|

ആദിവാസികളില്‍ നിന്നും അപഹരിക്കപ്പെട്ട അവകാശങ്ങള്‍ തിരികെ നല്‍കണം; കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

nilp-samaram-aikyadardyam

കെ.ഇ.എന്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വത്സന്‍ മാത്യൂ


കോഴിക്കോട്: ആദിവാസികളുടെ അപഹരിക്കപ്പെട്ട അവകാശങ്ങള്‍ തിരികെ നല്‍കണമെന്നും നില്‍പ്പ് സമരത്തിന് ഐക്യപ്പെട്ടുകൊണ്ട് കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യ നിര കടന്നുവരണമെന്നും കെ.ഇ.എന്‍. തിരുവനന്തപുരത്ത് നടക്കുന്ന നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് എസ്.കെ സ്‌ക്വയറില്‍ നടന്ന “കൂടെ നില്‍ക്കാന്‍ ഞങ്ങളുമുണ്ട്” എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ഇത് ആദ്യമായാണ് കെ.ഇ.എന്‍ ആദിവാസികളുടെ നില്‍പ്പ് സമരത്തെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തുന്നത്. സി.പി.ഐ.എം നില്‍പ്പ് സമരത്തോട് ഇപ്പോഴും പ്രതികൂല സമീപനം സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സമരത്തോടുള്ള കെ.ഇ.എന്‍-ന്റെ പരസ്യ നിലപാട് രാഷ്ട്രീയമായ വഴിത്തിരിവാകും.

ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതുവരെ “ഐക്യകേരളമെന്നത് ഒരു ആഢംബര പരികല്‍പ്പനയായി” പരിമിതപ്പെടുമെന്നും അതുകൊണ്ട് ഐക്യകേരളത്തെ പറ്റിയുള്ള പുനരന്വേഷണത്തിന് പൊതു സമൂഹത്തെ നിര്‍ബന്ധിക്കുന്ന ഒരു സമരമാണ് നില്‍പ്പ് സമരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷഹബാസ് അമന്റെ ഐക്യദാര്‍ഢ്യം. ഫോട്ടോ: വത്സന്‍ മാത്യൂ


“ഇത് ആദിവാസികളുടെ മാത്രം ഒരു സ്വകാര്യ സമരമല്ല. മറിച്ച് മുഴുവന്‍ ജനതയുടെയും ഒരു ജനാധിപത്യ സമരമാണ്. കാരണം പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി തീരുന്ന ഒരു ജനത, ഇന്ത്യയുടെയും കേരളത്തിന്റെയും പുരോഗതിയുടെ ആനുപാതികമായ ഫലം വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുമ്പോള്‍ ആനുപാതികമായ ഫലം അനുഭവിക്കാതെ പോകുന്ന ഒരു ജനത എന്ന അര്‍ത്ഥത്തിലാണ് ഇന്നും ജനാധിപത്യ കാഴ്ച്ചപ്പാടു പുലര്‍ത്തുന്ന മനുഷ്യര്‍ക്കു മുമ്പില്‍ ഈ അടിസ്ഥാന ജനവിഭാഗം നിലകൊണ്ടിരിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികളോടുള്ള അധിനിവേശം പൊതുസമൂഹം നിര്‍ത്തണമെന്നും അവരുടെ നിലപ്പ് ഇന്ന് തുടങ്ങിയതല്ലെന്നും എന്നോ തുടങ്ങിയ നില്‍പ്പിന്റെ പ്രതീകാത്മക നില്‍പ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവരെ എന്നെന്നും നില്‍പ്പിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കില്‍ ജനാധിപത്യസമൂഹം അത് ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.പി. രാജീവന്‍ സംസാരിക്കുന്നു. ഫോട്ടോ: വത്സന്‍ മാത്യൂ


അതേസമയം നില്‍പ്പ് സമരവും അതിനോടുള്ള ഐക്യാദാര്‍ഢ്യ പരിപാടികള്‍ കേരളത്തില്‍ അലയടിക്കുന്നതും കാണിക്കുന്നത് കേരളത്തില്‍ ശക്തമായ പുതിയ സമരമുറകള്‍ തുറന്നുവരുന്നതിന്റെ പ്രകടമായ സൂചനയാണെന്നും അത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നും ഡോ. ആസാദ് വ്യക്തമാക്കി. ഐക്യദാര്‍ഢ്യ പരിപാടിയില്‍ അദ്ധ്യഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധിക്കപ്പെട്ടു. മാനാഞ്ചിറ എല്‍.ഐ.സി കോര്‍ണറില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ വന്‍ ജനാവലിയായിരുന്നു. യുവാക്കളായിരുന്നു പരിപാടിയില്‍  കൂടുതലും പങ്കെടുത്തത്. കൂടുതല്‍ ആള്‍ക്കാരും സ്വമേധയാ പരിപാടിയില്‍ എത്തിച്ചേരുകയായിരുന്നു എന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.

ഷാജി കല്ലായി ഡ്രംസ് വായിച്ച് ഐക്യപ്പെടുന്നു. ഫോട്ടോ: വത്സന്‍ മാത്യൂ


ഐക്യദാര്‍ഢ്യപരിപാടിയില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ  ഷഹബാസ് അമന്‍, നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ. പൗരന്‍ എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയില്‍ ശ്രദ്ധേയമായി. ഷഹബാസ് അമന്‍ നില്‍പ്പ് സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് ഗാനാലാപനം നടത്തി.

ഐക്യാദാര്‍ഢ്യ പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ച് ഐക്യപ്പെട്ടു. അജയന്‍ കാരാടി, സാന്ദ്ര സത്യന്‍, മജ്‌നി തിരുവങ്ങൂര്‍, ശ്രീധരന്‍ പൂക്കാട്, ജെയിന്‍ ബിലാത്തിക്കുളം ദിലീപ് ബാലന്‍ കല്ലായി എന്നിവരാണ് ചിത്രംവരച്ച് ഐക്യപ്പെട്ടത്. ഒപ്പം ഷാജി കല്ലായിയുടെ ഡ്രംസ് വായനയും പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടു.

പരിപാടിയില്‍ കെ.ഇ.എന്‍-ഉം ആസാദും


[]പരിപാടിയില്‍ ദീദി ദാമോദരന്‍, പി. വാസു, സിവിക് ചന്ദ്രന്‍, അഡ്വ. കുമാരന്‍കുട്ടി, കെ.എസ്. ബിമല്‍, അനില്‍കുമാര്‍ തിരുവോത്ത്, വില്‍സണ്‍ സാമുവല്‍, വിജയരാഘവന്‍ ചേലിയ, എം.എ. ഖയ്യൂം, എം. ജിഷ, കൃഷ്ണദാസി, നാസര്‍, ദീപക് നാരായണന്‍, പി.ടി. ഹരിദാസ്, പി.എം.എ. ഹനീഫ്, കെ.പി. വിജയകുമാര്‍, പി.വിജി, അബ്ദുല്‍ ഖാദര്‍ പൂക്കാട്, ബൈജു മേരിക്കുന്ന്, സനീഷ് പനങ്ങാട്, മുഹമ്മദ് സുഹൈല്‍, കെ.പി. ലിജുകുമാര്‍, സാദിഖ് പി.കെ., ഫാസില എ.കെ., സുദീപ് കെ.എസ്., റഷീദ് മക്കട, ഷഫീക്ക് എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം നില്‍പ്പ് സമരത്തെ പൊതുജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്‌. ഇന്ന് കോഴിക്കോടിനു പുറമേ കണ്ണൂരും എറണാകുളത്തും ഐക്യദാര്‍ഢ്യ പരിപാടികള്‍ നടന്നു. എറണാ കുളത്ത് സിനിമാ പ്രവര്‍ത്തകരുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമായി. സിനിമാ പ്രവര്‍ത്തകരായ ആഷിക് അബു, ഗീതു മോഹമന്‍ദാസ്, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതോടെ സമൂഹത്തില്‍ നില്‍പ്പ് സമരം ശ്രദ്ധേയമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസികളുടെ ഐക്യദാര്‍ഢ്യസമരം രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്തും സമരം ശക്തിപ്പെട്ടുവരുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനോടകം സര്‍ക്കാരുമായും കോണ്‍ഗ്രസ് നേതൃത്വവുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സമരക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.