സംഘടനയെ കുറ്റം പറയുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്; ആ​ഗോള പട്ടിണി സൂചികയിൽ കേന്ദ്രത്തിനോട് ഖാർ​ഗെ
national news
സംഘടനയെ കുറ്റം പറയുകയല്ല, പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്; ആ​ഗോള പട്ടിണി സൂചികയിൽ കേന്ദ്രത്തിനോട് ഖാർ​ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2022, 5:16 pm

ന്യൂദൽഹി: ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴെയായതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നിലംപൊത്തിയതിന് സംഘടനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മറിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ഖാർ​ഗെ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“സംഘടനകളുടെ റിപ്പോർട്ടുകളെ അപകീർത്തിപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നതിനുപകരം, പട്ടിണി പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രവർത്തിക്കണം. കഴിഞ്ഞ എട്ട് വർഷമായി, ഈ രംഗത്തെ പുരോ​ഗതി മന്ദ​ഗതിയിലാണ്. സർക്കാർ ഡാറ്റയും ഇത് തന്നെയാണ് വെളിപ്പെടുത്തുന്നതും,” അദ്ദേഹം പറഞ്ഞു.

നേരത്തെ ആ​ഗോള പട്ടിണി സൂചിക പുറത്തുവന്നതിന് പിന്നാലെ സംഘടനയുടെ കണക്കുകൾ തെറ്റാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ രം​ഗത്തെത്തിയിരുന്നു.

ആഗോള പട്ടിണി സൂചികയുടെ റിപ്പോർട്ടുകൾ നിരുത്തരവാദപരവും, നികൃഷ്ടവുമാണെന്നായിരുന്നു ആർ.എസ്.എസ് പോഷക സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം) പറഞ്ഞത്. ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് പ്രസാധകർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാറിനോട് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടിരുന്നു.

‘ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദപരവും, നികൃഷ്ടവുമായാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ട് തെറ്റാണെന്ന് മാത്രമല്ല, വിശകലനത്തിലും വിവരങ്ങൾ ശേഖരിച്ചതിലും പിഴവ് സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയെയും ഇന്ത്യ എതിർത്തിരുന്നു. അന്ന് തെറ്റുകൾ തിരിത്തുമെന്ന് ‘ദി വേൾഡ് ഫുഡ് ഓർഗനൈസേഷൻ’ ഉറപ്പു നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്,’ എന്നായിരുന്നു സ്വദേശി ജാഗരൺ മഞ്ചിന്റെ പ്രസ്താവനയിൽ പരാമർശിച്ചിരുന്നത്.

ഒക്ടോബർ 15നാണ് ആഗോള പട്ടിണി സൂചിക പുറത്തുവന്നത്. 121 രാജ്യങ്ങളുള്ള പട്ടികയിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. 2021ൽ 116 രാജ്യങ്ങളിൽ 101ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയിലെ സ്‌കോർ.

അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ഭരണ പ്രതിസന്ധിയിലായ ശ്രീലങ്ക എന്നിവരെക്കാളെല്ലാം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

എന്നാൽ അശാസ്ത്രീയമായ രീതിയിലാണ് ഇൻഡക്‌സ് കണക്കാക്കുന്നതെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ ഇതിന് പിന്നാലെ രംഗത്തെത്തിയിരുന്നു.

‘ഭക്ഷ്യ സുരക്ഷയും ജനസംഖ്യയുടെ പോഷകാഹാര ആവശ്യകതകളും നിറവേറ്റാത്ത ഒരു രാഷ്ട്രമെന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നിരന്തരമായ ശ്രമം ദൃശ്യമാണ്. തെറ്റായ വിവരങ്ങളാണ് വർഷം തോറും പുറത്തിറക്കുന്ന ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര,’ കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറയുന്നു.

സൂചികയിലുള്ളത് വിശപ്പിന്റെ തെറ്റായ അളവുകോലാണ്. ഗുരുതരമായതും രീതിശാസ്ത്രപരമായതുമായ പ്രശ്‌നങ്ങൾ പട്ടിക നേരിടുന്നു. നാല് സൂചകങ്ങളിൽ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. അത് മാത്രമല്ല ആ സൂചകങ്ങൾക്ക് മുഴുവൻ ജനസംഖ്യയുടെയും കാര്യം പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Content Highlight: solve the problem than blaming the organization; Kharge to Center on Global Hunger Index