| Monday, 11th July 2016, 3:44 pm

കാണാതായവരെ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണെന്ന് സോളിഡാരിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ നിന്നും കാണാതായ വരെ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണെന്ന് സോളിഡാരിറ്റി. കേരളത്തിലെ സലഫികള്‍ക്കിടയില്‍ സമീപകാലത്ത് ഉയര്‍ന്നുവന്ന തീവ്ര ആത്മീയ സരണിയിലേക്ക് ആകൃഷ്ടരായി പോയതാണ് ഇവരെന്നും സംശയമുണ്ടെന്നും സോളിഡാരിറ്റി നേതാവ് ടി. ശാക്കിര്‍ വേളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ സലഫി പ്രസ്ഥാനത്തിലുള്ളില്‍ പലതരം ചിന്താധാരകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഒരു വിഭാഗം തീവ്രമായ ആത്മീയ പാത പിന്തുടരുന്നവരാണ്. സംഘടനയിലോ സംഘാടനത്തിലോ ഒന്നും വിശ്വസിക്കാത്തവരാണിവരെന്നും അദ്ദേഹം വിശദീകരിച്ചു.

അവര്‍ ഇസിസില്‍ ചേര്‍ന്നു എന്ന് ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ സംഭവങ്ങളുടെ പേരില്‍ മുസ്‌ലിം സംഘടനകളെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നത് ശരിയല്ല.

ഈ സാഹചര്യം മുതലെടുത്ത് മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിനാല്‍ മുസ്‌ലിം സംഘടനകളുടെ സ്ഥാപനങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.

കാണാതായവരില്‍ ഒരാള്‍ ജോലി ചെയ്തു എന്നതിന്റെ പേരില്‍ തിരുവള്ളൂരിലെ അക്യൂറ ക്ലിനിക്കിന്റെ സഹോദര സ്ഥാപനമായ മെഡിക്കല്‍ ഷോപ്പിനു നേരെ സംഘപരിവാര്‍ ആക്രമണം നടന്നു. കൂടാതെ കാണാതായ ഒരാള്‍ക്ക് എം.എം അക്ബര്‍ നടത്തുന്ന പീസ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നു എന്നതിന്റെ പേരില്‍ പീസ് സ്‌കൂളുകള്‍ക്കുനേരെ മാര്‍ച്ചു നടക്കുന്നു. ഇതെല്ലാം സംഘപരിവാര്‍ മുതലെടുപ്പിന്റെ ഭാഗമാണ്.

സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒരു സന്ദര്‍ഭത്തെ ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

താടി വെക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. മുസ്‌ലിം മതപ്രകാരം താടി വെക്കുന്നത് മേന്മയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് അതേ വിശ്വാസത്തോടെ താടി വെക്കാന്‍ കഴിയണം. സൗന്ദര്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ താടിവെക്കുന്നവര്‍ക്ക് അതേ വിശ്വാസത്തോടെ താടിവെക്കാന്‍ കഴിയണം. താടി വേണ്ടെന്ന പക്ഷക്കാര്‍ക്ക് അതു വേണ്ടെന്നു വയ്ക്കാനും കഴിയണം. അല്ലാതെ താടിയെ പ്രതീക വത്കരിച്ച് ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അടയാളമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസിസിനു പിന്നില്‍ ഏറെ ദുരുഹതയുണ്ട്. അത് സാമ്രാജ്യത്വ സൃഷ്ടിയാണെന്നും അതല്ല ഇസ്രഈലിന്റെ സൃഷ്ടിയാണെന്നും ആരോപണമുണ്ട്. അത് എ്തു തന്നെയായാലും ഇസിസിന്റെ ലക്ഷ്യവും മാര്‍ഗവും ശൈലിയുമൊന്നും ഇസ് ലാമികമല്ലെന്നാണ് സോളിഡാരിറ്റിയുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായവരെ സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. നിജസ്ഥിതി പുറത്തുവരുന്നതുവരെ മാധ്യമ വിചാരണ അവസാനിപ്പിക്കണം. വര്‍ഗീയ ധ്രുവീകരണത്തിനു മാധ്യമവിചാരണ വഴിവെക്കുമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ യത്തീംഖാന വിവാദത്തിലും ലവ് ജിഹാദ് വിവാദത്തിലും മാധ്യമവിചാരണയാണ് നടന്നത്. ഇത് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നതിന് കാരണമായി.

We use cookies to give you the best possible experience. Learn more