| Monday, 3rd June 2024, 8:54 am

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നവാഗതരെ സ്വാഗതം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ. ഫലസ്തീന്‍ ആഗോള പ്രതീകമായ തണ്ണിമത്തനോടുകൂടിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് എസ്.എഫ്.ഐ നവാഗതരെ സ്വാഗതം ചെയ്തത്. സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെയാണ് എസ്.എഫ്.ഐയുടെ പോസ്റ്റര്‍.

എസ്.എഫ്.ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ‘അധിനിവേശത്തോടും വര്‍ഗീയതയോടും സന്ധിയില്ലാത്ത വിദ്യാര്‍ത്ഥിത്വം, നവാഗതര്‍ക്ക് സ്വാഗതം,’ എന്ന കുറിപ്പോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പകുതി മുറിച്ച തണ്ണിമത്തന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് എസ്.എഫ്.ഐക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കമന്റുകളിലൂടെയാണ് എസ്.എഫ്.ഐയുടെ പോസ്റ്ററിന് പിന്തുണ ലഭിക്കുന്നത്.

ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള അതിര്‍ത്തിതര്‍ക്ക വിഷയത്തില്‍ ചരിത്രബോധമുള്ളവരും ജനാധിപത്യവാദികളുമായ ലോകജനങ്ങള്‍ ഫലസ്തീന്റെ ന്യായമായ ആവശ്യത്തിന് പിന്തുണകൊടുക്കുമെന്ന് ഒരാള്‍ പ്രതികരിച്ചിരുന്നു.

‘അധിനിവേശത്തോട് സന്ധിയില്ലാത്ത പോരാട്ടം സംഘടിപ്പിയ്ക്കണം. വിശാലമായ ലോകത്ത് പാറി നടക്കേണ്ട കുരുന്നുകളെ കൊന്നൊടുക്കുന്ന ഇസ്രഈലിനെതിരെ പോരാട്ടം ശക്തമാക്കണം, മനുഷ്യരാവണം,’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഫലസ്തീനിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ചതും പഴയതുമായ പ്രതീകമാണ് തണ്ണിമത്തന്‍. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങള്‍ ആയതിനാല്‍ തന്നെ തണ്ണിമത്തന്‍ ഫലസ്തീന്‍ പതാകയേയും വ്യക്തിത്വത്തെയും ഇസ്രഈല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങളെയും പ്രതിനിധീകരിക്കുന്നു.

അതേസമയം സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വലിയ മാറ്റങ്ങളോട് കൂടിയ പാഠപുസ്തകങ്ങളും ഈ അധ്യയനവര്‍ഷത്തില്‍ ശ്രദ്ധേയമാണ്.

Content Highlight: SFI welcomed newcomers with slice of watermelon

We use cookies to give you the best possible experience. Learn more