മത്സരത്തിനായി സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്ന സമയം മുതല്‍ ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയില്‍ പൊതുജനങ്ങള്‍ ഇസ്രഈലിന്റെ അധിനിവേശത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബാനറുകളും പോസ്റ്ററുകളൂം ഉയര്‍ത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ കാണികള്‍ സ്വാതന്ത്ര ഫലസ്തീന്‍ എന്നെഴുതിയ വസ്ത്രങ്ങളും കെഫിയകളും ധരിച്ചാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റേഡിയത്തിന് പുറത്തായി കാണികള്‍ അനൗദ്യോഗികമായ എന്നാല്‍ പ്രശസ്തവുമായ ഫലസ്തീനിയന് ഗാനം ആലപിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കണികളുടെ ഐക്യദാര്‍ഢ്യം നേരിട്ട് കാണുമ്പോള്‍ അത് ഗസയിലെ തങ്ങളുടെ സഹോദരിമാര്‍ക്ക് ഒരു വൈകാരിക രാത്രിയെ സമ്മാനിക്കുന്നുവെന്ന് ഖത്തറില്‍ താമസിക്കുന്ന ഫലസ്തീന്‍ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഇവിടെ ഞങ്ങള്‍ കണ്ട പിന്തുണ ഫലസ്തീന്‍ ജനതയെ ലോകം അംഗീകരിക്കുന്നുവെന്ന സത്യത്തെ മനസിലാക്കി തന്നു,’ കുടുംബാംഗങ്ങളുടെ വാക്കുകള്‍. തങ്ങള്‍ക്ക് ഇതുവരെ മാതൃരാജ്യത്തേക്ക് പോവാന്‍ കഴിഞ്ഞിട്ടില്ലെന്നും താമസിക്കുന്ന ഇടങ്ങള്‍ ഒന്നും സ്വന്തമാണെന്ന് കരുതാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ഇറാന് 4-1 എന്ന സ്‌കോര്‍ലൈനില്‍ വിജയിച്ചെങ്കിലും കാണികളുടെ മനസ് കീഴടക്കിയത് നിരന്തരമായി പോരോടിക്കൊണ്ടിരിക്കുന്ന ഫലസ്തീനിയൻ ജനതയുടെ അതിജീവനമാണ്.
Content Highlight: Solidarity for the Palestinian people at the opening match of the AFC Asian Cup