ഉക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിക്കും
Kerala News
ഉക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th February 2022, 5:50 pm

കോഴിക്കോട്: ‘യുദ്ധത്തില്‍ വിജയികളില്ല ഇരകള്‍ മാത്രം’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗ് യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

‘റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി ഉക്രൈനില്‍ ഭയ വിഹ്വലരായി കുടുങ്ങി കിടക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാനവരാശിക്ക് തീരാ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിനെതിരായും മുസ്‌ലിം യൂത്ത് ലീഗ് തിങ്കളാഴ്ച യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിക്കും.

യുദ്ധവിരുദ്ധ സായാഹ്നം നിയോജക മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കാന്‍ എല്ലാ കമ്മിറ്റികളോടും അഭ്യര്‍ത്ഥിക്കുന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍(പ്രസിഡന്റ്), പി.കെ. ഫിറോസ് (ജനറല്‍ സെക്രട്ടറി),’ പി.കെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭൂതം അപകടകരമാണെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ് പറഞ്ഞിരുന്നു. ’27 രാജ്യങ്ങളോടും സഹായം തേടിയിട്ടും ആരും പ്രതികരിച്ചില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ്,’ എന്ന തലക്കെട്ടോടെയാണ് നവാസ് പോസ്റ്റര്‍ പങ്കുവെച്ചത്.

സാമ്രാജ്യത്യ ശക്തികളുടെ ആധിപത്യ മത്സരക്കളി ലോകത്തിന് നാശമാണെന്നും സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭൂതം അപകടകരമാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.