കോഴിക്കോട്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും മറ്റവകാശങ്ങളും റദ്ദാക്കിയ മോദിസര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തിലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക മേഖലയില്‍ നിന്നുള്ളവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കേന്ദ്ര നടപടി ജനാധിപത്യ വിരുദ്ധമാണെന്നും എല്ലാ ജനാധിപത്യ മര്യാദകളും പൗരാവകാശങ്ങളും കാറ്റില്‍ പറത്തുന്നതാണെന്നും അവര്‍ ആരോപിച്ചു.
എഴുത്തുകാരും ചിന്തകരുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കെ. വേണു, സണ്ണി എം. കപിക്കാട്, സിവിക് ചന്ദ്രന്‍, കവിയും ചലച്ചിത്രകാരന്മാരായ അന്‍വര്‍ അലി, കെ.പി ശശി, സാമൂഹ്യപ്രവര്‍ത്തകരായ സി.ആര്‍ നീലകണ്ഠന്‍, ഡോ. ആസാദ്, കെ. സഹദേവന്‍, ജോണ്‍ പെരുവന്താനം, ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ, ദളിത് ആക്ടിവിസ്റ്റ് ഡോ. രേഖാ രാജ്, തുടങ്ങിയവരാണ് പ്രസ്താവന പുറത്തിറക്കിയത്.
പ്രസ്താവനയില്‍ പറയുന്നതിങ്ങനെ- ‘കശ്മീര്‍ ജനതയുടെ സര്‍വസ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്ന തരത്തില്‍ സൈന്യത്തെ വിന്യസിച്ച്, അവരുടെ വീടുകളും തെരുവുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി, അവരുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങളെ വീട്ടു തടങ്കലിലാക്കി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിശ്ചലമാക്കി അവരുടെ ജീവനും സ്വാതന്ത്ര്യവും അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണ്.
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദവും അതുമായി ബന്ധപ്പെട്ട മറ്റവകാശങ്ങളും റദ്ദാക്കുന്നതിലൂടെ ജമ്മു-കശ്മീര്‍ ജനതയോട് ഇന്ത്യ കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വിശ്വാസവഞ്ചനയെ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളായ ഞങ്ങള്‍ അതിശക്തമായി അപലപിക്കുന്നു.
ഒപ്പം കാശ്മീരിനെ വെട്ടി മുറിക്കുകയും ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ച് കേന്ദ്രഭരണത്തിനു കീഴിലാക്കിയ നടപടിയിലും ഞങ്ങള്‍ പ്രതിഷേധിക്കുന്നു.
ജമ്മു-കശ്മീര്‍ ജനതയുടെ ജീവിതത്തിന്റെയും ഭൂമിയുടെയും ഏറ്റവും വലിയ അവകാശികള്‍ ആ ജനത തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370 എന്നത് താല്‍ക്കാലികമായ ഒരു പ്രൊവിഷനല്ല’ എന്ന് 2017ല്‍ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജമ്മു-കശ്മീര്‍ പുനസംഘടന ബില്‍ – 2019 ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല അധാര്‍മ്മികവും പരിപൂര്‍ണ്ണമായും നിയമവിരുദ്ധവുമാണ്.
ആയതിനാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജമ്മു- കാശ്മീര്‍ ജനതയ്ക്കും ജീവിതങ്ങള്‍ക്കും നേരെ ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന മുഴുവന്‍ മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്നും സിവില്‍ സമൂഹത്തിന്റെയും രാഷ്ട്രീയ നേതാക്കളുടെയും മേലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഉടനടി എടുത്തുമാറ്റണമെന്നും മുഴുവന്‍ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളും മൊബൈല്‍ – ടെലിഫോണ്‍ സൗകര്യങ്ങളും ഇന്റര്‍നെറ്റും പുനസ്ഥാപിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ജമ്മു-കശ്മീര്‍ ജനതയുടെ സമ്മതമില്ലാതെ ആ പ്രദേശത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു നടപടിപോലും സ്വീകരിക്കാന്‍ പാടില്ലെന്നു ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രത്യേകാധികാരങ്ങളോടെ ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളെ എത്രയും വേഗം പിന്‍വലിക്കണമെന്നും ജമ്മു കശ്മീര്‍ ജനതയ്ക്കു നേരെ സൈന്യം നടത്തുന്ന മനുഷാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കശ്മീര്‍ ജനത ഉയര്‍ത്തുന്ന പ്രതിരോധസമരങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന തൊഴിലെടുക്കുന്ന, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന കാശ്മീര്‍ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടുമൊപ്പം നിലകൊള്ളണമെന്നും സമൂഹത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളായ മനുഷ്യരോടും രാഷ്ട്രീയപാര്‍ട്ടികളോടും ട്രേഡുയൂണിയനുകളോടും വിദ്യാര്‍ത്ഥി സംഘടനകളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കശ്മീര്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം….
അഭിവാദ്യങ്ങള്‍….’