ഗസയ്ക്ക് ഐക്യദാര്‍ഢ്യം; മൊറോക്കോയില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി
World News
ഗസയ്ക്ക് ഐക്യദാര്‍ഢ്യം; മൊറോക്കോയില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 9:19 pm

റബത്ത്: ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൊറോക്കോയില്‍ ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്. കാസബ്ലാങ്കയില്‍ നടന്ന മാര്‍ച്ചില്‍ ഫലസ്തീന്‍ അനുകൂലികള്‍ ഇസ്രഈലിനെതിരെയും നെതന്യാഹു സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കിയത്.

ഇന്നലെ (ഞായറാഴ്ച)യാണ് കാസബ്ലാങ്കയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നത്. ഒക്ടോബര്‍ ആറിനും സമാനമായ പ്രതിഷേധം മൊറോക്കോയില്‍ നടന്നിരുന്നു. നൂറുകണക്കിന് ആളുകളാണ് ഒക്ടോബറിൽ മൊറോക്കന്‍ തെരുവുകളില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ ഫലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണ തുടരുമെന്ന്  പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് മൊറോക്കോയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ജെറുസലേമിലെ അല്‍ അഖ്സ മസ്ജിദിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ബാനറുകളും മൊറോക്കന്‍ പതാകകളും ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ഇസ്രഈലി ഭരണകൂടം ഗസയില്‍ വിതച്ച നാശം വ്യക്തമാക്കുന്ന ചിത്രങ്ങളും പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ ഉയര്‍ത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച മൊറോക്കോയിലെ 48 നഗരങ്ങളിലായി 105 പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. മൊറോക്കന്‍ കമ്മീഷന്‍ ഫോര്‍ അഡ്വക്കേറ്റിങ് ദി നേഷന്‍സ് കോസസ് ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നത്.

ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഗസയിലെ വംശഹത്യ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര കോടതികള്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധക്കാര്‍ ആഹ്ലാദിക്കുകയും ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ 44,466 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 105,358 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രമായി 37 ഫലസ്തീനികള്‍ ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 108 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

വടക്കന്‍ ഗസയില്‍ തുടര്‍ന്ന ഉപരോധത്തിനിടെ 3700 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 2400ലധികം ആളുകള്‍ കെട്ടിട അവശിഷ്ടങ്ങൾ ഇടയിൽ പെടുകയോ കാണാതാകയുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: Solidarity with Gaza; Thousands rally in Morocco