും തുര്‍ക്കിക്ക് കഴിയും.

കൂടാതെ സൊമാലിയയുടെ ഊര്‍ജ സ്രോതസുകളുടെ പര്യവേഷണത്തില്‍ തുര്‍ക്കിക്ക് സഹായം നല്‍കാനും സാധിക്കും. കരാര്‍ പൂര്‍ണമായും നടപ്പിലാകുകയാണെങ്കില്‍ സൊമാലിയയുടെ അടിസ്ഥാന സൗകര്യങ്ങളിലും പ്രതിരോധ മേഖലയിലും തുര്‍ക്കിയുടെ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാകേണ്ടതാണ്.

കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കില്‍ കൂടി മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ യു.എസ് ആശങ്കപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രസ്തുത കരാറില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്ന് യു.എസ് ഒന്നിലധികം തവണ സൊമാലിയയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് വിന്യസിച്ചിട്ടുള്ള യു.എസ് സേനയുമായി ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രിയെ പുറത്താക്കാന്‍ അമേരിക്ക സൊമാലിയക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പ്രതിരോധമന്ത്രിയുടെ സ്ഥാനത്ത് നിന്ന് നൂറിനെ മാറ്റിയില്ലെങ്കില്‍ അല്‍-ശബാബിനെതിരായ മൊഗാദിഷുമായുള്ള സുരക്ഷാ സഹകരണം പുനഃപരിശോധിക്കുമെന്ന് യു.എസ് അറിയിച്ചിരുന്നു. പിന്നാലെ സൊമാലിയയിലെ സുരക്ഷാ നടപടികളില്‍ യു.എസ് മൗനം പാലിക്കുകയും ചെയ്തിരുന്നു.

ഇതിനുപുറമെ അമേരിക്ക-ആഫ്രിക്ക കമാന്‍ഡ് പരിശീലനം നല്‍കുന്ന എലൈറ്റ് സൊമാലി ആര്‍മി യൂണിറ്റായ ദനാബ് സ്‌പെഷ്യല്‍ ഫോഴ്‌സിനുള്ള ധനസഹായം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് സൊമാലിയ പ്രസിഡന്റ് പുറത്താക്കിയത്. നിലവില്‍ മുഹമ്മദ് നൂറിനെ തുറമുഖ മന്ത്രിയായി നിയമിച്ചുവെന്നാണ് വിവരം.

Content Highlight: Somalia dismisses defense minister under US pressure, angered by ties with Turkey

Latest Stories