| Sunday, 17th January 2021, 9:08 pm

കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഉദ്ദവും ശരത് പവാറും; റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് സമാനമായി മുംബൈയിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ ഇരുവരും പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജനുവരി 26ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി മുംബൈയിലെത്തും. തുടര്‍ന്ന് രാജ്ഭവനിലേക്ക് റാലി നടത്തുമെന്നും കാര്‍ഷിക നിയമം പിന്‍ലിക്കാന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കര്‍ണ്ണാടകയിലും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രതിഷേധം ശക്തമാകുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്രതിഷേധവുമായി കര്‍ണ്ണാടകയിലെ കര്‍ഷകര്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.

പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം.

അതേസമയം രാജ്യത്തെ കര്‍ഷക പ്രക്ഷോഭം 53-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Solidarity With Farmers Says Udhav Thackeray And Saradh Pawar

Latest Stories

We use cookies to give you the best possible experience. Learn more