ഡൂള്‍ ന്യൂസ് സ്റ്റാര്‍ റേറ്റിംഗ് : 1/5
ചിത്രം : സോളോ
സ്റ്റാറിംഗ് : ദുല്‍ഖര്‍ സല്‍മാന്‍
സംവിധാനം : ബിജോയ് നമ്പ്യാര്‍
നിര്‍മ്മാണം : ഗെറ്റ് എവെ
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍, മധു നീലകണ്ഠന്‍, സെജല്‍ ഷാ
സെയ്ത്താനും ഡേവിഡും വസീറുമൊക്കെ ചെയ്ത ബിജോയ് നമ്പ്യാര്‍, ചാര്‍ളി മുതല്‍ ഇങ്ങോട്ട് ഒരു പരിധിയില്‍ കൂടുതല്‍ നിരാശപ്പെടുത്താത്ത ദുല്‍ഖര്‍ സല്‍മാന്‍. ഇവര്‍ രണ്ടുപേരും ഒരുമിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ ഏതൊരു സിനിമാ മോഹിയും ഒരുപാട് പ്രതീക്ഷിക്കും. അതിനുള്ള അവകാശവും കാശുമുടക്കി പടം കാണുന്നവനുണ്ട്. യുവത്വത്തിന്റെ കഥ പറഞ്ഞ സെയ്ത്താന്‍ ചെയ്ത ബിജോയ് മലയാള സിനിമയുടെ യുവത്വത്തിന്റെ മുഖമായ ദുല്‍ഖറിനൊപ്പം ചെയ്യുന്ന പടമെന്നത് തന്നെയായിരുന്നു ആദ്യവും അവസാനവും സോളോയിലേക്ക് ആകര്‍ഷിപ്പിച്ചത്. പടം കണ്ടിറങ്ങിയപ്പോഴേക്കും ആ ചീട്ടുകൊട്ടാരം തകര്‍ന്ന് തരിപ്പണമായിരുന്നു.
നാല് കഥകളാണ് ചിത്രത്തിലുള്ളത്. ശേഖര്‍, ത്രിലോക്, ശിവ, രുദ്ര്, ആ നാലുപേരുടേയും ജീവിതത്തിലെ പ്രണയവും പ്രതികാരവുമാണ് സോളോ. ജലം, വായു, അഗ്നി, മണ്ണ് പഞ്ചഭൂതങ്ങളിലെ ആ നാലെണ്ണത്തെ പ്രതിനിധീകരിക്കുന്നതാണ് ഓരോ കഥയും, അല്ലെങ്കില്‍ അങ്ങനെയാണ് വെപ്പ്. നാലിനേയും ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം നായകന്മാര്‍ നാലുപേരുടേയും പേരുകള്‍ പരമശിവന്റെ പര്യായങ്ങളാണെന്നതാണ്. അധികമാരും, പ്രത്യേകിച്ച് മലയാളത്തില്‍, പരീക്ഷിക്കാത്ത ഒരു കഥ പറച്ചിലായിരിക്കും ചിത്രമെന്ന് പ്രതീക്ഷിക്കാന്‍ വേറെന്തു വേണം.
എന്നാല്‍ മേല്‍പ്പറഞ്ഞ നാല് കഥകളും പരസ്പരം പേരിലെ സാമ്യമൊഴിച്ചാല്‍ പിന്നെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് സംവിധായകന് മാത്രമറിയുന്ന രഹസ്യമാണ്. അതങ്ങനെ നിലനിര്‍ത്താന്‍ അദ്ദേഹം അവസാനം വരെ ശ്രമിച്ചിട്ടുമുണ്ട്. അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് സമാധാനിക്കാം. എന്നാല്‍ ഓരോ സിനിമയും അത് പ്രതിനിധീകരിക്കുന്ന ഭൂതത്തോടെങ്കിലും നീതി പുലര്‍ത്തേണ്ടതില്ലേ?
തുടക്കത്തില്‍ തന്നെ പാളിയ ശേഖറിന്റെ ലോകം
സംസാര വൈകല്യമുള്ള ശേഖറിന്റേയും അന്ധയായ രാധികയുടേയും പ്രണയമാണ് ശേഖറിന്റെ ലോകം. ജലമാണ് ശേഖറിന്റെ ലോകത്തെ ഭൂതം. സോളോയുടെ ചിത്രീകരണ ചിത്രങ്ങള്‍ പുറത്തു വന്നതു മുതല്‍ ശ്രദ്ധേയമായിരുന്നു ശേഖറിന്റെ ലുക്ക്. മുടി നീട്ടി വളര്‍ത്തിയ ദുല്‍ഖറിന്റെ ലുക്ക് ഒരുപാട് ക്യൂരിയോസിറ്റി സൃഷ്ടിച്ചിരുന്നു. സ്വന്തം കുറവുകളെ മറികടന്ന് പരസ്പരം സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുകയും ചെയ്യുന്ന ശേഖറിന്റേയും രാധികയുടേയും ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദുരന്തം കടന്നു വരുന്നതാണ് ചിത്രം. ദുല്‍ഖറിന്റെ ഗെറ്റ് അപ്പ് ഒഴിച്ച് ഇതില്‍ ശ്രദ്ധേയമായ ഒന്നുമില്ലായിരുന്നുവെന്നതാണ് വാസ്തവം. പതിവ് കോളേജ് പ്രണയകഥകള്‍ക്കപ്പുറത്തേക്ക് പോകാന്‍ ബിജോയ്ക്ക് സാധിച്ചിട്ടില്ല. കഥയിലെ ദുരന്തത്തിലേക്ക് ചിത്രമെത്തുമ്പോഴേക്കും ചിത്രം മൊത്തത്തില്‍ ഒരു ദുരന്തമായി മാറുന്നു. വിക്കനായുള്ള ദുല്‍ഖറിന്റെ അഭിനയവും പ്രണയ രംഗങ്ങളുമെല്ലാം അറു ബോറന്‍ ഏര്‍പ്പാടാണ്.
സൗബിന്‍ ഷാഹിറടക്കമുള്ള സഹതാരങ്ങള്‍ക്ക് ഇത്തവണ സ്ഥിരം “തമാശക്കാരാനായ കൂട്ടുകാരന്‍” റോള്‍ പോലും നേരാം വണ്ണം ചെയ്യാനില്ലായിരുന്നു. മൊത്തത്തില്‍ ദുല്‍ഖറിന്റെ വണ്‍ മാന്‍ ഷോ. അല്‍പ്പമെങ്കിലും ആശ്വാസമായത് ധന്‍സികയുടെ പ്രകടനമാണ്. അതും ഓര്‍ത്തുവെക്കാനൊന്നും സമ്മാനിക്കുന്നില്ല.
ത്രില്ലടിപ്പിക്കാതെ ഉറക്കാന്‍ ശ്രമിക്കുന്ന ത്രിലോകിന്റെ ലോകം
ഇഴഞ്ഞു നീങ്ങിയ പ്രണയത്തില്‍ നിന്നും രണ്ടാമത്തെ ചിത്രത്തില്‍ ബിജോയ് പ്രേക്ഷനെ കൊണ്ടു പോകുന്നത് ത്രിലോകിന്റെ പ്രതികാര കഥയിലേക്കാണ്. ആന്‍സണ്‍ പോള്‍, രഞ്ജി പണിക്കര്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഭൂതം വായുവാണ്.
പ്രണയത്തിന്റെ കളര്‍ഫുള്‍ മൂഡില്‍ നിന്നും പ്രതികാരത്തിന്റെ ഡാര്‍ക്ക് മൂഡിലേക്ക് ചിത്രം മാറുന്നു. അഭിനയത്തില്‍ ദുല്‍ഖര്‍ വീണ്ടും സ്‌കോര്‍ ചെയ്തപ്പോള്‍ ആന്‍ അഗസ്റ്റിനടക്കമുള്ള മറ്റ് താരങ്ങള്‍ ഓവര്‍ ആക്ട് ചെയ്ത് ബോറാക്കിയിട്ടുണ്ട്. സാമാന്യ ബോധമുള്ളവന് ഊഹിക്കാവുന്ന ട്വിസ്റ്റും ഓവര്‍ ഹൈപ്പുമാണ് ത്രിലോകിന്റെ ലോകം.
തമ്മില്‍ ബേധം തൊമ്മന്‍ ശിവ
ഇതൊരു മികച്ച കഥയോ സിനിമയോ ആയതു കൊണ്ടല്ല, മറ്റ് മൂന്നെണ്ണവും അത്രയ്ക്ക് മോശമയാതു കൊണ്ടാണ് ശിവ മികച്ചതായത്. കൂട്ടത്തില്‍ അഗ്നിയെന്ന ഭൂതത്തോട് അല്‍പ്പമെങ്കിലും അടുപ്പം കാണിച്ചതും ശിവയുടെ ലോകമാണ്. അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ മുംബൈയിലെത്തുന്ന ശിവയുടെ കഥയില്‍ മനോജ് കെ.ജയനും പീതാംബരന്‍, ഗോവിന്ദ് മേനോന്‍ തുടങ്ങിയവര്‍ സഹതാരങ്ങളാകുന്നു.
ഗാങ്സ്റ്റര്‍ ഗെറ്റപ്പില്‍ ദുല്‍ഖര്‍ എത്തുന്ന ചിത്രം ആക്ഷനും വയലന്‍സുമൊക്കെയുള്ളതാണ്. ബിജോയ് നമ്പ്യാരെന്ന ബോളിവുഡിന് പരിചയമുള്ള സംവിധായകന്റെ നിഴല്‍ അല്‍പ്പമെങ്കിലും കണ്ടത് ഇവിടെ മാത്രമാണ്. നായികയായെത്തിയ നടി എന്തിനാണ് ഇത്ര ക്ഷുഭിതയാകുന്നതും പെടുന്നനെ എങ്ങനെ ശാന്തയാകുന്നുവെന്നതും കണ്ട് അത്ഭുതപ്പെടേണ്ടതാണ്.
കൈവിട്ട കളിയായ രുദ്രയുടെ പ്രണയം
“സേവ് ദ ബെസ്റ്റ് ഫോര്‍ ലാസ്റ്റ്” എന്നൊരു ചൊല്ലുണ്ട്. അതിന്റെ നേരെ വിരുദ്ധമാണ് രുദ്രയുടെ ലോകം. “സേവ് ദ വേസ്റ്റ് ഫോര്‍ ലാസ്റ്റ്”. ഏറ്റവും ഒടുവിലെത്തി ഏറ്റവും കൂടുതല്‍ വെറുപ്പിച്ച് കടന്നു പോകുന്ന കഥ. എല്ലാം അവസാനിക്കുന്നത് മണ്ണിലാണെന്ന ബോധ്യമായിരിക്കാം ഒരുപക്ഷെ അവസാനത്തെ ഭൂതമായി മണ്ണിനെ തെരഞ്ഞെടുക്കാന്‍ ബിജോയിയെ പ്രേരിപ്പിച്ചത്.
ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയ റോഷമ്മോ റോഷമ്മോ, സീതാ കല്യാണം തുടങ്ങിയ ഗാനങ്ങള്‍ ഈ ഭാഗത്തിലാണുള്ളത്. റോഷമ്മോ കേള്‍ക്കാന്‍ കാത്തിരുന്ന പ്രേക്ഷന്‍ അതൊക്കെ മറന്ന് ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ന്നിരിക്കുന്നിടത്താണ് രുദ്രയെത്തുന്നത്. പട്ടാളക്കാരനാണ് കക്ഷി. രുദ്രയുടേയും അക്ഷരയുടേയും പ്രണയമാണ് കഥ. ലുക്കിലൊഴിച്ചാല്‍ വേറൊരു മാറ്റവും ദുല്‍ഖറിന്റെ ഭാവങ്ങളിലെ ശരീരഭാഷയിലോ ഇല്ല. ദുര്‍ബലമായ തിരക്കഥയും ട്രാജഡിയുടെ അങ്ങേയറ്റമായ ക്ലൈമാക്‌സുമൊക്കെ വെറുപ്പിച്ച് കൊല്ലുന്നതാണ്.
ഗാനങ്ങളൊഴിച്ച് രുദ്രയുടെ ലോകത്ത് ആകര്‍ഷികമായ ഒന്നുമില്ല. അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ ഉസ്താദ് ഹോട്ടലിലെ ഫൈസിയുടേയും മറ്റും കാലത്തേക്കുള്ള ദുല്‍ഖറിന്റെ മടക്കമാണ് രുദ്ര.
നാലൂം കൂട്ടി ആകെ മൊത്തം
ബിജോയ് നമ്പ്യാര്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്ത ഏറ്റവും മോശം ചിത്രമായിരിക്കും സോളോ. സാധാരണ സിനിമാ പ്രേമിയേയോ ദുല്‍ഖറിന്റെ കടുത്ത ആരാധകരയോ മോഹിപ്പിക്കുന്നതോ ആശ്വസിപ്പിക്കുന്നതോ ആയ ഒന്നുമില്ല സോളോയില്‍. ജലം, വായു, അഗ്നി, മണ്ണ് എന്നീ ഭൂതങ്ങള്‍ അതത് കഥകളില്‍ അവിടിവിടെ വന്നു പോകുന്നുവെന്നല്ലാത എന്താണ് അതിന് ചിത്രവുമായോ തീമുമായോ ഉ്ള്ള ബന്ധമെന്നതോ ഇനിയും മനസിലാക്കാന്‍ സാധിക്കാത്ത ഒരു ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നു.
സെജല്‍ ഷാ, ഗിരീഷ് ഗംഗാധരന്‍, മധു നീലകണ്ഠന്‍ എന്നിവരുടെ ഛായാഗ്രഹണം ശരാശരിയില്‍ ഒതുങ്ങുമ്പോള്‍ പ്രശാന്ത് പിള്ളയുടേയും സൂരജ് എസ് കുറുപ്പിന്റേയും സംഗീതവും പശ്ചാത്തല സംഗീതവും തലവേദനയില്ലാതെ ചിത്രം കാണാന്‍ സഹായിക്കുന്നു. സോളോ ഒരു പാളിപ്പോയ പരീക്ഷണ ചിത്രമാണ്.